You are Here : Home / USA News

മലയാള സിനിമയും വൈതരണികളും

Text Size  

Story Dated: Thursday, July 25, 2013 11:31 hrs UTC

അമ്മെ, എങ്ങനാമ്മെ കുഞ്ഞുണ്ടാവുന്നെ? ബാല്യത്തില്‍ നമ്മളില്‍ പലരും ചോദിച്ചിരിക്കാനിടയുള്ള കൗതുകകരമായ ഒരു ചോദ്യം. കുഞ്ഞിന്റെ ജിജ്ഞാസ നിറഞ്ഞ ഈ ചോദ്യത്തിന് അമ്മ വളരെ വിദഗ്ധമായി മറുപടി തരും. ക്രിസ്മസ്‌രാവില്‍ ക്രിസ്മസ് അപ്പൂപ്പന്‍ സമ്മാനപ്പൊതികളുമായി വരുമെന്ന് പറയുന്നതുപോലെ ഒരു കൊച്ചുകള്ളം. കുഞ്ഞിനോട് അങ്ങനെ പറയാനെ അമ്മയ്ക്ക് സാധിക്കു. എന്നാല്‍ ബാല്യം കടന്ന് കൗമാരമെത്തുന്നതോടെ നമ്മള്‍ സത്യം മനസ്സിലാക്കും. പൊതുവിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്ന അടിസ്ഥാന അറിവുകളില്‍പ്പെടുന്നതായ്കകൊണ്ട,് പ്രജനനം, ജനനം, മരണം തുടങ്ങിയ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ കൗമാരപ്രായത്തിലെത്തിയവര്‍ക്ക് ഗ്രഹിക്കാവുന്ന സാമാന്യകാര്യങ്ങളാണ്. പ്രത്യേകിച്ച്, വര്‍ത്തമാനകാലത്തെ ബഹുജനസമ്പര്‍ക്കമാധ്യമങ്ങളുടെ പ്രവാഹത്തില്‍. താജ്മഹല്‍ ആരാണ് ആദ്യം കണ്ടത് എന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം? അത് രൂപകല്പന ചെയ്തുനിര്‍മ്മിച്ച ശില്പി അയാളുടെ ഭാവനയിലാണ് താജ്മഹല്‍ ആദ്യം കണ്ടതെന്ന് ഏതൊരാള്‍ക്കും അറിയാം. സംവിധായകന്‍ തന്റെ ഭാവനയില്‍ മെനഞ്ഞെടുത്ത അതേ കലാചാരുതയോടെ, ദൃശ്യഭംഗിയോടെയാണ് പ്രേക്ഷകന്‍ സിനിമ വെള്ളിത്തിരയില്‍ കാണുന്നത്. സാങ്കേതികപ്പിഴവ് വരാം.

 

 

എനിക്കൊരു സ്വപ്‌നമുണ്ട് എന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പറഞ്ഞതുപോലെ തന്റെ ഭാവനയില്‍ മാതൃത്വം വിഷയമാക്കി ഒരു സിനിമയുണ്ടെന്ന് ബ്ലസി തന്റെ ഭാവിസിനിമാപദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോഴേക്കും ആക്രോശങ്ങളുടെ പ്രവാഹമായിരുന്നു. കഥയെയും, അതിന്റെ ആഖ്യാനപ്രക്രിയയുടെ സൂക്ഷ്മതലങ്ങളെയും വളരെ മികവോടെയും വൈകാരിക തീവ്രതയോടെയും അവതരിപ്പിക്കുവാന്‍ കഴിവുള്ള സംവിധായകനെന്ന് ഉത്തരേന്ത്യന്‍ ചലച്ചിത്രനിരൂപകരുടെപോലും പ്രശംസ പിടിച്ചുപറ്റിയ സംവിധായകന്‍ ബ്ലസിയാണ് ഇവിടെ കുറ്റാരോപിതന്‍. ഗര്‍ഭിണിയായ സ്ത്രീ തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ ഓരോ ഹൃദയമിടിപ്പും അനുഭവിച്ചറിയുന്നവളാണ്. ഒരു ശരീരവും രണ്ടു ആത്മാക്കളുമായി, കുഞ്ഞിന്റെ സങ്കടവും, ആഹ്ലാദവുമെല്ലാം ആ അമ്മ അറിയുന്നു. സംവിധായകന്റെ ഭാവനയില്‍ എത്ര പവിത്രമായിട്ടായിരിക്കണം ആ മുഹൂര്‍ത്തങ്ങള്‍ക്ക് രൂപഭംഗി ചാര്‍ത്തിയിരിക്കുന്നത്. ഒരു പക്ഷെ സംവിധായകനുപോലും സങ്കല്പിക്കാന്‍ കഴിയാത്തത്ര വൈകാരികവേലിയേറ്റങ്ങള്‍ അനുഭവിക്കുന്നുണ്ടാവും കുഞ്ഞിന് ജന്‍മം കൊടുക്കുന്ന അമ്മ. തന്റെ ശരീരത്തിന്റെ ഭാഗമായി വളര്‍ന്ന് ലോകത്തിന്റെ വെളിച്ചത്തിലേക്ക് പിറന്നു വീഴുന്ന ആ നിമിഷത്തില്‍ കുഞ്ഞിന്റെ കണ്ണിലെ ചൈതന്യം തുടിക്കുന്ന ആ തിളക്കം, അത് ഒരു അമ്മയ്ക്ക് നല്‍കുന്ന അനുപമമായ നിര്‍വൃതിയുടെയും, അതിരറ്റ ആഹഌദത്തിന്റെയും അനിര്‍വ്വചനീയമായ നിമിഷങ്ങള്‍, ഇതായിരിക്കാം ബ്ലസിയുടെ സ്വപ്നം.

 

 

 

 

 

 

 

സംവിധായകന്റെ ഭാവനയില്‍ മാത്രമുള്ള ഒരു സിനിമ, അതിന്റെ ഗര്‍ഭാവസ്ഥയില്‍ വികാസം പ്രാപിച്ചു വരുന്ന ഒരു കഥയെയും, കഥാസന്ദര്‍ഭങ്ങളെയും അശ്ലീലമെന്നു മുദ്ര കുത്താന്‍ മലയാളി വെമ്പുന്നതു കാണുമ്പോള്‍ മൂക്കത്തു വിരല്‍ വച്ചുപോവില്ലെ സാമാന്യബുദ്ധിയുള്ളവരെ! കേരളത്തിലെ നിയമസഭാസ്പീക്കര്‍, മഹിളാസംഘടന പ്രവര്‍ത്തകര്‍ തുടങ്ങി പലതലങ്ങളില്‍പ്പെട്ട പ്രശസ്തരുടെ ഒരു നിരയാണ് അടുത്തകാലത്ത് ബ്ലെസ്സിയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. അന്ന് സ്പീക്കര്‍ പറഞ്ഞത് ഇത് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ മനുഷ്യാവകാശപ്രശ്‌നമാണെന്നാണ്. ജീവിച്ചിരിക്കുന്ന എത്രപേരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഈ അധികാരികള്‍ക്ക് കഴിയുന്നുണ്ട്? ഇവിടെ സിനിമ നിര്‍മ്മിക്കപ്പെട്ടിട്ടില്ല, എനിക്കൊരു സ്വപ്‌നമുണ്ടെന്ന് പറഞ്ഞതേയുള്ളു. അപ്പോഴേക്കും സ്ത്രീത്വം സംരക്ഷിക്കാന്‍ നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന മഹിളാസംഘടനകള്‍ കൊടിയുയര്‍ത്തി. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ അധികാരികള്‍ വാളെടുത്തു. താത്വികമായും, യുക്തിപരമായും ചിന്തിച്ചാല്‍ ഒരു കലാകാരന്റെ ആത്മാവിഷ്‌ക്കാര സ്വാതന്ത്ര്യം വിലക്കാന്‍ മറ്റാര്‍ക്കാണ് അവകാശം? കലാകാരന്‍ ഇടപെടുന്നത് തീവ്രവാദപ്രവര്‍ത്തനത്തിലൊ, ദേശവിരുദ്ധകുറ്റകൃത്യങ്ങളിലൊ അല്ലല്ലൊ. മേല്പ്പറഞ്ഞ വിരുദ്ധനിലപാടുകളും, അന്ധമായ ജല്പ്പനങ്ങളും നല്ല സിനിമയെ വളരാന്‍ സഹായിക്കില്ല, പകരം പിന്നോട്ടടിക്കും എന്നതില്‍ സംശയമില്ല.

 

 

 

 

 

പരിഷ്‌കൃതരാജ്യങ്ങളില്‍ നിലവിലില്ലാത്ത സിനിമാസെന്‍സറിംഗ് എന്ന ഏര്‍പ്പാടാണ് ഇന്ത്യയില്‍ നല്ല സിനിമയെ പിന്നോക്കം നിര്‍ത്തുന്ന മറ്റൊരു വൈതരണി. ഒരു ചിത്രകാരന്‍ ചിത്രം വരയ്ക്കുന്നുവെന്ന് സങ്കല്പ്പിക്കുക. ഭരണകൂടം നിശ്ചയിച്ച കമ്മറ്റി അത് കണ്ടിട്ട് ഒരു കമ്മിറ്റി അംഗം നിശ്ചയിക്കുന്നു, ചിത്രത്തിലെ കഥാപാത്രത്തിന്റെ മൂക്കിന് നീളം കൂടിപ്പോയി. ഇക്കാരണത്താല്‍ ആ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുന്നു. അതായത് അധികാരി കണ്ടെത്തിയ പോരായ്മ പരിഹരിക്കാതെ ആരും ആ ചിത്രം കാണാന്‍ പാടില്ല. അഥവാ ഇനി ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ കമ്മറ്റി നിര്‍ദ്ദേശിക്കുംവിധം മൂക്കിന്റെ അഗ്രം മായ്ചു്കളയണം. ഇവിടെ ചിത്രകാരന്റെ ഭാവനാവിലാസങ്ങള്‍ക്കൊ പ്രേക്ഷകന്റെ ആസ്വാദനാഭിരുചികള്‍ക്കൊ ഒരു സ്ഥാനവുമില്ല. ഇതുപോലെയാണ് ഇന്ത്യയില്‍ സിനിമ സെന്‍സര്‍ ചെയ്ത് അതിലെ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന സെന്‍സറിംഗ്കമ്മിറ്റിയുടെ പ്രവര്‍ത്തനരീതി. സെന്‍സറിംഗ് എന്ന പേരിലുള്ള സര്‍ക്കാരിന്റെ ഇത്തരം നടപടിയെ ഒരു കലാകാരന്റെ ആത്മപ്രകാശനത്തിന്മേലുള്ള കുറ്റകരമായ കടന്നുകയറ്റമായി വേണം തിരിച്ചറിയേണ്ടത്. സിനിമയെ അതിന്റെ സ്വഭാവം അനുസരിച്ച് തരംതിരിക്കാം. അങ്ങനെയാവുമ്പോള്‍ പ്രത്യേകതരത്തില്‍പ്പെട്ട സിനിമ പ്രേക്ഷകന് കാണാം, അഥവാ കാണാതിരിക്കാം. മിഠായി മോഷ്ടിക്കുന്ന കൊച്ചു കുട്ടിയുടെ കൈപ്പത്തി ഛേദിക്കണം എന്ന് അനുശാസിക്കുന്ന കടുത്ത മതനിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളെപ്പോലും നാണിപ്പിക്കുന്നതാണ് ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ചില സിനിമാസെന്‍സറിംഗ് നിയമങ്ങള്‍.

 

 

 

 

 

 

 

 

ഇത് പണവും, സ്വാധീനവും അനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കുമെന്നുള്ളത് എല്ലാവര്‍ക്കുമറിയാവുന്ന അലിഖിത നിയമവും. ഇന്ത്യന്‍ സെന്‍സര്‍ബോര്‍ഡിന്റെ അവാര്‍ഡ് നിര്‍ണ്ണയപ്രക്രിയയില്‍ എല്ലാ അംഗങ്ങളും മല്‍സരത്തിനെത്തുന്ന എല്ലാ സിനിമകളും കാണേണ്ടതില്ല എന്ന വിചിത്രമായ സത്യം വേറെ. ഇതിനുംപുറമെ, സിനിമാഭിനേതാക്കളുടെയും, നിര്‍മ്മാതാക്കളുടെയും, സാങ്കേതിക പ്രവര്‍ത്തകരുടെയും, വിതരണക്കാരുടെയും സംഘടനകള്‍ വ്യക്തിതാല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി നടത്തുന്ന നീക്കങ്ങളും സിനിമയുടെ സമഗ്രമായ വളര്‍ച്ചക്ക് വിഘാതം സൃഷ്ടിക്കുന്നു. നിര്‍മ്മിതിയുടെ അവസാനഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 'കളിമണ്ണ്' പ്രദര്‍ശന സജ്ജമാകുന്നതും കാത്ത് ലോകത്തിന്റെ എല്ലാ കോണുകളിലും കലാസ്‌നേഹികളായ മലയാളികള്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ യൂട്യൂബില്‍ കാണാവുന്ന കളിമണ്ണിലെ ഗാനങ്ങള്‍ അപ്‌ലോഡ് ചെയ്ത് ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ അത് കണ്ടത് ഏഴരലക്ഷത്തിലധികം പ്രേക്ഷകരാണ്. മറ്റൊരു മലയാളസിനിമയ്ക്കും കിട്ടാത്ത സ്വീകാര്യതയാണ് ഈ റിക്കോര്‍ഡ് സൂചിപ്പിക്കുന്നത്. പ്രതിഭാശാലിയായ ബ്ലസിയുടെ ശില്പവൈദഗ്ധ്യത്തില്‍ കാഴ്ചയും, തന്‍മാത്രയും, പളുങ്കും, കല്‍ക്കട്ടാന്യൂസും, ഭ്രമരവും, പ്രണയവും പോലെ, 'കളിമണ്ണും' ആസ്വാദനത്തിന്റെ അനിര്‍വ്വചനീയമായ മാസ്മരികതയില്‍ പ്രേക്ഷക മനസ്സുകളെ ഉന്‍മത്തരാക്കുമെന്ന് പ്രതീക്ഷിക്കാം. കലാകാരന്റെ ആത്മാവാകുന്ന മൂശയുടെ കനല്‍ചൂടില്‍ വാര്‍ത്തെടുത്ത ഒരു പുതിയ ചലച്ചിത്രാനുഭവത്തിനായി കാത്തിരിക്കാം.

    Comments

    american mallu July 25, 2013 11:45

    Very good writing. Language skill.


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.