You are Here : Home / USA News

സന്യാസ വ്രത ജൂബിലി നിറവില്‍ ഫാ. അബ്രഹാം കരോട്ടിന്‌ ഡോക്‌ടറേറ്റ്‌ ബിരുദം

Text Size  

Story Dated: Thursday, July 25, 2013 09:40 hrs UTC

ജോജോ തോമസ്‌ ന്യൂയോര്‍ക്ക്‌: കേരളത്തില്‍ എം.സി.ബി.എസ്‌ സഭാംഗവും അമേരിക്കയില്‍ പൊഗ്‌കിപ്‌സി സെന്റ്‌ മാര്‍ട്ടിന്‍ ഡി പോറസ്‌ പള്ളിയില്‍ അസിസ്റ്റന്റ്‌ വികാരിയുമായി സേവനം അനുഷ്‌ഠിക്കുന്ന ഫാ. അബ്രഹാം കരോട്ടിന്‌ ഡോക്‌ടറേറ്റ്‌ ബിരുദം ലഭിച്ചു. തലശേരി ചെമ്പന്‍തൊട്ടി സെന്റ്‌ ജോര്‍ജ്‌ ഹൈസ്‌കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിലോസഫിയില്‍ ബിരുദം നേടി, കോട്ടയം ഓറിയെന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ റിലീജിയസ്‌ സ്റ്റഡീസില്‍ നിന്നും തിയോളജിയില്‍ ബിരുദവും ന്യൂയോര്‍ക്കിലെ ഫോര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ നിന്നും റിലീജിയസ്‌ എഡ്യൂക്കേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടിയതിനുശേഷമാണ്‌ ഫാ. അബ്രഹാം കരോട്ട്‌ ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ഫോര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്‌ടര്‍ ഓഫ്‌ ഫിലോസഫി ഇന്‍ റിലീജിയസ്‌ എഡ്യൂക്കേഷനില്‍ ഡോക്‌ടറേറ്റ്‌ ബിരുദം നേടിയത്‌. അമേരിക്കയിലെ സീറോ മലബാര്‍ സഭാംഗങ്ങളായ യുവജനങ്ങള്‍ വിശ്വാസ രൂപീകരണത്തില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്‌ നടത്തിയ പഠനത്തിനാണ്‌ കരോട്ടച്ചന്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചത്‌. ചെറുപ്പത്തില്‍ത്തന്നെ സ്വായത്തമാക്കിയ അശ്രാന്തപരിശ്രമവും, ദൈവപരിപാലനയില്‍ അടിയുറച്ച വിശ്വാസവും, പ്രേക്ഷിതചൈതന്യത്തില്‍ ആഴ്‌ന്നിറങ്ങിയുള്ള ജീവിതശൈലിയും കൈമുതലാക്കിയ ഫാ. അബ്രഹാം കരോട്ട്‌ തലശേരി രൂപതയില്‍ ചെമ്പന്‍തൊട്ടി ഇടവകാംഗമാണ്‌. സന്യാസ വ്രത ജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച ഈ ജൂബിലി നിറവില്‍ കരോട്ട്‌ അച്ചന്‌ ഡോക്‌ടറേറ്റ്‌ ബിരുദം ലഭിച്ചത്‌ യാദൃശ്ചികമല്ല, ആകസ്‌മികതയുടെ കൂടിച്ചേരലുമല്ല മറിച്ച്‌ ദൈവനിശ്ചയമാണ്‌. സീറോ മലബാര്‍ സഭയുടെ മേലധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും, കോഴിക്കോട്‌ ആസ്ഥാനമായുള്ള എംസിബിഎസ്‌ സിയോണ്‍ പ്രൊവിന്‍ഷ്യാള്‍ ഹൗസില്‍ നിന്നും ഫാ. അബ്രഹാം കരോട്ടിന്‌ അഭിനന്ദന സന്ദേശങ്ങള്‍ ലഭിച്ചു. ആറുവര്‍ഷക്കാലം ലോംഗ്‌ ഐലന്റിലെ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ പള്ളി വികാരിയായി സേവനമനുഷ്‌ഠിച്ച കരോട്ട്‌ അച്ചനെ അഭിനന്ദിക്കാനും ആശംസകള്‍ നേരുവാനും നൂറില്‍പ്പരം ഇടവകാംഗങ്ങള്‍ ജൂണ്‍ രണ്ടിന്‌ പൊഗ്‌കിപ്‌സി സെന്റ്‌ മാര്‍ട്ടിന്‍ ഡി പോറസ്‌ പള്ളിയില്‍ കരോട്ട്‌ അച്ചന്റെ സന്യാസ വ്രത ജൂബിലി ദിവ്യബലിയില്‍ സംബന്ധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.