ഉഴവൂര്‍: വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ആര്‍ജിക്കണമെന്നു ധനമന്ത്രി കെ.എം.മാണി പറഞ്ഞു. സെന്റ് സ്‌റ്റീഫന്‍സ് കോളജില്‍ സുവര്‍ണ ജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍, നാനോ ടെക്‌നോളജി ഉള്‍പ്പെടെയുള്ള നൂതനവിദ്യകള്‍ വിദ്യാര്‍ഥികള്‍ പഠിച്ചാലേ ആധുനിക വെല്ലുവിളികള്‍ നേരിടാനാകൂ. കോടിക്കണക്കിനു വിവരം എളുപ്പത്തില്‍ കരഗതമാകുന്ന കാലമാണിത്. അതിനാല്‍ അറിവിന്റെ വിസ്‌ഫോടനം തേടിപ്പിടിക്കണം. മഹത്തായ സേവനമാണു അരനൂറ്റാണ്ടായി കോളജ് നടത്തുന്നത്. ഉഴവൂരിന്റെ വികസനത്തിന്റെ അടിസ്‌ഥാനം ഈ കോളജാണ്. ലോകത്തിന്റെ മുക്കിലും മൂലയിലും വരെ ഇവിടെ നിന്നുള്ളവരുണ്ട്. അവരെ സജ്‌ജമാക്കി അയച്ചതു കോളജാണ്. കാലത്തിന്റെ പുതിയ വെല്ലുവിളി നേരിട്ടു കൂടുതല്‍ ഉയരങ്ങളില്‍ കോളജ് എത്തട്ടെയെന്നു മാണി പറഞ്ഞു. ജൂബിലി സ്‌മാരക മന്ദിരത്ത് അദ്ദേഹം കല്ലിട്ടു. കോട്ടയം അതിരൂപതാഅധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. പൂര്‍വികരുടെ ആന്തരിക ചൈതന്യവും തീക്ഷ്‌ണതയും കഠിനാധ്വാനവും കൊണ്ടാണ് കോളജ് സ്‌ഥാപിക്കാനായതെന്നും ഇതു മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ വന്‍നേട്ടമുണ്ടാക്കാനാകുമെന്നും ബിഷപ് ഉദ്‌ബോധിപ്പിച്ചു. ഇന്‍ഡോര്‍ സ്‌റ്റേഡിയശില ജോസ് കെ.മാണി എം.പി.അനാവരണം ചെയ്‌തു. എം.ജി.സര്‍വകലാശാല വൈസ്‌ചാന്‍സിലര്‍ ഡോ.എ.വി.ജോര്‍ജ് സന്ദേശം നല്‍കി. മോന്‍സ് ജോസഫ് എം.എല്‍.എ. ആമുഖപ്രഭാഷണം നടത്തി. ജൂബിലി ഫണ്ട്‌സമാഹരണം സാലി ഫ്രാന്‍സീസ് കിഴക്കേക്കുറ്റില്‍ നിന്നു സ്വീകരിച്ച് മാനേജര്‍ ഫാ.അലക്‌സ് ആക്കപ്പറമ്പില്‍ ഉദ്‌ഘാടനം ചെയ്‌തു. ഉഴവൂര്‍ പള്ളി വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.മാത്യു, ഗ്രാമപഞ്ചായത്തു പ്രസിഡന്റ് പി.എല്‍.എബ്രാഹം, അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, സ്‌റ്റുഡന്റസ് കൗസില്‍ സെക്രട്ടറി എഫ്രേം.കെ.ബാബു, എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ഡോ.ഫ്രാന്‍സീസ് സിറിയക്.ഇ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഡോ.മേഴ്‌സി ഫിലിപ്പ് നന്ദിയും പറഞ്ഞു.
Comments