ന്യൂജേഴ്‌സി: ഈസ്റ്റ് മില്‍സ്റ്റോണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ 11 ദിവസം നീണ്ടുനിന്ന ഭക്തിനിര്‍ഭരമായ കര്‍മ്മാദികളോടെ ആഘോഷിച്ചു. തിരുനാളിനൊരുക്കമായുള്ള കുട്ടികളുടെ ബൈബിള്‍ ക്ലാസുകളും, മുതിര്‍ന്നവര്‍ക്കുള്ള കുടുംബ വിശുദ്ധീകരണ ധ്യാനവും നടന്നു. പ്രശസ്‌ത വചന പ്രഘോഷകനായ റവ.ഡോ. ജോസഫ് പാംപ്ലാനിക്കല്‍ മുതിര്‍ന്നവര്‍ക്കുള്ള ധ്യാനത്തിനും, മാര്‍ക്ക് നിമോ കുട്ടികളുടെ ധ്യാനത്തിനും നേതൃത്വം നല്‍കി. ജൂലൈ അഞ്ചിന് വെള്ളിയാഴ്‌ച വൈകുന്നേരം 7.15-ന് കൊടിയേറ്റം നടന്നു. തുടര്‍ന്ന് പതിമൂന്നാം തീയതി വരെ യൂദാശ്ശീഹായുടേയും, അല്‍ഫോന്‍സാമ്മയുടേയും നൊവേനയും, വിശുദ്ധ ദിവ്യബലിയും അര്‍പ്പിക്കപ്പെട്ടു. മുഴുവന്‍ ഇടവകാംഗങ്ങളും കര്‍മ്മാദികളില്‍ സജീവമായി പങ്കെടുത്തു. ജൂലൈ 13-ന് ശനിയാഴ്‌ച ചിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും കുട്ടികള്‍ക്കുള്ള കണ്‍വെന്‍ഷനും നടത്തപ്പെട്ടു. ജൂലൈ 14-ന് ഞായറാഴ്‌ച പ്രധാന തിരുനാള്‍ ദിനത്തില്‍ പുതിയ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. സിറ്റി ഡപ്യൂട്ടി മേയര്‍, കൗണ്‍സില്‍ വുമണ്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. പ്രധാന തിരുനാള്‍ ദിനമായ അന്നേദിവസം ഉച്ചയ്‌ക്ക് 2 മണിക്ക് വേസ്‌പരയും, ആഘോഷമായ പാട്ടുകുര്‍ബാന മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. ചിക്കാഗോ രൂപതയുടെ മുന്‍ വികാരി ജനറാള്‍ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത്, ഫാ. പോളി തെക്കന്‍, ഫാ. സന്തോഷ് ജോര്‍ജ്, ഫാ. തോമസ് പെരുനിലം, ഫാ. ഡൊമിനിക് പെരുനിലം, ഫാ. ജോഷി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലി മധ്യേ വചനസന്ദേശം നല്‍കി. തിരുനാള്‍ ആഘോഷങ്ങള്‍ വചനം പ്രഘോഷിക്കാനും, വചനത്തില്‍ ആഴപ്പെടാനും, അത് കൈമാറ്റം ചെയ്യപ്പെടാനും ഓരോ ഇടയനും കഴിയണമെന്ന് ബഹു. വികാരി ഫാ. തോമസ് കടുകപ്പള്ളി ഇടവക ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. ദേവാലയത്തിലെ മുഖ്യ കര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധന്മാരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള നഗരി കാണിക്കല്‍ പ്രദക്ഷിണം പരമ്പരാഗത രീതിയില്‍ കേരളത്തനിമയില്‍ നടത്തപ്പെട്ടു. തുടര്‍ന്ന് തിരുശേഷിപ്പ് വണക്കം, അടിമ സമര്‍പ്പണം എന്നിവ നടന്നു. ഇടവകയിലെ ഗായകസംഘം ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ വിശുദ്ധ കര്‍മ്മാദികള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത് കടുകുന്നേല്‍ കുടുംബാംഗങ്ങളായ ചെറിയാന്‍ അലക്‌സാണ്ടര്‍, മറിയാമ്മ അലക്‌സാണ്ടര്‍ എന്നിവരാണ്. അടുത്തവര്‍ഷത്തേക്കുള്ള തിരുനാള്‍ പ്രസുദേന്തിമാരായി റ്റോം ആന്‍ഡ് ലീന പെരുമ്പായില്‍, തോമസ് കരിമറ്റം ആന്‍ഡ് മറിയാമ്മ കരിമറ്റം എന്നിവരെ വാഴിച്ചു. തിരുനാളിനോടനുബന്ധിച്ച് ഭക്തസംഘടനകള്‍ ഒരുക്കിയ സ്റ്റാളുകള്‍ പിറന്ന നാടിന്റെ തിരുനാള്‍ ആഘോഷങ്ങളെ ഓര്‍മ്മിപ്പിച്ചു. തിരുനാളിന്റെ വിജയകരമായ നടത്തിപ്പിന് വികാരി ഫാ. തോമസ് കടുകപ്പള്ളിയുടെ നേതൃത്വത്തില്‍ മുഖ്യ സംഘാടകനായ ടോമി ആനിത്താനം, ട്രസ്റ്റിമാരായ റ്റോം പെരുമ്പായില്‍, തോമസ് ചെറിയാന്‍ പടവില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ പ്രാര്‍ത്ഥനാ ഗ്രൂപ്പ് ലീഡേഴ്‌സ്, വിവിധ ഭക്തസംഘടനാ ഭാരവാഹികള്‍, യൂത്ത് ഗ്രൂപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത് അറിയിച്ചതാണിത്.
Comments