മയാമി (ഫ്‌ളോറിഡ): മയാമിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം രണ്ടുപേരെ തടവിലാക്കി പോലീസുമായി വിലപേശിയ പെഡ്രോ വെര്‍ഗാസ് എന്ന 42-കാരനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഇതോടെ ഏഴുപേരാണ് ജൂലൈ 27-ന് ശനിയാഴ്ച മയാമിയെ നടുക്കിയ വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. തടവിലാക്കിയ രണ്ടുപേര്‍ അപകടം കൂടാതെ രക്ഷപെട്ടു. അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നവരും, റോഡിലൂടെ പോയിരുന്നവരുമാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലാണ് സംഭവത്തിന്റെ തുടക്കം. പ്രതി താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ നാലാം നിലയ്ക്ക് തീ കൊളുത്തിയതുകണ്ട് എന്താണ് സംഭവിച്ചതെന്നറിയാന്‍ അപ്പാര്‍ട്ട്‌മെന്റിലെ മാനേജരായ 78 നും ഭാര്യയും ഓടിയെത്തി. അവരുടെ നേരേയാണ് ആദ്യം വെടിയുതിര്‍ത്തത്. തുടര്‍ന്ന് റോഡിലേക്ക് നിറയൊഴിക്കാന്‍ ആരംഭിച്ചു. റോഡിലൂടെ നടന്നു പോയിരുന്ന ഒരാള്‍ക്ക് വെടിയേറ്റു. അയാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. തുടര്‍ന്ന് മൂന്നാംനിലയിലേക്ക് ചാടിയിറങ്ങി. ഒരു മുറിയുടെ വാതില്‍ തള്ളിത്തുറന്ന് അവിടെയുണ്ടായിരുന്ന ദമ്പതിമാരേയും അവരുടെ പതിനേഴു വയസുള്ള മകളേയും വെടിവെച്ചിട്ടു. ഇതിനിടെ എത്തിച്ചേര്‍ന്ന പോലീസിനുനേരേ വെടിയുതിര്‍ത്ത ശേഷം രണ്ടുപേരെ തടവിലാക്കുകയായിരുന്നു. പോലീസുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് വാതില്‍ തള്ളിത്തുറന്ന് പ്രതിയെ വെടിവെയ്ക്കുകയായിരുന്നു. പ്രതി വെര്‍ഗാസ് പാര്‍ട്ട് ടൈം ഗ്രാഫിക് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇയാള്‍ മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ശാന്ത സ്വഭാവക്കാരനായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. വെടിവെയ്പിനു പ്രേരിപ്പിച്ച സംഭവങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Comments