ന്യൂജെഴ്‌സി: വിഭിന്നമായ പ്രവര്‍ത്തനശൈലിയിലൂടെ കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ) ഒരിക്കല്‍ കൂടി ഇതര സംഘടനകള്‍ക്ക് മാതൃകയാവുന്നു. ജിബി തോമസ് മോളോപ്പറമ്പില്‍ പ്രസിഡന്റു സ്ഥാനം ഏറ്റെടുത്തതോടെ അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സമൂലമാറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ ഉച്ചതിരിഞ്ഞ് 3 മണിവരെ സീഡര്‍ ഹില്‍ പ്രെപ് സ്കൂളില്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് നടത്തുമെന്ന് ജിബി അറിയിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ തുടക്കമെന്നോണമാണ് ഈ രക്തദാന ക്യാമ്പ് എന്ന് ജിബി പറഞ്ഞു. അന്നേ ദിവസം ന്യൂജെഴ്‌സി സോമര്‍സെറ്റിലുള്ള പ്രസ്തുത സ്കൂളില്‍ (Cedar Hill Prep School, 152 Cedar Grove Lane, Somerset, NJ) വെച്ചാണ് രക്തദാന ക്യാമ്പ്. സമൂഹത്തിനുവേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ സേവനമാണ് രക്തദാനം. രക്തദാനം ചെയ്യുക വഴി നിങ്ങള്‍ അനേക ജീവനുകളാണ് രക്ഷപ്പെടുത്തുന്നതെന്ന് ജിബി അഭിപ്രായപ്പെട്ടു. ജീവിതത്തില്‍ ചെയ്യാവുന്നതില്‍ വെച്ചേറ്റവും മഹത്തരവും പുണ്യവുമായ ഈ കര്‍മ്മം പൂര്‍ണ്ണമനസ്സോടെ നിങ്ങള്‍ വിനിയോഗിക്കണമെന്ന് പ്രസിഡന്റ് ജിബി തോമസ്, സെക്രട്ടറി സ്വപ്ന രാജേഷ്, ട്രഷറര്‍ സണ്ണി വാലിപ്ലാക്കല്‍, കോ - ഓര്‍ഡിനേറ്റര്‍മാരായ ഡോ. നീന ഫിലിപ്പ്, ജോസഫ് ഇടിക്കുള, ജയന്‍ ജോസഫ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്‌ളയര്‍ കാണുക.
Comments