ഷിക്കാഗോ: അമേരിക്കയിലെ മില്‍വാക്കിയിലുള്ള വിസ്‌കോണ്‍സിന്‍ മെഡിക്കല്‍ കോളേജിലെ ശാസ്‌ത്രജ്ഞനായ ഡോ. ജോയ് ജോസഫിന് മെഡിക്കല്‍ മേഖലയില്‍ നിര്‍ണ്ണായകമായ രണ്ട് കണ്ടുപിടുത്തങ്ങള്‍ക്ക് യു എസ് ഗവണ്‍മെന്റിന്റെ പേറ്റന്റു ലഭിച്ചു. കഴിഞ്ഞ ഇരുപത്തിഏഴ് വര്‍ഷങ്ങളായി ബയോ മെഡിക്കല്‍ മേഖലയില്‍ അദ്ദേഹം ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. നൂറ്റിഇരുപത്തിയഞ്ചിലേറെ ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ദീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പേറ്റന്റ് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ കീമോതെറാപ്പിക്കുള്ള പുതിയ മരുന്നിന്റെ കണ്ടുപിടുത്തത്തിനാണ്. ചികിത്സിച്ചു ഭേദമാക്കാന്‍ വളരെ പ്രയാസമുള്ള ക്യാന്‍സറിന്റെ പ്രതിവിധിയായ ഈ മരുന്ന് മനുഷ്യകോശങ്ങളിലെ മൈറ്റൊകോണ്‍ട്രിയായിലേക്ക് നേരിട്ട് പ്രവേശിച്ച് ക്യാന്‍സര്‍ കോശങ്ങളെ മാത്രമായി നശിപ്പിക്കുന്നു. എം.ആര്‍.ഐ സ്‌കാനിംഗില്‍ ചിത്രങ്ങള്‍ വ്യക്തമായി ലഭിക്കാനുള്ള പുതിയ കോണ്‍ട്രാസ്റ്റ് ഏജന്റിന്റെ കണ്ടുപിടുത്തത്തിനാണ് രണ്ടാമത്തെ പേറ്റന്റു ലഭിച്ചത്. ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗാഡോളിനിയം എന്ന അപൂര്‍വ ലോഹം അടിസ്ഥാനമാക്കിയുള്ള കോണ്‍ട്രാസ്റ്റ് ഏജന്റ് പലര്‍ക്കും ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഈ പുതിയ കോണ്‍ട്രാസ്റ്റ് ഏജന്റ് വൃക്കകളുടെ പ്രവര്‍ത്തനത്തെ അല്‌പം പോലും ദോഷകരമായി ബാധിക്കുന്നില്ല എന്നതാണ് പ്രത്യേകത. കോട്ടയം ജില്ലയിലെ അതിരമ്പുഴ കല്ലുങ്കല്‍ പരേതരായ ജോസഫ് - മറിയാമ്മ ദമ്പതികളുടെ മകനായ ഡോ ജോയ് ജോസഫ്, അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിലെയും കോട്ടയം സി.എം.എസ് കോളേജിലെയും പഠനശേഷം 1973 ല്‍ കാലിക്കറ്റ് യുണിവേഴ്‌സിറ്റിയുടെ ആദ്യത്തെ പി.എച്ച.ഡി രസതന്ത്രത്തിനു കരസ്ഥമാക്കി. അതിനുശേഷം കാലിക്കറ്റ് യുണിവേഴ്‌സിറ്റിയില്‍ തന്നെ അധ്യാപകനായിരുന്ന അദ്ദേഹം 1979 ല്‍ ഉപരിഗവേഷണത്തിനായി അയര്‍ലണ്ടിലും പിന്നീട് അമേരിക്കയിലും എത്തിച്ചേര്‍ന്നു . ഭാര്യ പുനലൂര്‍ അഞ്ചല്‍ തേക്കിന്‍കാട്ടില്‍ കുടുംബാംഗം ഏയ്‌ഞ്ചലിന ജോസഫ് മില്‍വാക്കി മാര്‍ക്കററ് യുണിവേര്‍സിറ്റിയില്‍ ഉദ്യോഗസ്ഥയാണ്. അനുരൂപ് ജോസഫ് (California), ഡോ മോള്‍ടു ഗയ് (Madison, WI) എന്നിവര്‍ മക്കളാണ്. ഇമെയില്‍: joy216@gmail.com, ഫോണ്‍: 414-425-0250.
Comments