ആല്‍ബനി (ന്യൂയോര്‍ക്ക്): സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. തോമസ് കെ. ഉമ്മന്‍ ജൂലൈ 19-ന് ആല്‍ബനി യുണൈറ്റഡ് ക്രിസ്‌ത്യന്‍ ചര്‍ച്ചില്‍ സി.എസ്.ഐ. സഭയുടെ നേതൃത്വത്തിലുള്ള ആരാധനയില്‍ വിശുദ്ധ സംസര്‍ഗ്ഗ ശുശ്രൂഷ നിര്‍വ്വഹിച്ചു. ഹഡ്‌സണ്‍വാലി സി.എസ്.ഐ. ചര്‍ച്ച് വികാരി റവ. റോബിന്‍ കെ. പോള്‍, സീഫോര്‍ഡ് സി.എസ്.ഐ. ചര്‍ച്ച് വികാരി റവ. സജി ഉമ്മന്‍, ആല്‍ബനി മെഥഡിസ്റ്റ് ചര്‍ച്ച് വികാരി റവ. ജോണ്‍ പുതുപ്പറമ്പില്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു. ആരാധനാമദ്ധ്യേയുള്ള പ്രസംഗത്തില്‍ പൗരോഹിത്യ ശുശ്രൂഷയുടെ വിവിധ തലങ്ങളെപ്പറ്റി ആധികാരികമായി ബിഷപ്പ് വിശദീകരിച്ചു. വിവിധ അടിമത്വത്തില്‍ അകപ്പെട്ടവരെ വിടുവിക്കുക എന്നതാണ് ഇടയപരിപാലനത്തിന്റെ അടിസ്ഥാനം. ദൈവത്തില്‍ നിന്നും അകന്നുപോയവരേയും സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയവരേയും അന്വേഷിച്ചിറങ്ങുന്ന ഒരു യാത്രയാണ് ഇടയപരിപാലനം എന്ന് ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു. `എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ് വിശ്വാസം.
ത്യജിക്കുന്നതും തിരസ്‌ക്കരിക്കുന്നതും വിശ്വാസമല്ല. തിരസ്‌ക്കരിക്കുന്നത് വിശ്വാസയാത്രയുടെ ഭാഗവുമല്ല. വിശ്വാസയാത്രയില്‍ ലിറ്റര്‍ജി അല്ല വിശ്വാസം. മറിച്ച് വേദപുസ്‌തകത്തിലാണ് വിശ്വാസം. ലിറ്റര്‍ജി വിശ്വാസത്തിന്റെ ഭാഗമാകുന്നത് വേദപുസ്‌തകത്തിലൂടെ മാത്രമാണ്. അതുകൊണ്ടുതന്നെ ആല്‍ബനിയിലെ ഈ എക്യൂമെനിക്കല്‍ കൂട്ടായ്‌മ ഒരു മാതൃകയാണ്.' ബിഷപ്പ് പറഞ്ഞു. ആല്‍ബനിയില്‍ വന്ന് വിവിധ സഭാവിഭാഗങ്ങള്‍ ഒരുമിച്ചു നടത്തുന്ന ആരാധനയില്‍ പങ്കുകൊണ്ട് വിശുദ്ധ സംസര്‍ക്ഷ ശുശ്രൂഷ നടത്തുവാന്‍ സാധിച്ചതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് ബിഷപ്പ് പറഞ്ഞു. വെസ്റ്റേണ്‍ അവന്യൂവിലെ മക്കോണ്‍വില്‍ യുണൈറ്റഡ് മെഥഡിസ്റ്റ് ചര്‍ച്ചിന്റെ Main Sanctuary-യില്‍ നടത്തപ്പെട്ട ശുശ്രൂഷയില്‍ വിവിധ സഭാവിഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെ വിശ്വാസികള്‍ പങ്കെടുത്തു. യുണൈറ്റഡ് ക്രിസ്‌ത്യന്‍ ചര്‍ച്ച് സെക്രട്ടറി അജു എബ്രഹാം എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. ബിഷപ്പ് റൈറ്റ് റവ. തോമസ് കെ. ഉമ്മന്റെ സന്ദര്‍ശനം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും, സഭാജനങ്ങള്‍ അതീവ കൃതാര്‍ത്ഥരാണെന്നും തന്റെ നന്ദി പ്രകാശനവേളയില്‍ ജോര്‍ജ്ജ് പി. ഡേവിഡ് പറഞ്ഞു. ജോര്‍ജ്ജ് പി. ഡേവിഡ് അറിയിച്ചതാണിത്.
Comments