You are Here : Home / USA News

ഫിലാഡല്‍ഫിയാ അതിരൂപത മള്‍ട്ടികള്‍ച്ചറല്‍ഫാമിലി പിക്‌നിക്‌ നടത്തുന്നു

Text Size  

Story Dated: Tuesday, July 30, 2013 11:45 hrs UTC

ജോസ്‌ മാളേയ്‌ക്കല്‍

 

ഫിലാഡല്‍ഫിയ: ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പാ പങ്കെടുക്കുന്ന ഫിലാഡല്‍ഫിയയിലെആദ്യത്തെ പൊതുപരിപാടി എന്ന നിലയില്‍ ആഗോളതലത്തില്‍ വളരെപ്രതീക്ഷയോടെ ഉറ്റുനോക്കുന്ന എട്ടാമതു ലോകകുടുംബസംഗമത്തില്‍ (WorldMeeting of Families 2015) ആതിഥ്യമരുളാന്‍ ഫിലാഡല്‍ഫിയ അതിരൂപത തയാറെടുത്തുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ മുന്നോടിയായി അതിരൂപതയുടെഅജപാലനപരിധിയില്‍ വരുന്ന മൈഗ്രന്റ്‌ കാത്തലിക്ക്‌ കമ്യൂണിറ്റികളെയെല്ലാംഒന്നിപ്പിച്ച്‌ അതിരൂപത ഫാമിലി പിക്‌നിക്ക്‌ നടത്തുന്നു. ഫിലാഡല്‍ഫിയാ അതിരൂപത പ്രവാസി കത്തോലിക്കര്‍ക്കായി ആദ്യമായിട്ടാണ്‌ ഇങ്ങനെയൊരു ഫാമിലി പിക്‌നിക്ക്‌ സംഘടിപ്പിക്കുന്നത്‌. 2013 ആഗസ്റ്റ്‌ 10 ശനിയാഴ്‌ച്ച പത്തുമണിമുതല്‍ അഞ്ചുമണിവരെ ഫിലാഡല്‍ഫിയ വിശുദ്ധയായ കാതറൈന്‍ ഡ്രക്‌സലിന്റെ തിര്‍ത്ഥാടന കേന്ദ്രത്തോടനുബന്ധിച്ചുള്ള വിശുദ്ധവും വിശാലവുമായ പാര്‍ക്കില്‍ (1663 Bristol Pike, Bensalem PA 19020) വച്ചായിരിക്കും മള്‍ട്ടികള്‍ച്ചറല്‍ പിക്‌നിക്കും മറ്റു കലാപരിപാടികളും അരങ്ങേറുക.

 

അതിരൂപതയുടെ ഓഫീസ്‌ ഫോര്‍ പാസ്റ്ററല്‍ കെയര്‍ ഫോര്‍ മൈഗ്രന്റ്‌സ്‌ ആന്റ്‌ റഫ്യൂജീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ പിക്‌നിക്കില്‍ എല്ലാ എത്‌നിക്ക്‌ സമൂഹങ്ങള്‍ക്കും പങ്കെടുക്കുന്നതിനും, തങ്ങളുടെ സംസ്‌കാരവും പൈതൃകവും മറ്റു സമൂഹങ്ങള്‍ക്കുകൂടി മനസിലാക്കികൊടുക്കുന്നതിനും നല്ല കാര്യങ്ങള്‍ സ്വീകരിക്കുന്നതിനും അവസരം ഉണ്ടായിരിക്കും. മൈഗ്രന്റ്‌ സമൂഹങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതിനും, പരസ്‌പര സ്‌നേഹത്തിലും, സഹകരണത്തിലും വസിക്കുന്നതിനും, ക്രൈസ്‌തവ വിശ്വാസത്തില്‍ ആഴപ്പെടുന്നതിനും, ഓരോ കുടിയേറ്റസമൂഹത്തിന്റെയും മഹത്തായ പൈതൃകം മറ്റുള്ളവര്‍ക്കുകൂടി അനുഭവവേദ്യമാക്കുന്നതിനും ഉദ്ദേശിച്ചുള്ള ഈ പിക്‌നിക്കില്‍ പ്രായഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം. ഓരോ കമ്യൂണിറ്റിയും അവരുടെ തനതായ ഭക്ഷണവിഭവങ്ങള്‍ ഉണ്ടാക്കി കൊണ്ടുവന്ന്‌ മറ്റുള്ളവരുമായി പങ്കുവച്ചു കഴിക്കുക, തങ്ങളുടെ തനതു കലാരൂപങ്ങള്‍ പാട്ടിലൂടെയും, നൃത്തരൂപങ്ങളിലൂടെയും, സ്‌കിറ്റു രൂപേണയും അവതരിപ്പിക്കുക എന്നിവ പിക്ക്‌നിക്കിന്റെ ഭാഗമായിരിക്കും.

 

 

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും പലവിധത്തിലൂള്ള കായികമല്‍സരങ്ങളും ഉണ്ടായിരിക്കും. പങ്കെടുക്കുന്ന ഓരോ വ്യക്തിയില്‍നിന്നും ഒരു ഡോളര്‍ സംഭാവന പ്രതീക്ഷിക്കുന്നു. പ്രവാസികളായി ഫിലാഡല്‍ഫിയായില്‍ താമസമുറപ്പിച്ചിട്ടുള്ള എല്ലാ എത്‌നിക്ക്‌ കത്തോലിക്കാസമൂഹങ്ങള്‍ക്കും തങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ അതിരൂപത വര്‍ഷങ്ങളായി നല്‍കി വരുന്നു. അതേപോലെതന്നെ പ്രവാസി കത്തോലിക്കര്‍ക്ക്‌ സ്വന്തമായി ആരാധനാലയങ്ങള്‍ വാങ്ങുന്നതിനുള്ള സഹായ സഹകരണങ്ങളും അതിരൂപത കൊടുത്തുവരുന്നു. ഇന്‍ഡ്യന്‍ കത്തോലിക്കരെ കൂടാതെ പാക്കിസ്ഥാനി, ചൈനീസ്‌, കൊറിയന്‍, വിയറ്റ്‌നാമീസ്‌, ഫിലിപ്പൈന്‍സ്‌, ഹിസ്‌പാനിക്ക്‌ എന്നീ കത്തോലിക്കാസമൂഹങ്ങളും അതിരൂപതയില്‍ കരുത്താര്‍ജിച്ചിട്ടുണ്ട്‌. റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, റവ. ഫാ. തോമസ്‌ മലയില്‍, റവ. ഡോ. മാത്യു മണക്കാട്ട്‌, റവ. ഫാ. രാജു പിള്ള എന്നീ ആദ്ധ്യാല്‍മികാചാര്യന്മാര്‍ യഥാക്രമം ആല്‍മീയ നേതൃത്വം നല്‍കുന്ന സെ. തോമസ്‌ സീറോമലബാര്‍, സെ. ജൂഡ്‌ സീറോമലങ്കര, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ മിഷന്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക്ക്‌ മിഷന്‍ എന്നീ ഭാരതീയ പാരമ്പര്യത്തിലുള്ള കത്തോലിക്കാവിഭാഗങ്ങള്‍ സജീവമായി ഈ പിക്‌നിക്കില്‍ പങ്കെടുക്കും. പിക്‌നിക്കിന്റെ വിജയത്തിനായി എല്ലാ എത്‌നിക്ക്‌ വിഭാഗങ്ങളുടെയും പ്രതിനിധികളടങ്ങിയ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. റവ. ഡോ. മാത്യു മണക്കാട്ട്‌, ജോസ്‌ പാലത്തിങ്കല്‍, ക്ലമന്റ്‌ പതിയില്‍ എന്നിവര്‍ ഈ കമ്മിറ്റിയിലെ അംഗങ്ങളാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 215 244 9900 www.katharinedrexel.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.