ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: ഏഴുവര്‍ഷത്തെ ഇടവേളക്കുശേഷം അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ സൂസാപാക്യം പിതാവിനു റവ.ഫാ. രാജുപിള്ള ആത്മീയനേതൃത്വം നല്‍കുന്ന ഫിലാഡല്‍ഫിയായിലെ ഇന്‍ഡ്യന്‍ ലത്തീന്‍ കത്തോലിക്കാ സമൂഹം സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. ജൂലൈ 28 ഞായറാഴ്ച്ച വൈകുന്നേരം നാലിനു ബെന്‍സേലം 1200 പാര്‍ക്ക് അവന്യൂവില്‍ സ്ഥിതിചെയ്യുന്ന സെ.എലിസബത്ത് ആന്‍ സെറ്റോണ്‍ പള്ളിയില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ പിതാവിനെ റവ.ഫാ.തോമസ് തറയില്‍, റവ.ഫാ.ജോസഫ് ഡിസില്‍വ, റവ.ഫാ.മൈക്കിള്‍ തോമസ് എന്നീ വൈദീകരും ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പിതാവ് മുഖ്യകാര്‍മ്മികനായും, വൈദികര്‍ സഹകാര്‍മ്മികരായും ദിവ്യബലി അര്‍പ്പിച്ചു.
ദിവ്യബലി മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ അനുദിനകുടുംബപ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് അഭിവന്ദ്യ സൂസാപാക്യം പിതാവു സംസാരിച്ചു. മാതാപിതാക്കളുടെ പ്രാര്‍ത്ഥനാജീവിതമാണു കുട്ടികള്‍ മാതൃകയാക്കുന്നത്. ചെറുപ്പത്തില്‍ പിതാവു കാണിച്ചുകൊടുത്ത പ്രാര്‍ത്ഥനയുടെ നല്ല മാതൃക തന്റെ ആത്മീയ ജീവിതത്തിലും, വ്യക്തിജീവിതത്തിലും പിന്നീട് വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പിതാവു പറഞ്ഞു. കുട്ടികളെ ചെറുപ്രായത്തില്‍തന്നെ മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചാല്‍ അതു പിന്നീട് അവരുടെ പ്രാര്‍ത്ഥനാജീവിതത്തിലും, വ്യക്തിജീവിതത്തിലും സ്വാധീനം ചെലുത്തുമെന്നും മാതാപിതാക്കള്‍ മക്കള്‍ക്കു നല്ല പ്രാര്‍ത്ഥനയുടെ മാതൃകകളാകണമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. തങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ശിഷ്യന്മാരെ യേശു പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചതുപോലെ എല്ലാ മാതാപിതാക്കള്‍ക്കും മക്കളെ പ്രാര്‍ത്ഥനയുടെ അരൂപിയില്‍ വളര്‍ത്താന്‍ കടമയുണ്ട്. കുര്‍ബാനക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ അഭിവന്ദ്യ സൂസാപാക്യം പിതാവു അനുഗ്രഹപ്രഭാഷണം നടത്തി.
നമ്മുടെ ശരീരത്തിലെ വ്യത്യസ്ത അവയവങ്ങള്‍ എന്നപോലെ തന്നെ എല്ലാ കത്തോലിക്കാ വിഭാഗങ്ങളും ആഗോള സഭക്ക് കരുത്തേകുന്നുവെന്നും, എല്ലാ സഭകളും റീത്തുവ്യത്യാസം കൂടാതെ സഹകരണത്തിലും സ്‌നേഹത്തിലും വളരണമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഭാരവാഹികളായ ജോര്‍ജ് ഓലിക്കല്‍, ജോര്‍ജ് നടവയല്‍, ഫിലിപ്പ് ജോണ്‍(ബിജു), ലിസ് ഓസ്റ്റിന്‍, എം.സി. സേവ്യര്‍, ജോസ് മാളേയ്ക്കല്‍, സണ്ണി മാളേയ്ക്കല്‍, സണ്ണി പടയാറ്റില്‍, ഓസ്റ്റിന്‍ ജോണ്‍ എന്നിവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്തു. ആഗസ്റ്റ് 17നു നടക്കുന്ന ഫെയിത്ത് ഫെസ്റ്റ് ആന്റ് ഹെറിറ്റേജ് ഡേ ആഘോഷങ്ങളുടെ മുഖ്യാതിഥിയായി പിതാവിനെ ക്ഷണിച്ചുകൊണ്ട് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ സംസാരിച്ചു. ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഭാരവാഹികളായ ലിസ് ഓസ്റ്റിന്‍ (പ്രസിഡന്റ്), ജാസ്മിന്‍ ജോയി(സെക്രട്ടറി), നെഡ് ദാസ്(ട്രഷറര്‍), സജിതാ ജോസഫ്( ഹോസ്പിറ്റാലിറ്റി), രേണു പ്രിന്‍സ്, ജവല്‍സണ്‍ സിമന്തി, ഓസ്റ്റിന്‍ ജോണ്‍ എന്നിവര്‍ പിതാവിന്‍രെ സ്വീകരണവും, പൊതുസമ്മേളനവും, കലാപരിപാടികളും ക്രമീകരിച്ചു. ലിസ് ഓസ്റ്റിന്‍ പൊതുസമ്മേളനത്തിന്റെ എം.സി.യായി. സ്‌നേഹവിരുന്നോടെ പരിപാടികള്‍ അവസാനിച്ചു.
Comments