| ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാതൃഭാഷ പഠിക്കുവാന്‍ ആഗ്രഹമുള്ള കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും മലയാളം ക്ലാസുകള്‍ ആരംഭിച്ചു. സൗത്ത് ഫീല്‍ഡിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് റവ.ഫാ. ബിനോയ് അലക്‌സാണ്ടര്‍ മലയാളം ക്ലാസ് ഉദ്‌ഘാടനം ചെയ്‌തു. ഡി.എം.എ പ്രസിഡന്റ് മാത്യു ചെരുവില്‍, സെക്രട്ടറി മനോജ് ജെയ്‌ജി, ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് രാജേഷ് നായര്‍, ഒ.പി. രാമന്‍കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. രാജേഷ് കുട്ടി സ്വാഗതവും, ജെയിംസ് കുരീക്കാട്ടില്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് മലയാളം ക്ലാസുകളുടെ പ്രവര്‍ത്തന രീതികളെക്കുറിച്ച് പ്രിന്‍സിപ്പല്‍ നോബിള്‍ തോമസ് വിശദീകരിച്ചു. ആഴ്‌ചതോറുമുള്ള മലയാളം ക്ലാസുകള്‍ ഇപ്പോള്‍ കാന്റണ്‍, ട്രോയ് എന്നീ രണ്ടു കേന്ദ്രങ്ങളില്‍ വെച്ചാണ് നടക്കുന്നത്. ഈ ക്ലാസുകളില്‍ പ്രധാനമായും കുട്ടികളെ മലയാളം സംസാരിക്കുവാനും വായിക്കുവാനും പഠിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പം പഠിക്കുവാനായി ലിപ്യന്തരണം (Tragliteration) രീതി ആണ് ഉപയോഗിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം എഴുതുവാന്‍ സഹായിക്കുന്നതിനായി മലയാളം ട്യൂട്ടര്‍ ഡോട്ട്‌കോം (malayalamtutor.com) എന്ന വെബ്‌സൈറ്റുകൂടി ആരംഭിച്ചിരിക്കുന്നു. ഈ വെബ്‌സൈറ്റില്‍ക്കൂടി മലയാളം എഴുതുന്നത് എങ്ങനെയെന്ന് കാണിച്ചിരിക്കുന്നു. കൂടാതെ മലയാളം അക്ഷരങ്ങള്‍, വാക്കുകള്‍, വാക്യങ്ങള്‍, കേരള സംസ്‌കാരം തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മനോഹരമായ ഒരു മലയാളം പഠന സഹായിയും ഒരുക്കിയിട്ടുണ്ട്. സൈജന്‍ കണിയോടിക്കല്‍ അറിയിച്ചതാണിത്.
Comments