അറ്റ്‌ലാന്റ : സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവകമധ്യസ്ഥ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തി നിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടെ ആഘോഷിച്ചു. ജൂലൈ 21നു ആരംഭിച്ച ആഘോഷങ്ങള്‍ 29നു മരിച്ച വിശ്വാസികളുടെ ഓര്‍മ്മയാചരണത്തോടെയാണ് കൊടിയിറങ്ങിയത്. ഒന്‍പതുനാള്‍ നീണ്ട നൊവേനയും മറ്റു ആഘോഷങ്ങളും ഇടവക സമൂഹത്തിന്റെ വിശ്വാസചൈതന്യവും ഭക്തിയും വിളിച്ചോതുന്നതായി. ആഘോഷവും ഭക്തിനിര്‍ഭരവുമായ വിശുദ്ധകുര്‍ബാന, നൊവേന, ആരാധാന, ലദീഞ്ഞ് തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്കു പുറമേ ചെണ്ട, താളമേളങ്ങള്‍, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി വിശ്വാസികള്‍ ഒന്നടങ്കം അണിനിരന്ന പ്രദക്ഷിണം, കരിമരന്നുകലാപ്രകടനങ്ങള്‍, ക്രിസ്തീയ സംഗീതസന്ധ്യ എന്നിവയും ഇത്തവണത്തെ ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി. ജൂലൈ 27, 28 തിയ്യതികളിലായിരുന്നു പ്രധാന തിരുനാള്‍ ആഘോഷങ്ങള്‍. 27നു വൈകീട്ട് 5.30നു ഫാ.ജോസഫ് തെക്കേത്തലയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ വികാരി ഫാ.മാത്യൂ ഇളിയടത്തുമഠം ഫാ.ജയിംസ് പുത്തന്‍ പറമ്പില്‍, ഫാ. ജോസഫ് പൊറ്റമ്മേല്‍, ഫാ. ജോസഫ് മുല്ലക്കര എന്നിവര്‍ സഹകാര്‍മ്മികരായി. ദുരിതങ്ങളെയും സഹനങ്ങളെയും സുകൃതങ്ങളാക്കി മാറ്റി യേശുവിനെ സഹനജീവിതത്തോടു ചേര്‍ത്ത ജീവിതമാതൃകയാണു അല്‍ഫോന്‍സാമ്മയുടേതെന്നു ദിവ്യബലി മധ്യേ വചനസന്ദേശം നല്‍കിയ ഫാ.ജയിംസ് പുത്തന്‍പറമ്പില്‍ ചൂണ്ടിക്കാട്ടി.
ആയിരിക്കേണ്ടത് ആയിത്തീരുന്നതിനു ആയിരിക്കുന്നത് അവസാനിപ്പിക്കണമെന്ന പഴമൊഴി സ്വജീവിതത്തിലൂടെ അല്‍ഫോന്‍സാമ്മ അന്വര്‍ത്ഥമാക്കി. മറ്റുള്ളവര്‍ക്കായി ജീവിക്കുമ്പോഴാണു നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നത്. മറ്റുള്ളവര്‍ക്കായി നടത്തുന്ന സഹനം ഒരിക്കലും ഫലം കാണാതിരിക്കില്ല. സമൂഹത്തിന്റെയും മനുഷ്യരുടെയും മനസിലെ ഇരുളകറ്റാന്‍ ഗോതമ്പുമണി അഴിഞ്ഞില്ലാതാകുന്നതുപോലെ, മറ്റുള്ളവരുടെ വേദനയും അല്‍ഫോന്‍സാമ്മ സ്വന്തമാക്കി മാറ്റിയെന്നു ഫാ.ജയിംസ് പുത്തന്‍പറമ്പില്‍ ചൂണ്ടിക്കാട്ടി. വിശുദ്ധകുര്‍ബാനയെത്തുടര്‍ന്നു നടന്ന നൊവേനയും ലദീഞ്ഞും അല്‍ഫോന്‍സാമ്മയുടെയും മറ്റുവിശുദ്ധരുടെയും തിരുസ്വരൂപങ്ങലും വഹിച്ചു പ്രാര്‍ത്ഥനാമന്ത്രങ്ങളുമായി വിശ്വാസികള്‍ അണിനിരന്ന ആഘോഷമായ പ്രദക്ഷിണവും കരിമരുന്നു കലാപ്രകടനങ്ങളും ഇത്തവണത്തെ തിരുനാള്‍ അവിസ്മരണീയമാക്കി. പിന്നണിഗായകനും മ്യൂസിക്ക് ഡയറക്ടറുമായ അലക്‌സ് കെ. പോള്‍(ന്യൂയോര്‍ക്ക്), ജസി തര്യത്ത്(ചിക്കാഗോ) എന്നിവര്‍ നേതൃത്വം നല്‍കിയ ക്രിസ്ത്യന്‍ സംഗീതസന്ധ്യും ആഘോഷങ്ങള്‍ക്കു കൊഴുപ്പേകി. 28നു രാവിലെ ഫാ.ജയിംസ് പുത്തന്‍പറമ്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ വികാരി ഫാ.മാത്യൂ ഇളയിടത്തുമഠം സഹകാര്‍മ്മികനായി നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയ്ക്കുശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ഇടവകയിലെ ബാലികാബാലന്മാര്‍, കൗമാരക്കാര്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വിവിധഗ്രൂപ്പുകള്‍ നേതൃത്വം നല്‍കിയ ഗാനശുശ്രൂഷകളും, വിവിധ വാര്‍ഡുകളുടെ നേതൃത്വത്തില്‍ ഇടവാകംഗങ്ങള്‍ സജ്ജമായി പങ്കെടുത്ത നൊവേനയും ആരാധനയും തിരുനാള്‍ ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി. വികാരി ഫാ. മാത്യൂ ഇളയിടത്ത്, കൈക്കാരന്മാരായ എബ്രഹാം അഗസ്തി, തോമസ് സെബാസ്റ്റ്യന്‍ പുതിയപറമ്പില്‍, ജോ ജോസഫ് കരിപ്പറമ്പില്‍, ജോര്‍ജ് ജോസ് ഇളംപ്ലക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി തോമസ് ജോബ് നര്യംപറമ്പില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. വെള്ളരിങ്ങാട്ട് കുടുംബമാണ് ഇത്തവണത്തെ തിരുനാള്‍ ആഘോഷങ്ങള്‍ ഏറ്റെടുത്തു നടത്തിയത്. ടോം മാക്കനാല്‍, മലയാളം ഐപിടിവി, അറ്റ്‌ലാന്റാ അറിയിച്ചതാണിത്.
Comments