പെന്‍സില്‍വാനിയ : മോണ്‍റൊ കൗണ്ടിയില്‍ റോസ് ടൗണ്‍ഷിപ്പ് സൂപ്പര്‍ വൈസേഴ്സ് മീറ്റിങ്ങ് നടക്കുന്നതിനിടെ ഉണ്ടായ ഒരു വെടിവെപ്പില്‍ രണ്ടുപേര്‍ സംഭവസ്ഥലത്തും, ഒരാള്‍ ആശുപത്രിയിലും വെച്ചു മരിച്ചതായി പെന്‍സില്‍വാനിയ സ്റ്റേറ്റ് പോലീസ് ക്യാപ്റ്റന്‍ എഡ് വേഡ് ഹോക്ക് ഇന്ന് വൈകീട്ട് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. എല്ലാ മാസവും ആദ്യ തിങ്കളാഴ്ച പതിവായി നടക്കുന്ന ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസേഴ്സ് മൂന്നംഗ സമിതി യോഗത്തിലാണ് വെടിവെപ്പ് ഉണ്ടായത്. പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അമ്പത്തി ഒമ്പത് വയസ്സ് പ്രായമുള്ള റോക്കെന് വാറന്‍ ആണ് പ്രതിയെന്ന സംശയിക്കപ്പെടുന്നു. കെട്ടിടത്തില്‍ പ്രവേശിച്ച പ്രതി പെട്ടെന്ന് ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ചു വെടിവെപ്പ് ആരംഭിക്കുകയായിരുന്നു. പ്രതിയുടെ വസ്തു സംബന്ധമായ ഒരു തര്‍ക്കം 18 വര്‍ഷമായി നിലവിലുണ്ടായിരുന്നു ഈ വസ്തു വിട്ടുകൊടുക്കുന്നതിന് ഒരു വര്‍ഷം മുമ്പ് മോണ്റെ കൗണ്ടി ജഡ്ജി ഉത്തരവിട്ടിരുന്നു. പതിനെട്ടോളം കൗണ്‍സില്‍ മെമ്പര്‍മാരും, പൊതുജനങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
Comments