ജീമോന്‍ റാന്നി
താമ്പാ : യുവജനസഖ്യം നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ 15-മത് ദേശീയ സമ്മേളനം ആഗസ്റ്റ് 15-18 വരെ കാര്‍ണിവല്‍ സെന്‍സേഷന്‍ കപ്പലില്‍ വച്ച് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ അവസാനഘട്ടത്തിലെത്തിയതായി സംഘാടകര്‍ അറിയിച്ചു. കോണ്‍ഫറന്‍സ് അറ്റ് സീ എന്ന പേരിട്ടിരിയ്ക്കുന്ന ഈ കോണ്‍ഫറന്‍സ് ഒരു ചരിത്രസംഭവമാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങളാണ് നടന്നു വരുന്നത്. ആഗസറ്റ് 15ന് കാര്‍ണിവല്‍ സെന്‍സേഷന്‍ ഫ്‌ളോറിഡാ ഓര്‍ലാന്‍ഡോ വിമാനത്താവളത്തിനടുത്തുള്ള പോര്‍ട്ട് കാനാവരില്‍ നിന്നും യാത്ര തിരിച്ച് ബഹമാസിലെത്തി 18ന് തിരിച്ചുവരുന്ന കപ്പലില്‍, 4 ദിവസം നീണ്ടുനില്‍ക്കുന്ന വൈവിദ്ധ്യമാര്‍ന്ന പരിപാടികളാണ് ക്രമീകരിച്ചിരിയ്ക്കുന്നത്. ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ മുഖ്യ നേതൃത്വം നല്‍കുന്ന കോണ്‍ഫറന്‍സില്‍ ചിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക വികാരിയും, മാര്‍ത്തോമ്മാ യുവജനസഖ്യം മുന്‍ ജനറല്‍ സെക്രട്ടറിയുമായ റവ.ഷാജി തോമസ് നേതൃത്വം നല്‍കും.
18ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാന ശുശ്രൂഷയും ഉണ്ടായിരിക്കും. “ക്രിസ്തുവിനോടൊത്ത് പ്രയാണം ചെയ്യുക” എന്നതാണ് ചിന്താവിഷയം. റവ.ടി.കെ.വിജി, റവ. ബിനോയ് തോമസ്, റവ. ഡാനിയേല്‍ തോമസ്, റവ. ജോണ്‍ എന്‍ ഏബ്രഹാം എന്നിവരും നേതൃത്വം നല്‍കുന്നതാണ്. ആഗസ്റ്റ് 15ന് ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും കപ്പലില്‍ വച്ച് ആഘോഷിയ്ക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ടാലന്റ് നൈറ്റ്, കലാ മത്സരങ്ങള്‍, സ്‌കിറ്റുകള്‍ തുടങ്ങി ഏവര്‍ക്കും ആസ്വാദ്യകരമായ പരിപാടികളാണ് ഒരുക്കിയിരിയ്ക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഫ്‌ളോറിഡായിലെ താമ്പാ മാര്‍ത്തോമ്മാ യുവജനസഖ്യമാണ് ഈ കോണ്‍ഫറന്‍സിന് ആതിഥേയത്വം വരിയ്ക്കുന്നത്. ഓര്‍ലാന്‍ഡോയില്‍ നിന്നും, താമ്പായില്‍ നിന്നും കപ്പലിലേക്ക് പ്രത്യേക ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി താമ്പാ മാര്‍ത്തോമ്മാ ഇടവക വികാരി റവ. ജോണ്‍ കുരുവിളയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. കോണ്‍ഫറന്‍സ് ഭാരവാഹികളായ തോമസ് മാത്യൂ(ജനറല്‍ കണ്‍വീനര്‍) മിനിത സജി(കള്‍ചറല്‍ പ്രോഗ്രാം കണ്‍വീനര്‍), മഞ്ജുഷാ മാത്യൂ(വനിതാ സെക്രട്ടറി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍) എന്നിവര്‍ അറിയിച്ചതാണ്.
Comments