ഫീനിക്‌സ്: ഫീനിക്‌സ് ഹോളി ഫാമിലി സണ്‍ഡേ സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. വികാരി ഫാ. മാത്യു മുഞ്ഞനാട്ട് വിശ്വാസ ദീപം തെളിയിച്ച് പുതിയ അധ്യയനവര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭംകുറിച്ചു. സഭയുടെ ധാര്‍മികമൂല്യങ്ങള്‍ പ്രതിസന്ധി നേരിടുന്ന സമൂഹത്തില്‍ വിശ്വാസം പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കാന്‍ സണ്‍ഡേ സ്‌കൂളുകള്‍ക്ക് കഴിയണമെന്ന് ഫാ. മാത്യു പറഞ്ഞു. പ്രഥമ വിശ്വാസപരിശീലന കേന്ദ്രം കുടുംബമാണെന്നും പ്രഥമ വിശ്വാസപരിശീലകര്‍ മാതാപിതാക്കളാണെന്നും ചടങ്ങില്‍ മുഖ്യസന്ദേശം നല്‍കിയ സിസ്റ്റര്‍ മെറീന്‍ എം.സി സൂചിപ്പിച്ചു. ദൈവത്തെ അറിഞ്ഞ്, സ്‌നേഹിച്ച്, സേവനം ചെയ്‌ത്, സ്വര്‍ഗ്ഗരാജ്യം പ്രാപിക്കുകയാണ് മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും സിസ്റ്റര്‍ ഓര്‍മ്മിപ്പിച്ചു. ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ മികച്ച സണ്‍ഡേ സ്‌കൂളുകളിലൊന്നായി ഫീനിക്‌സ് സണ്‍ഡേ സ്‌കൂളിനെ മാറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ച അധ്യാപകരേയും മാതാപിതാക്കളേയും പ്രിന്‍സിപ്പല്‍ സാജന്‍ മാത്യു പ്രത്യേകം അഭിനന്ദിച്ചു. ബൈബിള്‍ പ്രൊജക്‌ട്, ലൈബ്രറിയുടെ വിപുലീകരണം, വിശ്വാസവര്‍ഷ ടാബ്ലോ മത്സരം എന്നിവയാണ് പുതിയ അധ്യയന വര്‍ഷത്തിലെ പ്രധാന പ്രവര്‍ത്തന പരിപാടികള്‍. വിദ്യാര്‍ത്ഥികളുടെ കലാ-സാഹിത്യാഭിരുചികള്‍ പ്രകടമാക്കുന്ന മാഗസിന്‍ ഉടന്‍ പ്രസിദ്ധീകരിക്കും. സ്‌കൂളിലെ പുതിയ കുട്ടികളെ പുഷ്‌പമാല അണിയിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത് കൗതുകമുണര്‍ത്തി. പുതിയ അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനപരിപാടികള്‍ പ്രിന്‍സിപ്പല്‍ സാജന്‍ മാത്യു വിവരിച്ചു. മാത്യു ജോസ് കുര്യംപറമ്പില്‍ അറിയിച്ചതാണിത്.
Comments