ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ വിജയകരമായി നടത്തപ്പെട്ട മൂന്നാമത് വോളിബോള്‍ ടൂര്‍ണമെന്റില്‍ ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് `എ' ടീം ഒന്നാം സ്ഥാനവും, ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂലൈ 27-ന് ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് നൈല്‍സിലുള്ള ഫെല്‍ഡ്‌മാന്‍ പാര്‍ക്ക് ഇന്‍ഡോര്‍ കോര്‍ട്ടില്‍ വെച്ചാണ് മത്സരങ്ങള്‍ അരങ്ങേറിയത്. മത്സരത്തിനു മുന്നോടിയായി നടത്തപ്പെട്ട ഉദ്‌ഘാടന ചടങ്ങ് റവ. ദാനിയേല്‍ തോമസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ ബെഞ്ചമിന്‍ തോമസ് ആമുഖ പ്രസംഗം നടത്തുകയും മത്സരങ്ങളെക്കുറിച്ചുള്ള വിശദീകരണം നല്‍കുകയും ചെയ്‌തു. ടൂര്‍ണമെന്റ് ചെയര്‍മാന്‍ റവ. ബിനോയി പി. ജേക്കബ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ഷാജി തോമസ് ടൂര്‍ണമെന്റ് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറി ജോസ് വര്‍ഗീസ് പൂന്തല ഏവര്‍ക്കും നന്ദി പറഞ്ഞു. എബി കരോട്ട് അമേരിക്കയുടേയും ഇന്ത്യയുടേയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു. വാശിയേറിയ മത്സരങ്ങളില്‍ ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചും, ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തുടര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്‌തു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് ട്രോഫികളും, ടീം അംഗങ്ങള്‍ക്ക് വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു. മത്സരങ്ങളില്‍ വിവിധ പൊസിഷനുകളില്‍ ഏറ്റവും നല്ല പ്രകടനം കാഴ്‌ചവെച്ച സനല്‍ തോമസ് (മാര്‍ത്തോമാ ചര്‍ച്ച് -എം.വി.പി), മെറിന്‍ മാപ്ലശേരില്‍ (സീറോ മലബാര്‍ കത്തീഡ്രല്‍- ബെസ്റ്റ് ഡിഫന്‍സ്), നിഥിന്‍ തോമസ് (മാര്‍ത്തോമാ ചര്‍ച്ച്- ബെസ്റ്റ് ഒഫന്‍സ്) എന്നിവര്‍ക്കും പ്രത്യേക ട്രോഫികള്‍ സമ്മാനിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള ട്രോഫികള്‍ യഥാക്രമം ബെഞ്ചമിന്‍ തോമസും, രഞ്ചന്‍ ഏബ്രഹാമും, മറ്റ് വിവിധ ട്രോഫികള്‍ ഷിബു ഏബ്രഹാം, ജെയിംസ് പുത്തന്‍പുരയ്‌ക്കല്‍, ഡേവിഡ് ജോര്‍ജ് എന്നിവരുമാണ് സ്‌പോണ്‍സര്‍ ചെയ്‌തത്. റവ. ബിനോയി പി. ജേക്കബ് (ടൂര്‍ണമെന്റ് ചെയര്‍മാന്‍), ബെഞ്ചമിന്‍ തോമസ് (ജനറല്‍ കണ്‍വീനര്‍), രഞ്ചന്‍ ഏബ്രഹാം, ജോണ്‍സണ്‍ വള്ളിയില്‍, മാത്യു കരോട്ട് എന്നിവര്‍ ടൂര്‍ണമെന്റ് വിജയകരമാക്കുവാന്‍ നേതൃത്വം നല്‍കി. ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും കത്തോലിക്കാ, മാര്‍ത്തോമാ, യാക്കോബായ, ഓര്‍ത്തഡോക്‌സ്, സി.എസ്.ഐ തുടങ്ങിയ എപ്പിസ്‌കോപ്പല്‍ സഭാ വിഭാഗങ്ങളില്‍പ്പെട്ട 16 പള്ളികളുടെ കൂട്ടായ്‌മയാണ് ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍. ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കൗണ്‍സിലിന്റെ രക്ഷാധികാരിയും, റവ. ഷാജി തോമസ് കൗണ്‍സില്‍ പ്രസിഡന്റുമാണ്. വിവിധ ടീമുകള്‍ക്ക് ഒപ്പം നിരവധി ബ. വൈദീകരും, വിശ്വാസികളും ടൂര്‍ണമെന്റിന് സാക്ഷ്യംവഹിക്കാന്‍ എത്തിയിരുന്നു.
Comments