1945ആഗസ്റ്റ് 6ന് അമേരിക്കന്‍ ബി. 59 ബോംബ് വിമാനം ഹിരോഷിമാ നഗരത്തില്‍ വര്‍ഷിച്ച ആറ്റം ബോംബ് 140,000 മനുഷ്യജീവനുകള്‍ അപഹരിച്ചതിന്റെ വേദനിക്കുന്ന ഓര്‍മ്മകള്‍ ജപ്പാന്‍ ജനത ഇന്നു പങ്കുവെച്ചു. ഈ നൂറ്റാണ്ടില്‍ ലോകജനത കൂടുതല്‍ ഭയക്കുന്ന ന്യൂക്ലിയര്‍ ആയുധങ്ങള്‍ ഉന്മൂലനം ചെയ്തു സമാധാന പൂര്‍ണ്ണമായ ഒരു ലോകസൃഷ്ടിയ്ക്കായി അണി നിരക്കുവാന്‍ പ്രതിജ്ഞയെടുക്കണമെന്ന് ഹിരോഷിമാ മേയര്‍ കസുമി മറ്റ്‌സ് അഭ്യര്‍ത്ഥിച്ചു. ഹിരോഷിമാ ബോംബാക്രമണത്തില്‍ നിന്നും കഷ്ടപ്പെട്ടു രക്ഷപ്പെട്ടവരും, ആറ്റം ബോംബിന്റെ തിക്ത ഫലങ്ങള്‍ ഇന്നും അനുഭവിക്കുന്നവരും, ഗവണ്‍മെന്റ് പ്രതിനിധികളും, വിദേശ പ്രതിനിധികളും പങ്കെടുത്ത മെമ്മോറിയല്‍ സര്‍വ്വീസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേയര്‍. ഹിരോഷിമാക്കുശേഷം മൂന്നാം ദിവസം നാഗസാക്കിയില്‍ നടത്തിയ ബോംബാക്രമണത്തില്‍ 70,000 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. രണ്ടാം ലോകമഹായുദ്ധത്തില്‍ നാഗസാക്കി ബോംബാക്രമണത്തിനു 6 ദിവസങ്ങള്‍ക്കു ശേഷം 1945 ആഗസ്റ്റ് 15ന് ജപ്പാന്‍ സഖ്യകക്ഷികള്‍ക്ക് കീഴടങ്ങിയതായി പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് പൂര്‍ണ്ണ വിരാമമിട്ടത് 1945 സെപ്റ്റംബര്‍ 2നായിരുന്നു. നിരവധി ന്യൂക്ലിയര്‍ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജപ്പാന്‍ ജനത ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്‌സ് പക്ഷിയെപോലെ ചിറടിച്ചു ഉയരുന്നതായാണ് ലോകജനത ദര്‍ശിച്ചത്.
Comments