ശങ്കരന്‍കുട്ടി, ഒക്കലഹോമ
ഒക്കലഹോമ: ഒക്കലഹോമയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിപ്പോകുന്ന ഗോപിനാഥന്‍ നായര്‍ക്കും, ഭാര്യ രമണിയമ്മയ്‌ക്കും കൂടാതെ ഒക്കലഹോമയില്‍ നിന്നും ഫ്‌ളോറിഡയിലേക്ക് സ്ഥലംമാറിപ്പോകുന്ന പ്രദ്യുമ്‌നനും (കുട്ടന്‍) സ്‌നേഹോഷ്‌മളമായ യാത്രയയപ്പ് നല്‍കി ആദരിച്ചു. മലയാളക്കരയില്‍ നിന്നും അമേരിക്കയിലെത്തി മലയാളത്തിന്റെ മാധുര്യവും മഹത്വവും അറിയിച്ച് അമേരിക്കയിലെ മലയാളി സുഹൃത്തുക്കളോട് യാത്ര പറയുമ്പോള്‍ മനസില്‍ വികാരത്തിന്റെ മുറിവുകള്‍ സൃഷ്‌ടിച്ച് പടിയിറങ്ങുന്നതുപോലെയാണെന്ന് ദമ്പതികള്‍ ഓര്‍പ്പിച്ചു. സാധാരണ മലയാളികളില്‍ വായനയുടെ തിരിനാളം സൃഷ്‌ടിച്ച് ഇന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്ന മുട്ടത്തുവര്‍ക്കിയുടെ നൂറാം ജന്മദിനത്തെക്കുറിച്ചുള്ള ഓര്‍മ്മ പുതുക്കുകയും മലയാള സാഹിത്യത്തിലെ ജീവിച്ചിരിക്കുന്ന പെരുന്തച്ചന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് എണ്‍പതാം ജന്മദിനാശംസകള്‍ നേരുകയും, മലയാള സാഹിത്യത്തിന്റെ അഭിമാനമായ പകരംവെയ്‌ക്കാനില്ലാത്ത എം.ടിയുടെ ശിഷ്‌ടജീവിതം `ഓളവും തീരവും'പോലെ ഒരിക്കലും നിലയ്‌ക്കാതെ ശാന്തമായി അനസ്യൂതം മലയാള സാഹിത്യത്തില്‍ ഒഴുകിക്കൊണ്ടേയിരിക്കട്ടെ എന്നും ആശംസിച്ചു. മലയാളികളുടെ മഹോത്സവമായ പൊന്നോണം സെപ്‌റ്റംബര്‍ മാസം 14-ന് ഒക്കലഹോമയിലെ മൂര്‍ സിറ്റിയിലുള്ള ഹില്‍സ് ഡേല്‍ കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് വര്‍ണ്ണശബളമായി ആഘോഷിക്കുവാനും തീരുമാനിച്ചു. കര്‍ണ്ണാടക സംഗീതവിദ്വാനും മലയാള സംഗീതശാഖയ്‌ക്ക് `ഹൃദയസരസിലെ ശംഖുപുഷ്‌പം' പോലെ എന്നെന്നും ഓര്‍മ്മിക്കുവാന്‍, താലോലിക്കുവാന്‍ ഒരുപിടി നല്ല ഗാനങ്ങള്‍ നല്‍കുകയും അവ ആസ്വദിക്കാന്‍ മലയാളികളെ പ്രാപ്‌തരാക്കുകയും ചെയ്‌ത പ്രശസ്‌ത സംഗീതജഞന്‍ അന്തരിച്ച ദക്ഷിണാമൂര്‍ത്തി സ്വാമിക്ക് അശ്രുപുഷ്‌പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് സമ്മേളനം സമാപിച്ചു.
Comments