ഡാളസ്: ഈസ്റ്റ് ഡാളസിലേയും ഡിസോട്ടയിലേയും വീടുകളില്‍ എര്‍ബി ബോസര്‍ നടത്തിയ വെടിവെയ്‌പില്‍ നാലുപേര്‍ മരിക്കുയും, നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവം റിപ്പോര്‍ട്ട് ചെയ്‌തു. ഓഗസ്റ്റ് ഏഴിന് ബുധനാഴ്‌ച രാത്രി 10.30-നായിരുന്നു ആദ്യസംഭവം. മസ്‌കീറ്റ് ഇന്‍ഡിപെന്‍ഡന്റ് സ്‌കളില്‍ അധ്യാപകനായും, യു.എസ് ആര്‍മി സ്റ്റാഫ് സാര്‍ജന്റുമായി രണ്ടു ദശാബ്‌ദക്കാലം പ്രവര്‍ത്തിച്ച എര്‍ബി ആദ്യം തോക്കുമായി എത്തിയത് മുന്‍ ഗേള്‍ഫ്രണ്ടിന്റെ വീട്ടിലേക്കായിരുന്നു. ഈസ്റ്റ് ഡാളസിലുള്ള ഈ വീട്ടിലെ മുതിര്‍ന്ന ഒരു സ്‌ത്രീയേയും 17 വയസുള്ള മകള്‍, മകളുടെ 19 വയസുള്ള കൂട്ടുകാരി, 14 വയുള്ള മകന്‍ എന്നിവര്‍ക്ക് നേരേയാണ് ആദ്യം വെടിയുതിര്‍ത്തത്. മുതിര്‍ന്ന സ്‌ത്രീയും 17 വയസുള്ള മകളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷം പ്രതി ആറുമൈല്‍ അകലെയുള്ള ഡിസോട്ടയിലുള്ള മുന്‍ ഭാര്യയുടെ വീട്ടില്‍ എത്തി. കൈയ്യില്‍ കരുതിയിരുന്ന ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിനുശേഷമാണ് വെടിവെയ്‌പ് ആരംഭിച്ചത്. ഇവിടെയുള്ള രണ്ടു സ്‌ത്രീകള്‍ കൊല്ലപ്പെടുകയും 11,13 വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഡിസോട്ടയിലെ വീട്ടില്‍ നിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പ്രതിയെന്ന് സംശയിക്കുന്ന എര്‍ബിയെ പിടികൂടുകയായിരുന്നു. ശാന്തനായി പ്രതി പോലീസിനു മുന്നില്‍ കീഴടങ്ങിയതായി പോലീസ് ഇന്നുരാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിച്ചുവരുന്നു.
Comments