ജോജോ തോമസ്
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റിലെ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ നാമഥേയത്തിലുള്ള സീറോ മലബാര്‍ പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം ജൂലൈ 28-ന് ഞായറാഴ്‌ച ആഘോഷിച്ചു. കേരളത്തിലെ എം.സി.ബി.എസ് സഭയുടെ കോട്ടയത്തുള്ള എമ്മോവുസ് പ്രോവിന്‍ഷ്യാള്‍ റവ.ഡോ. ഫ്രാന്‍സീസ് കൊടിയന്റെ മുഖ്യകാര്‍മികത്വത്തില്‍ ഇടവക വികാരി ഫാ. അബ്രഹാം വെട്ടിയോലിലും, ഫാ. ജോബി മാത്യു പുന്നിലത്തിലും സഹകാര്‍മികരായി ദിവ്യബലിയര്‍പ്പിച്ചു. സഹനത്തിന്റെ പുത്രിയായി ജീവിതവിശുദ്ധിയുമായി അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട ഭാരതത്തിലെ പ്രഥമ വിശുദ്ധയാണ് അല്‍ഫോന്‍സാമ്മ. അല്‍ഫോന്‍സാമ്മ എന്ന കന്യകയുടെ ആന്തരീക വിശുദ്ധിയില്‍ നിറഞ്ഞിരുന്നത് ശിശുസഹജമായ നിഷ്‌കളങ്കത, അന്യാദൃശ്യമായ പരസ്‌നേഹം, സ്വഭാവാതീതമായ സഹനശക്തി, ദൈവ തിരുമനസിനോടുള്ള സമ്പൂര്‍ണ്ണമായ സഹകരണം, ക്രസ്‌തുവിനോടുകൂടിയും, ക്രസ്‌തുവിനെ പ്രതിയും ജീവിക്കുക ഇതായിരുന്നു സന്യാസവ്രതത്തിലൂടെ അല്‍ഫോന്‍സാമ്മ എന്ന് വചനസന്ദേശത്തില്‍ ഫ്രാന്‍സീസ് കൊടിയനച്ചന്‍ അനുസ്‌മരിപ്പിച്ചു. ദിവ്യബലിയെ തുടര്‍ന്ന് അല്‍ഫോന്‍സാമ്മയുടെ നൊവേനയും, ലദീഞ്ഞും നേര്‍ച്ച വെഞ്ചരിപ്പും, തിരുശേഷിപ്പ് മുത്തലും ഉണ്ടായിരുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ രൂപം എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം ദേവലയത്തിനുള്ളില്‍ നടത്തിയത് വളരെ ശ്രദ്ധേയമായി. ജോര്‍ജ് മുണ്ടിയാനിയും, ലിന്‍ജു ജോണ്‍സണും അടങ്ങിയ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ തിരുകര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കി. ന്യൂയോര്‍ക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ന്യൂജേഴ്‌സിയില്‍ നിന്നും വളരെയേറെ അല്‍ഫോന്‍സാ ഭക്തര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. ഈവര്‍ഷത്തെ അല്‍ഫോന്‍സാ തിരുനാള്‍ പ്രസുദേന്തി പായിപ്പാട്ട് ഫിലിപ്പും, ലിസ്സിയും ആയിരുന്നു. വിഭവസമൃദ്ധമായ അത്താഴവിരുന്നും ഒരുക്കിയിരുന്നു. ഇടവക വികാരി ഫാ. അബ്രഹാം വെട്ടിയോലില്‍ അച്ചന്റെ നേതൃത്വത്തില്‍ കര്‍മ്മോത്സുകരായി പ്രവര്‍ത്തിക്കുന്ന ഒരു സീറോ മലബാര്‍ സമൂഹമാണ് സ്റ്റാറ്റന്‍ഐലന്റിലെ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ നാമഥേയത്തിലുള്ള ഈ മിഷനിലുള്ളത് എന്നത് അഭിമാനകരമായ വസ്‌തുതയാണ്.
Comments