You are Here : Home / USA News

ബിഷപ്‌ ജോര്‍ജ്‌ ഐസക്‌ അനുസ്‌മരണ കൂടിവരവും ആരാധനയും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 14, 2013 02:10 hrs UTC

ഷിക്കാഗോ: സി.എസ്‌.ഐ നോര്‍ത്ത്‌ കേരള മഹായിടവക പൂര്‍വ്വകാല ബിഷപ്പ്‌ റൈറ്റ്‌ റവ.ഡോ. ജോര്‍ജ്‌ ഐസക്ക്‌ തിരുമേനി ഓഗസ്റ്റ്‌ ഒമ്പതാം തീയതി ഇകലോകവാസം വെടിഞ്ഞു. ദീര്‍ഘകാലം റിലിജന്‍സ്‌ വിഭാഗം തലവനായി സേവനം അനുഷ്‌ഠിച്ച വെല്ലൂര്‍ മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. കോടുകുളഞ്ഞി സ്വദേശി ലില്ലി കൊച്ചമ്മയാണ്‌ സഹധര്‍മ്മിണി. മക്കളില്ല. ചിക്കാഗോ തിയോളജിക്കല്‍ കോളജില്‍ നിന്നാണ്‌ കൗണ്‍സിലിംഗില്‍ ഡോക്‌ടര്‍ ബിരുദം നേടിയത്‌. 1988 മുതല്‍ 1991 വരെ ചിക്കാഗോ സി.എസ്‌.ഐ കോണ്‍ഗ്രിഗേഷന്‍ വികാരിയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍, സി.എസ്‌.ഐ കൗണ്‍സില്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക എന്നിവയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിച്ചു. ഷിക്കാഗോയിലും നോര്‍ത്ത്‌ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ തിരുമേനിക്ക്‌ ധാരാളം സുഹൃദ്‌ ബന്ധങ്ങളുണ്ട്‌. റൈറ്റ്‌ റവ.ഡോ. ജോര്‍ജ്‌ ഐസക്‌ തിരുമേനിയുടെ അനുസ്‌മരണാര്‍ത്ഥം ഓഗസ്റ്റ്‌ 17-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ സി.എസ്‌.ഐ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ ഷിക്കാഗോയില്‍ വെച്ച്‌ (5857 W. Giddings, IL 60630) പ്രത്യേക ആരാധനയും അനുസ്‌മരണ കൂടിവരവും ക്രമീകരിച്ചിട്ടുണ്ട്‌. വൈകിട്ട്‌ 6.30-ന്‌ ആരംഭിക്കുന്ന ആരാധനയ്‌ക്ക്‌ സി.എസ്‌.ഐ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ വികാരി റവ. ബിനോയി പി. ജേക്കബ്‌ നേതൃത്വം നല്‍കും. ഷിക്കാഗോയിലും പരിസരങ്ങളിലുമുള്ള സി.എസ്‌.ഐ സഭകളില്‍ നിന്നും എക്യൂമെനിക്കല്‍ സഭകളില്‍ നിന്നുമുള്ള വൈദീകരുടെ നേതൃത്വവും സഭാ ജനങ്ങളും പങ്കെടുക്കും. ഇതൊരു അറിയിപ്പായി കണക്കാക്കി ജാതി മതഭേദമെന്യേ തിരുമേനിയുടെ എല്ലാ അഭ്യുദയകാംക്ഷികളും സംബന്ധിക്കണമെന്ന്‌ താത്‌പര്യപ്പെടുന്നു. 1969-ല്‍ സി.എസ്‌.ഐ നോര്‍ത്ത്‌ കേരളാ മഹായിടവകയില്‍ വൈദീകവൃത്തി സ്വീകരിച്ച റൈറ്റ്‌ റവ.ഡോ. ജോര്‍ജ്‌ ഐസക്‌ തിരുമേനി സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ കോഴിക്കോട്‌, ഇമ്മാനുവേല്‍ ചര്‍ച്ച്‌ എറണാകുളം എന്നിവിടങ്ങളില്‍ സേവനം അനുഷ്‌ഠിച്ചശേഷം 1981-ല്‍ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജില്‍ ചാപ്ലെയിനായി ശുശ്രൂഷ ആരംഭിച്ചു. 1983-ല്‍ ചിക്കാഗോ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും കൗണ്‍സിലിംഗില്‍ ഡോക്‌ടറേറ്റ്‌ നേടി വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തി റിലിജന്‍സ്‌ വിഭാഗത്തിന്റെ തലവനായി സേവനം അനുഷ്‌ഠിക്കുമ്പോഴാണ്‌ 1999-ല്‍ അപ്രതീക്ഷിതമായി നോര്‍ത്ത്‌ കേരള മഹായിടവക അദ്ധ്യക്ഷനായി നിയോഗിക്കപ്പെട്ടത്‌. ആരോഗ്യകാരണങ്ങളാല്‍ അവിടെ നിന്നും നേരത്തെ വിരമിച്ച്‌ കോട്ടയം മാങ്ങാനം അഗതി മന്ദിരത്തില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ജീവിതാവസാനം വരെ സത്യത്തിനും നീതിക്കുംവേണ്ടി പോരാടിയ തിരുമേനി നല്ലൊരു സുഹൃദ്‌ബന്ധം സ്ഥാപിച്ചാണ്‌ ഈ ലോകത്തില്‍ നിന്നും യാത്രയായത്‌. നല്ലൊരു ഗായകന്‍കൂടിയായിരുന്നു തിരുമേനിയും കൊച്ചമ്മയുംകൂടി ആരാധനമധ്യേ പലപ്പോഴും മനോഹരമായ ഗാനങ്ങള്‍ ആലപിക്കുമായിരുന്നു. വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജില്‍ സ്വന്തമായി ഒരു കൗണ്‍സിലിംഗ്‌ യൂണീറ്റും തുടങ്ങിയ തിരുമേനി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ധാരാളം അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്‌. ബിഷപ്‌ ജോര്‍ജ്‌ ഐസക്‌ അനുസ്‌മരണ കൂടിവരവും ആരാധനയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ചിക്കാഗോ സി.എസ്‌.ഐ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ വികാരി റവ. ബിനോയി പി. ജേക്കബുമായി (773 886 0479) ബന്ധപ്പെടുക. ചര്‍ച്ച്‌ വിലാസം: 5857 W. Giddings, IL 60630.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.