ഹ്യൂസ്റ്റന്‍: സീറൊ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ മിച്ചിഗനിലെ ഡിട്രോയിറ്റില്‍ നടത്തിയ കണ്‍വെന്‍ഷനില്‍ സെന്റ് ജോസഫ്‌സ് ഹ്യൂസ്റ്റന്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും വിലയേറിയ അംഗീകാരങ്ങള്‍ ലഭ്യമായി. ഇവിടെ നിന്നുള്ള കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും സ്‌ക്കിറ്റും അതീവ ഹൃദ്യമായിരുന്നു. ബെസ്റ്റ് കപ്പിള്‍ സൗഹാര്‍ദ്ദ മല്‍സരത്തില്‍ ഈ ചാപ്റ്ററില്‍ നിന്നുള്ള ആന്റണി ചെറു-ബനീജ ദമ്പതികള്‍ ഒന്നാം സ്ഥാന കിരീടമണിഞ്ഞു. എസ്.എം.സി.സി.യുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രകമ്മറ്റിയിലേക്ക് ഇവിടെ നിന്നുള്ള ബോസ് കുര്യന്‍ (വൈസ് പ്രസിഡന്റ്), ചാക്കോ കല്ലുകുഴി (ബോര്‍ഡ് മെമ്പര്‍), ബാബു ചാക്കൊ (ഫാമിലി അഫയേഴ്‌സ് കമ്മറ്റി), ആന്റണി ചെറു (ടെക്‌സാസ് റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍), ബനീജ ആന്റണി (സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ കമ്മറ്റി) എന്നിങ്ങനെയുള്ള മുഖ്യസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എസ്.എം.സി.സി ഹ്യൂസ്റ്റന്‍ ചാപ്റ്ററിന്റെ സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാദര്‍ ജേക്കബ് ക്രിസ്റ്റി, പ്രസിഡന്റ് ടോം കുന്തറ തുടങ്ങിയവര്‍ പുതിയ ഭാരവാഹികള്‍ക്കും ചാപ്റ്ററിലെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്കും അഭിനന്ദനവും പ്രശംസയും രേഖപ്പെടുത്തി. ഹ്യൂസ്റ്റനിലെ സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്.എം.സി.സിയുടെ ഈ ചാപ്റ്റര്‍ സേവനത്തിന്റെ പാതയില്‍ മുന്നേറ്റം തുടരുന്നു. ആരോഗ്യ പരിരക്ഷാ സെമിനാര്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, SAT പരീക്ഷയില്‍ ഏറ്റവും അധികം സ്‌കോര്‍ നേടിയ വിദ്യാര്‍ത്ഥിക്കുള്ള പാരിതോഷികങ്ങള്‍ നല്‍കല്‍ തുടങ്ങിയവ ഈ ചാപ്റ്ററിന്റെ ശ്രദ്ധേയങ്ങളായ പ്രവര്‍ത്തന പദ്ധതികളാണ്. ഹ്യൂസ്റ്റനിലെ നിര്‍ധനരായ ഭവനരഹിതര്‍ക്ക് വീട് വെച്ചുകൊടുക്കാനുള്ള ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്ന പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാനും ഇവിടത്തെ എസ്.എം.സി.സി ചാപ്റ്റര്‍ മുന്‍നിരയിലുണ്ട്.
Comments