ഷിക്കാഗോ: പ്രവാസി മലയാളി ശ്രീ ജോസ് കളത്തില്‍, ദീര്‍ഘനാളത്തെ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം മലയാളത്തില്‍ രചിച്ച `അമേരിക്ക-അമേരിക്ക വണ്ടര്‍ഫുള്‍ അമേരിക്ക' എന്ന ചരിത്ര പഠനഗ്രന്ഥത്തിന്റെ അമേരിക്കയിലെ പ്രസാധന കര്‍മ്മം നടത്തപ്പെട്ടു. ഓഗസ്റ്റ് രണ്ടിന് വെള്ളിയാഴ്‌ച ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടന്ന ഹൃസ്വവും പ്രൗഢഗംഭീരവുമായ ചടങ്ങില്‍ വെച്ച് ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹപ്രഭാഷണം നടത്തുകയും ഗ്രന്ഥത്തിന്റെ പ്രസാധന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്‌തു. പുസ്‌തകത്തിന്റെ ആദ്യപ്രതികള്‍ ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ളയും, ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും അഭിവന്ദ്യ അങ്ങാടിയത്ത് പിതാവില്‍ നിന്നും സ്വീകരിച്ചു. തുടര്‍ന്ന് അറിയപ്പെടുന്ന ഭിഷഗ്വരനും പ്രഭാഷകനുമായ ഡോ. റോയി പി. തോമസ്, സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്, കൈരളി ടിവി യു.എസ്.എ ഡയറക്‌ടര്‍ ശിവന്‍ മുഹമ്മ, ഷിക്കാഗോ യൂ.ഡി.എഫ് കണ്‍വീനര്‍ ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, സിനിമാ സംവിധായകനും, നിര്‍മ്മാതാവുമായ ജയന്‍ മുളങ്ങാട്, രൂപതാ ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഐ.എന്‍.ഒ.സി ഷിക്കാഗോ മുന്‍ പ്രസിഡന്റ് പോള്‍ പറമ്പി, മത-സാംസ്‌കാരിക പ്രവര്‍ത്തകന്‍ വക്കച്ചന്‍ പുതുക്കുളം എന്നിവരും പുസ്‌തകത്തിന്റെ പ്രതികള്‍ അങ്ങാടിയത്ത് പിതാവില്‍ നിന്നും സ്വീകരിച്ചു.
ചടങ്ങില്‍ പങ്കെടുത്ത വിശിഷ്‌ടാതിഥികള്‍ എല്ലാവരും അനുമോദിച്ചു. ജോയിച്ചന്‍ പുതുക്കുളം ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ഗ്രന്ഥ രചയിതാവ് ജോസ് കളത്തില്‍ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും, ദീര്‍ഘനാള്‍ നടത്തിയ അന്വേഷണത്തെക്കുറിച്ചും പഠനങ്ങളെക്കുറിച്ചും വിശദീകരിക്കുകയും, ഈ മഹനീയ കര്‍മ്മത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു. വളരെ വിജ്ഞാനപ്രദവും, ഈടുറ്റതുമായ ഈ റഫറന്‍സ് ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം ഏറ്റെടുത്തിരിക്കുന്നത് ദീപിക ബുക്ക് ഹൗസാണ്. 375-ലധികം പേജുകളിലായി അച്ചടിച്ചിരിക്കുന്ന ഈ മനോഹരഗ്രന്ഥത്തിന് മുഖ്യ അവതാരിക എഴുതിയിരിക്കുന്നത് ലോക മലയാളി സമൂഹത്തിന്റെ അഭിമാനവും, മുന്‍ അംബാസിഡറും നിരവധി പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ളയാളും, ഇപ്പോള്‍ കേരളാ സ്റ്റേറ്റ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ശ്രീ ടി.പി. ശ്രീനിവാസനും, മാതൃഭൂമി ദിനപത്രം മുന്‍ ഡപ്യൂട്ടി എഡിറ്റര്‍ ശ്രീ. കെ.സി. ജോസഫുമാണ്.
ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ ഇതിന്റെ കൈയ്യെഴുത്ത് പ്രതി വായിച്ച് ഇതിലേക്ക് ആസ്വാദന, ആശംസാരചന നടത്തിയിരിക്കുന്നത് അഭിവന്ദ്യ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ്, ഡോ. ജോജി ചെറിയാന്‍ M.D., M.phil, FHM, റവ.ഫാ. ഏബ്രഹാം പുത്തന്‍പറമ്പില്‍ എം.എസ്.എഫ്.എസ് എന്നിവരാണ്. ചങ്ങനാശേരി പെരുന്ന സ്വദേശിയും, ഇപ്പോള്‍ തൃക്കൊടിത്താനത്ത് സ്ഥിരതാമസക്കാരനും അമേരിക്കന്‍ പ്രവാസിയുമായ ജോസ് കളത്തിലിന്റെ ഭാര്യ ലീലാമ്മ ജോസ് ആണ്. മുന്നു മക്കള്‍- സോണി, സോഫി, സോബിന്‍. റോസലിന്‍, ബിന്നിച്ചന്‍, ജിജിമോള്‍ എന്നിവര്‍ മരുമക്കളുമാണ്. മരുമകന്‍ ബിന്നിച്ചന്റെ പിതാവാണ് പത്രപ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുക്കുളം. ലോക രാഷ്‌ട്രങ്ങളില്‍ ഇന്നും മുമ്പന്തിയില്‍ നില്‍ക്കുന്ന അമേരിക്കയുടെ ചരിത്രവും ഭൂമിശാസ്‌ത്രവും മാത്രമല്ല, അമേരിക്കന്‍ ജനതയുടെ ജീവിതരീതിയും അവരുടെ നേതാക്കന്മാരുടെ വിജയരഹസ്യങ്ങളും രാജ്യത്തിന്റെ രാഷ്‌ട്രീയ, സാമ്പത്തിക, സാംസ്‌കാരിക വികസനങ്ങളും കണ്ടുപിടിത്തങ്ങളും ഈ ഗ്രന്ഥത്തില്‍ കാണാവുന്നതാണ്. ഗ്രന്ഥത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ദീപിക ബുക്ക് ഹൗസ്, ശാസ്‌ത്രി റോഡ്, കോട്ടയം -6860001. ഇമെയില്‍: deepikabookhouse@gmail.com ജോസ് കളത്തില്‍ (യു.എസ്.എ) 252 654 0876. ഇമെയില്‍: joychen45@hotmail.com
Comments