മയാമി: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) ഫ്‌ളോറിഡാ ചാപ്‌റ്ററിന്റെ നേതൃത്വത്തില്‍ സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സമൂഹം ജന്മനാടിന്റെ 67-മത് സ്വാതന്ത്ര്യാഘോഷങ്ങളില്‍ പങ്കുകാരായി ഇന്ത്യാരാജ്യത്തോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ലോക ചരിത്രത്തില്‍ ആദ്യമായി അക്രമരാഹിത്യത്തിലൂടെ അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യത്തെ ജനതതിയെ സ്വതന്ത്രരാക്കി ലോക മനസാക്ഷിക്കുമുന്നില്‍ എന്നും മാതൃകയും, വഴികാട്ടിയും, സമാധാനത്തിന്റെ പ്രതിരൂപ ചിഹ്നവുമായിത്തീര്‍ന്ന മഹാത്മജി. അദ്ദേഹത്തോടുള്ള ആദരവിനായി ഫ്‌ളോറിഡാ സംസ്ഥാനത്തെ ഡേവി നഗരത്തില്‍ പണിതുയര്‍ത്തിയ ഗാന്ധി സ്‌ക്വയറിലാണ് ഈവര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചത്. വൈകുന്നേരം 6 മണിക്ക് ഗാന്ധി സ്‌ക്വയറില്‍കൂടിയ സമ്മേളനത്തില്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ജീവത്യാഗം ചെയ്‌ത ദേശസ്‌നേഹികള്‍ക്ക് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പരിപാടികള്‍ ആരംഭിച്ചു. ഐ.എന്‍.ഒ.സി ഫ്‌ളോറിഡാ ചാപ്‌റ്റര്‍ പ്രസിഡന്റ് അസീസ്സി നടയില്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ഡോ. മാമ്മന്‍ സി. ജേക്കബ്, ജിജി നീലത്തുംമുക്കില്‍, ശ്രീകുമാര്‍ ഹരിലാല്‍, ബാബു വര്‍ഗീസ്, എബി ആനന്ദ്, ജോര്‍ജി വര്‍ഗീസ്, കുഞ്ഞമ്മ കോശി, ഷീലാ ജോസ്, ആനി കോശി, ജോയി കുറ്റിയാനി, ജാസ്‌മിന്‍ നടയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഐ.എന്‍.ഒ.സി സെക്രട്ടറി സജി സക്കറിയാസ് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്‌തു.
Comments