You are Here : Home / USA News

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അവശിഷ്‌ടങ്ങള്‍

Text Size  

Story Dated: Saturday, August 17, 2013 03:03 hrs UTC

ഇന്ത്യാ മഹാരാജ്യം 67ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മൂന്നരക്കോടിമലയാളികളുടെ മുന്നില്‍ ലാവ്‌ലിന്‍സരിത സംയുക്‌തജനാധിപത്യ നേതാക്കള്‍ കേരളത്തിന്റെ തലസ്‌ഥാനത്ത്‌ തിമിര്‍ത്താഘോഷിച്ചു. പ്രതിപക്‌ഷനേതാവ്‌ ശ്രീ. അച്യുതാനന്ദന്‍, കെ.പി. സി. സി. പ്രസിഡന്റ്‌ ശ്രീ. രമേശ്‌ ചെത്തിത്തല എന്നിവര്‍ `അന്തംവിട്ട ്‌കുന്തംവിഴുങ്ങിയവരേപ്പോലെ' പകച്ചു നില്‍ക്കുന്നു. ഉമ്മന്‍ ചാണ്ടിയും, പിണറായിവിജയനും സഹപ്രവര്‍ത്തകരെ `വലിപ്പിച്ച' ആവേശത്തില്‍ തുള്ളിച്ചാടുന്നു. ഇന്നലത്തെ വൈരികള്‍ ഇന്ന്‌ സഖികളായിരിക്കുന്നു. ഹാ! എത്ര നല്ല കറപുരളാത്ത കൈകള്‍? നിര്‍മ്മല മനസ്‌! സംശുദ്‌ധഭരണം! കുറെ അല്‌പജ്‌ഞാനികള്‍ ഇരുചേരിയിലും നിന്ന്‌ ആര്‍പ്പ്‌ വിളിക്കുന്നു. വിവേകമതികളായ മലയാളി വരാന്‍ പോകുന്ന നാശത്തെയോര്‍ത്ത്‌ വിലപിക്കുന്നു. പ്രിയസഖാവേ! പ്രതിപക്‌ഷ നേതാവേ! അങ്ങേയ്‌ക്ക്‌ ഇനി ഒരങ്കത്തിനു ബാല്യമില്ല, വിവേകമതികള്‍ സ്‌നേഹത്തോടെ പറയുന്നു `ലാല്‍സലാം'. `ഗുഡ്‌ബൈ'.

 

 

കെ.പി.സി.സി. പ്രസിഡന്റ്‌ ശ്രീ. രമേശ്‌ ചെന്നിത്തല, താങ്കളുടെ പരാജയം ജനം തിരിച്ചറിയുന്നു. അതുകൊണ്ട്‌ ഒന്നു പറയുന്നു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യംനടപ്പിലാക്കിഒരാള്‍ക്ക്‌ഒരു പദവി നടപ്പിലാക്കാന്‍ കഴിയണം. 40വര്‍ഷത്തെ പൊതുജനസേവനം ക്രെഡിറ്റായിഎടുത്തുപറയുന്ന ഉമ്മന്‍ചാണ്ടിയ്‌ക്കും പിണറായിക്കും പറ്റിയ ഒരുവലിയ അമളിയായിരുന്നു ഈയാഴ്‌ചയില്‍ തിരുവനന്തപുരം കണ്ടത്‌. പണ്ടെങ്ങാണ്ടെ പറഞ്ഞുകേട്ട ശൈലിയില്‍ഒരു ഉപരോധം പിണറായി സ്വപ്‌നം കണ്ടു, പുന്നപ്ര മോഡല്‍ ഒരു പട്ടാളത്തെ ഉമ്മന്‍ചാണ്ടിയും ഇറക്കി. ഗവണ്‍മെന്റിന്റെ തെമ്മാടിത്തരങ്ങള്‍ കണ്ട്‌ പൊറുതിമുട്ടിയ ജനങ്ങള്‍ സമരത്തിനിറങ്ങി. സമരക്കാരെ കണ്ട്‌ സമരനേതാക്കള്‍ഞെട്ടി. പട്ടാളത്തെ ഇറക്കിയ മുഖ്യമന്ത്രി അവര്‍ക്ക്‌ പ്രാഥമിക ആവശ്യങ്ങള്‍ നല്‍കാന്‍ കഴിയാതെ ഞെട്ടി. അവസാനം പട്ടാളക്കാരും സമരക്കാരുംകൂടി തലസ്‌ഥാനത്ത്‌ ഒരു `മലനാട്‌' (മലം നിറഞ്ഞനാട്‌) തീര്‍ക്കുമെന്നുറപ്പായപ്പോള്‍ സരിതയും ലാവ്‌ലിനും ഒന്നിച്ച്‌ പാടി. `കട്ട തല്ലിവിത്തെറിഞ്ഞ കൂട്ടരെ ഈ ഒട്ടിയവയറ്‌ കാണ്‍മതെന്ത്‌?' പ്രളയക്കെടുതിയും സ്വാതന്ത്ര്യദിനാഘോഷവും തലപൊക്കി. (ഓഗസ്റ്റ്‌ 15 സ്വാതന്ത്രദിനമാണെന്നു പോലും അറിയാത്തവരാണിവരെന്ന്‌ ജനം ഇപ്പോളറിയുന്നു.) `ജുഡീഷനല്‍ അന്വേഷണം' മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിന്റെ കള്ളക്കളി അറിയാന്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ സാധുക്കളുടെ രക്‌തം കുടിച്ചുവീര്‍ത്ത ഈ നേതാക്കന്മാരില്‍ പലരും ജയിലറയിലാകും.

 

 

ജനാധിപത്യത്തിന്റെ മറവില്‍ നിലനില്‍ക്കുന്ന ഏകാധിപത്യമാണ്‌, ഇന്ത്യന്‍ ഭരണസംവിധാനമെന്ന്‌ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അഹിംസാ തന്ത്രത്തിലൂടെ ബ്രട്ടീഷുകാരില്‍ നിന്നുംഇന്ത്യസ്വതന്ത്രമായിട്ട്‌ ആറ്‌ പതിറ്റാണ്ട്‌കഴിഞ്ഞപ്പോഴേയ്‌ക്കും ഇത്തരമൊരു അഴിമതിയുടെ വഴിയില്‍വിഘടനവാദത്തിന്റെ വിത്ത്‌വിതച്ച്‌ അനിശ്ചിതാവസ്‌ഥയിലേക്ക്‌ രാജ്യം വഴുതിക്കൊണ്ടിരിക്കുന്നു അങ്ങ്‌ഡല്‍ഹിയിലും അഴിമതിയുടെ കാഹളമല്ലേ ഈ സ്വാതന്ത്രദിനത്തില്‍ ധ്വനിച്ചത്‌? നെഹ്‌റു കുടുംബത്തിന്റെ അധികാരമേധാവിത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലും പിളര്‍പ്പിലും ഭരണത്തിലും ജനം പൊറുതിമുട്ടി. എന്നിരിക്കിലും മനുഷ്യജീവന്‌ വിലകല്‌പിക്കുന്ന ഒരു ഭരണംകോണ്‍ഗ്രസിന്റെ അജന്‍ഡായില്‍ ഉണ്ടായിരുന്നു. ഇന്ന്‌ മനുഷ്യജീവന്‌ യാതൊരുവിലയുമില്ലാതായിരിക്കുന്നു. പതിനായിരങ്ങള്‍ ചത്തൊടുങ്ങുമ്പോള്‍ ഒരുകടുത്ത അനുശോചനം മാത്രം! വ്യക്‌തിക്കുംസ്വത്തിനം സംരക്‌ഷണം നല്‌കാന്‍ കഴിയാത്ത സര്‍ക്കാര്‍അത്‌ഏതു പാര്‍ട്ടിയായാലും കിരാതഭരണമാണ്‌ നടത്തുന്നത്‌. വിദേശപ്പണത്തിന്റെയും വിദേശീയമായ അനുകരണത്തിന്റേയും മറവില്‍കാലത്തിന്റെ ഗതിയില്‍സ്വാഭാവികമായ ചില പുരോഗതിവന്നിട്ടുള്ളതല്ലാതെ സ്വന്തമായിമറ്റുള്ള രാഷ്‌ട്രങ്ങളേപ്പോലെ പൊതുജനജീവിതക്രമത്തില്‍ യാതൊരുവിധ നേട്ടങ്ങളും ഇന്ത്യാ മഹാരാജ്യത്തിന്‌ നേടാന്‍ കഴിഞ്ഞിട്ടില്ല. എന്തെങ്കിലും പുതുജീവന്‍ പ്രാപിച്ചിട്ടുണ്ടെങ്കില്‍ അത്‌ വിദേശപ്പണത്തിന്റെ തണലില്‍ മാത്രമാണ്‌. കഴിഞ്ഞ ഒരുദശകത്തിലെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ ദാരിദ്രരേഖയ്‌ക്ക്‌താഴെയുള്ളവരുടെ എണ്ണം മുപ്പതുശതമാനമാണ്‌.

 

 

അതായത്‌ നൂറ്റിയാറുകോടിയിലേക്ക്‌എത്തിനില്‍ക്കുന്ന ഇന്ത്യയുടെ ജനസംഖ്യയില്‍ മുപ്പതുകോടിയോളം വരുന്ന ദലിതര്‍. വിഘടനസ്വഭാവമുള്ള വര്‍ഗീയ പാര്‍ട്ടികളുടെ ഇംഗിതത്തിനു വശംവദരായി ഇന്ത്യ ഇന്നും വിഭജിക്കപ്പെട്ടുകൊണ്ടിരിക്കയാണ്‌. 29 സ്‌റ്റേറ്റുകളായിരൂപപ്പെടുന്നത്‌ വര്‍ഗീയതയുടെ അഗ്‌നിപര്‍വതങ്ങളാണ്‌. അവിടെ സാധുജനസേവനമോ, ദാരിദ്ര്യനിര്‍മ്മാര്‍ജനമോ വിഷയമാകുന്നില്ല. അയല്‍ക്കാരനെ അന്യനും ശത്രുവുമാക്കുന്നു ഇന്നത്തെ ഇന്ത്യന്‍ മതാധിഷ്‌ഠിത രാഷ്‌ട്രീയം. ഹരിജനവിഭാഗം ഇന്നും സവര്‍ണ്ണരില്‍ നിന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ നിരവധിയാണ്‌. ഹരിജനസ്‌ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു. വിശപ്പിനാഹാരവും ഉടുക്കാന്‍ വസ്‌ത്രവും കിടന്നുറങ്ങാന്‍ സ്‌ഥലവും മനുഷ്യാവകാശമാണെങ്കില്‍ അത്‌ നേടാനുള്ള വ്യവസ്‌ഥിതി ഇനിയും എത്രയോകാതം അകലെയാണ്‌? ഉത്തരേന്ത്യയിലെ മിക്ക ഗ്രാമങ്ങളിലും അക്‌ഷരാഭ്യാസമില്ലാതെ, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഗ്രാമത്തലവന്മാരുടെ ചൂഷണഭരണത്തിലമര്‍ത്തപ്പെട്ടിരിക്കുന്ന ജനതയ്‌ക്ക്‌ ഇനി എന്നാണ്‌വിടുതല്‍ ഉണ്ടാകുക? മിതഭാഷിയായ മന്‍മോഹന്‍സിംഗ്‌, ഇന്ത്യയുടെ പ്രഗത്‌ഭനായ പ്രധാനമന്ത്രിക്ക്‌ നമസ്‌കാരം! ഈ ഓഗസ്റ്റ്‌ 20ന്‌ രാജീവ്‌ ഗാന്‌ധിയുടെ എഴുപതാം ജന്മദിനമാണ്‌. 1984ല്‍ നാല്‍പ്പതാമത്തെ വയസില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്‌ഥാനരോഹണംചെയ്‌ത ആ മഹത്‌വ്യക്‌തിയുടെ ഭാര്യ എന്ന പദവി മാത്രമുള്ള ഇറ്റലിക്കാരി സോണിയഗാന്‌ധി `മാനത്തുനിന്നു പൊട്ടിവീണോ, ഭൂമീന്നു തനിയേമുളെച്ചുവന്നോ' കഴിഞ്ഞ പത്തുവര്‍ഷക്കാലം സമാധാനപരമായ ഭരണംകാഴ്‌ചവച്ചു. പക്‌ഷേ പാര്‍ട്ടിവളര്‍ന്നില്ല, പകരം കുട്ടിനേതാക്കന്മാര്‍ വളര്‍ന്നു. അടുത്ത വരുന്ന തിരഞ്ഞെടുപ്പില്‍ പ്രാദേശികപ്പാര്‍ട്ടികളുടെ വര്‍ഗീയവിജയം ദര്‍ശിക്കാം.ഒരു പാര്‍ട്ടിക്കും ഭൂരിപക്‌ഷം ലഭിക്കാതെ വരുന്ന അവസ്‌ഥ ഉണ്ടാകുന്നത ്‌ എല്ലാ പാര്‍ട്ടികളും നാശത്തിലേയ്‌ക്ക്‌ രാഷ്‌ട്രത്തെ വലിച്ചിഴക്കുന്നുവെന്ന്‌ പൊതുജനം മനസിലാക്കുന്നതിനാലാണ്‌. മോഡിയുടെയോ, രാഹുല്‍ ഗാന്‌ധിയുടെയോ കൈകളില്‍ ഇന്ത്യസുരക്‌ഷിതമാകുമോ? `ഇല്ല' എന്നു പറയുവാന്‍ മനസ്‌ വെമ്പുന്നു. എങ്കിലും `ലോകസമസ്‌താംസുഖിനോ ഭവന്തു' എന്ന്‌ പ്രാര്‍ത്‌ഥിക്കുന്നു. ജയ്‌ഹിന്ദ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.