ഡാലസ്: വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയില്‍ നിന്നും ഇടവകാംഗങ്ങള്‍ വിശുദ്ധനാട് സന്ദര്‍ശിച്ചു. ഇടവകവികാരി ഫാ. ജോജി കണിയാംപടിയുടെ നേതൃത്വത്തില്‍ യേശുവിന്റെ പാദസ്പര്‍ശനമേറ്റ പുണ്യവീഥികളിലൂടെ ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ പതിനൊന്നാം തീയതി വരെ നടത്തിയ തീര്‍ത്ഥയാത്ര, ഇടവകയിലെ അന്‍പതോളം കുടുംബങ്ങള്‍ക്ക് ആത്മീയ ഉണര്‍വേകുന്ന അനുഭവമേകി. ഇസ്രായേലിന്റെ മക്കളെ ഈജിപ്തിന്റെ അടിമത്വത്തില്‍ നിന്ന് മോശ മോചിപ്പിച്ച് ദൈവം അവര്‍ക്ക് വാഗ്ദാനം ചെയ്ത കാനാന്‍ ദേശം, മൌണ്ട് നെബൊ, മോശ പിച്ചള സര്‍പ്പത്തെ ഉയര്‍ത്തിയ സ്ഥലം, കന്യാമറിയത്തിന് ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട് മംഗളവാര്‍ത്ത നല്‍കിയ മംഗലവാര്‍ത്താ പള്ളി , പരിശുദ്ധ മറിയത്തിന്റെ വീട്, യൗസെപ്പിതാവു മരപ്പണി ചെയ്തസ്ഥലം, യേശു ആദ്യത്തെ അത്ഭുതം നടത്തിയ കാനായിലെ പള്ളി, വിവാഹവിരുന്ന് നടന്ന സ്ഥലം, കല്‍ഭരണി എന്നിവയും ആദ്യ രണ്ട് ദിനങ്ങളില്‍ സന്ദര്‍ശിച്ചു . ഫാ. ജോജി തീര്‍ഥാടക സംഘത്തിലെ ദമ്പതിമാരുടെ വിവാഹ വാഗ്ദാനനവീകരണവും ദേവാലയത്തില്‍ വച്ച് നടത്തുകയുണ്ടായി . തുടര്‍ന്നുള്ള ദിനങ്ങളില്‍ യേശു ഗിരിപ്രഭാഷണം നടത്തിയ സ്ഥലവും അവിടുത്തെ ദേവാലയവും സന്ദര്‍ശിച്ചു. യേശുവിന്റെ ജന്മനഗരമായ കഫര്‍ണാം, വിശുദ്ധ പത്രോസിന്റെ ഭവനം, ഗലീലി കടല്‍, ശിഷ്യന്മാര്‍ക്ക് യേശുവിന്റെ അത്ഭുത പ്രവര്‍ത്തനത്തിലൂടെ വല നിറച്ചും മത്സ്യം ലഭിച്ച സ്ഥലം, അയ്യായിരം പേരെ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് വിരുന്നൂട്ടിയ സ്ഥലവും അവിടുത്തെ ദേവാലയവും വിശ്വാസികള്‍ സന്ദര്‍ശിക്കുകയുണ്ടായി.
യേശുവും ശിഷ്യന്മാരും വഞ്ചിയില്‍ യാത്ര ചെയ്തതിനെ അനുസ്മരിച്ചു ഗലീലിയ തടാകത്തിലൂടെ നടത്തിയ ബോട്ട് യാത്ര വിശ്വാസികള്‍ക്ക് ആവേശമായി. യേശു രൂപാന്തരീകരണം നടത്തിയ താബോര്‍ മല, സ്‌നാപഹ യോഹന്നാനില്‍ നിന്ന് യേശു ജ്ഞാനസ്‌നാനം സ്വീകരിച്ച ജോര്‍ദാന്‍ നദി , ഏലിയ പ്രവാചകന്‍ ഒളിച്ചു താമസിച്ച ഗുഹ, പാലസ്തീന് ദേവാലയം എന്നിവക്കും വിശ്വാസികള്‍ സാക്ഷ്യമേകി. പിന്നീടുള്ള സന്ദര്‍ശനം ഒലീവ് മല, ഈശോ സ്വര്‍ഗാരോഹണം ചെയ്ത സ്ഥലത്തെ ദേവാലയം , കര്‍തൃപ്രാര്‍ഥന പഠിപ്പിച്ച സ്ഥലം, യേശു ജെറുസലേമിനെ ഓര്‍ത്ത് വിലപിച്ച സ്ഥലം, അവിടുത്തെ ദേവാലയം, ഗത്സമെന്‍ തോട്ടം, കയ്യാഫാസിന്റെ ഭവനം, മാതാവ് ഉടലോടെ സ്വര്ഗാരോഹണം ചെയ്‌തെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം, ബെതലേഹം ദേവാലയം, ബൈബിള്‍ വിവര്‍ത്തനം ചെയ്ത വി. ജറോമിന്റെ ഗ്രോട്ടോ, പരിശുദ്ധ കുര്‍ബാന സ്ഥാപിച്ച സെഹിയോന്‍ ഊട്ടുശാല, യഹൂദരുടെ പ്രധാന സ്ഥലമായ വിലാപമതില്‍ എന്നീ ചരിത്രപ്രധാനമായ സ്ഥലങ്ങളിലൂടെ ആയിരുന്നു. യേശു കുരിശുമേന്തി നടന്ന വീഥികളിലൂടെ ഇടവകാംഗങ്ങള്‍ കുരിശിന്റെ വഴി പ്രാര്‍ഥന ചൊല്ലി ക്രൂശിതനെ ധ്യാനിച്ചു സഞ്ചരിച്ചു . ഈശോ കുരിശില്‍ മരിച്ച സ്ഥലവും അടക്കം ചെയ്ത കബറിടവും വിശ്വാസികള്‍ നേരിട്ട് കണ്ടു മനസിലാക്കി. തുടര്ന്നുള്ള ദിനത്തില്‍ ചാവ് കടല്‍ , സാത്താന്‍ പരീക്ഷിച്ച സ്ഥലം, ബഥാനിയായിലെ മര്‍ത്തായുടെയും മറിയത്തിന്റെയും ലാസറിന്റെയും ഭവനം എന്നിവയും വിശ്വാസികള്‍ ചുറ്റി സന്ദര്ശിച്ചു .
ഹേറോദേസിനെ ഭയന്ന് യൗസെപ്പിതാവും മാതാവും ഉണ്ണീശ്ശോയുമായി പാലായനം ചെയ്ത ഈജിപ്തിലേക്കായിരുന്നു സമാപനദിനത്തിലെ യാത്ര. തിരുകുടുംബം താമസിച്ചിരുന്ന സ്ഥലവും അവിടുത്തെ ദേവാലയവും സന്ദര്‍ശിച്ചു. ലോകാത്ഭുതമായ ഈജ്പിതിലെ പിരമിഡും, പ്രസിദ്ധമായ മമ്മി മ്യൂസിയവും ടൂറിലെ ആകര്‍ഷണമായി.എല്ലാ ദിവസവും വികാരി ഫാ. ജോജിയുടെ കാര്‍മ്മികത്വത്തില്‍ അംഗങ്ങള്‍ പ്രധാന സ്ഥലങ്ങളിലെ ദേവാലയങ്ങളില്‍ വിശുദ്ധ ബലിയര്‍പ്പണം നടത്തി. ഈശോ ജനിച്ച സ്ഥലത്തും , മരിച്ചടക്കം ചെയ്ത സ്ഥലത്തും പരിശുദ്ധ കുര്‍ബാനയര്‍പ്പണം നടത്തിയത് വലിയ അനുഭമായി സന്ദര്‍ശകര്‍ പറഞ്ഞു. വിശ്വാസതീക്ഷണതയില്‍ പുണ്യസ്ഥലങ്ങളിലൂടെ നടത്തിയ തീര്‍ഥയാത്ര അനുഭവേദ്യമായതായി ഇടവകാംഗങ്ങള്‍ പങ്കുവച്ചു. ഈ വിശ്വാസവര്‍ഷത്തില്‍ ഇത് രണ്ടാം തവണയാണ് സെന്റ് തോമസ് ഇടവകയില്‍ നിന്ന് വിശുദ്ധനാട് സന്ദര്‍ശിക്കുന്നത്. ഇടവകാംഗം സണ്ണി ജോസഫ് യാത്ര ക്രമീകരിക്കുന്നതില്‍ നേതൃത്വം നല്‍കി.
Comments