അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് മെത്രാപ്പോലീത്ത(ഭദ്രാസന മെത്രാപ്പോലീത്ത), വെരി.റവ.മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്‌ക്കോപ്പാ(സെക്രട്ടറി), ശ്രീ. സാജു കെ. പൗലോസ് മാറോത്ത്(ട്രഷറര്‍), റവ.ഫാ.പോള്‍ പറമ്പത്ത്(ജോ.സെക്രട്ടറി), കമാണ്ടര്‍ ജോബി ജോര്‍ജ്(ജോയിന്റ് ട്രഷറര്‍))) ഡാലസ് :ആകമാന സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട അമേരിക്കയിലേയും കാനഡയിലേയും വിവിവ ദേവാലയങ്ങളില്‍ നിന്നുള്ള പള്ളി പ്രതിനിധിയോഗം, ഡാളസ് ക്രൗണ്‍ പ്ലാസാ ഹോട്ടല്‍ സമുചയത്തില്‍വെച്ച്, ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിലും, പരി. പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധി അഭിവന്ദ്യ മാത്യൂസ് മാര്‍ തീമോഥിയോസ് മെത്രാപ്പോലീത്തായുടെ മഹനീയ സാന്നിദ്ധ്യതത്തിലും നടത്തപ്പെട്ടു. ഭദ്രാസനത്തിന്റെ വളര്‍ച്ചക്കും, സുഗമമായ നടത്തിപ്പിനും, സഭാംഗങ്ങളുടെ ക്ഷേമത്തിനുമുതകുന്ന വിവിധ പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്‍കി. പരി. അന്ത്യോഖ്യാ സിംഹാസനത്തോടും പരി. പാത്രിയര്‍ക്കീസ് ബാവായോടും ശ്രേഷ്ഠ കാതോലിക്കാ ബാവായോടും, ആകമാന സുറിയാനി സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരോടുമുള്ള സ്‌നേഹവും, വിധേയത്വവും, കൂറും പ്രഖ്യാപിച്ചുകൊണ്ട് യോഗനടപടികള്‍ ആരംഭിച്ചു. മാറിയ ജീവിത സാഹചര്യത്തിലും, ദൈവവചനത്തിനനുസൃതമായി ജീവിതശൈലി പടുത്തുയര്‍ത്തികൊണ്ട് തികഞ്ഞ ക്രൈസ്തവ വിശ്വാസത്തില്‍ വരും തലമുറയെ വഴി നടത്തുകയെന്ന ലക്ഷ്യപ്രാപ്തിയ്ക്കായി, സഭയുടെ സര്‍വ്വോത്മുഖമായ വളര്‍ച്ചയ്ക്കായുള്ള വിവിധ പ്രവര്‍ത്തന പരിപാടികള്‍ യോഗത്തില്‍ ചിന്താവിഷയമായി. സെമിനാരി, പാത്രിയര്‍ക്കാ സെന്റര്‍, ഭദ്രാസന ആസ്ഥാന മന്ദിരം, തുടങ്ങി വിവിധ വികസ പദ്ധതികള്‍ക്കായി, അനുയോജ്യമായ സ്ഥലം കണ്ടെത്തി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, മറ്റു തുടര്‍നടപടികളും കൈക്കൊള്ളുന്നതിന് കൗണ്‍സിലിനെ ചുമതലപ്പെടുത്തി. അമേരിക്കന്‍ അതിഭദ്രാസനത്തില്‍ ഒരു മേഖലാ രൂപീകരിക്കുന്നതും മേഖലാ മെത്രാപോലീത്തായെ തെരെഞ്ഞെടുക്കുന്നതും സംബന്ധിച്ച് ഭദ്രാസനപ്രതിനിധി യോഗത്തില്‍ ചിന്തിച്ച് തീരുമാനമാറിയിരിക്കണമെന്ന പ.പാത്രിയര്‍ക്കീസ് ബാവായുടെ കല്പനയിലെ നിര്‍ദ്ദേശം യോഗം ചര്‍ച്ച ചെയ്യുകയുണ്ടായി. ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഈ വിഷയത്തെ സംബന്ധിച്ച പ. പാത്രിയര്‍ക്കീസ് ബാവായുടെ നിര്‍ദ്ദേശങ്ങള്‍, അഭിവന്ദ്യ മാത്യൂസ് മാര്‍ തിമോഥിയോസ് തിരുമേനി യോഗത്തെ ധരിപ്പിച്ചു. ഭദ്രാസനത്തിന്റെ ഇപ്പോഴുള്ള ആത്മീയവും ലൗകീകവുമായ വളര്‍ച്ചക്ക് ഇത്തരത്തിലുള്ള വിഭജനം ഗുണകരമായിരിക്കയില്ലെന്നും മേഖലാ രൂപീകരണവും, മെത്രാപ്പീത്താ തെരെഞ്ഞെടുപ്പും ഒഴിവാക്കണമെന്നും പ. പാത്രിയര്‍ക്കീസ് ബാവായോട് അപേക്ഷിക്കുവാന്‍ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. പ.പാത്രിയര്‍ക്കീസ് ബാവായുടെ സെക്രട്ടറി കൂടിയായ അഭിവന്ദ്യ മാത്യൂസ് മാര്‍ തിമോഥിയോസ് തിരുമേനി, ഈ നിര്‍ദേശം പരി. പാത്രിയര്‍ക്കീസ് ബാവായെ അറിയിക്കുമെന്നും യോഗത്തില്‍ പ്രസ്താവിച്ചു. പ്രവാസ ജീവിതത്തിന്റെ പിരിമുറുക്കത്തിലകപ്പെട്ട് വിവിധ പ്രശ്‌നങ്ങള്‍ മാനസീക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും സ്വാന്തനവുമേകുന്നതിനും, കുടുംബ സംരക്ഷണവും വ്യക്തികളുടെ മാനസീക വളര്‍ച്ചയും ഉറപ്പു വരുത്തുന്നതിനും ഭദ്രാസനാടിസ്ഥാനത്തില്‍ പ്രശസ്ത മനശാസ്ത്രജ്ഞരേയും മറ്റുപ്രഗല്‍ഭ വ്യക്തികളേയും ഉള്‍പ്പെടുത്തി വെരി. റവ. എബ്രഹാം കടവില്‍ കോര്‍എപ്പിസ്‌ക്കോപ്പാ ഡയറക്ടറായി ഒരു പാസ്റ്ററല്‍ കെയര്‍ ശുശ്രൂഷ വിഭാഗം ആരംഭിക്കുന്നതാണ്. വിവിധ രീതിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വൈദീകരുടെ ക്ഷേമത്തിനായി ഒരു “വൈദീക ക്ഷേമനിധി” രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. (അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.)
Comments