ന്യൂയോര്‍ക്ക്: ഞായറാഴ്ച ന്യൂയോര്‍ക്ക് നഗരത്തില്‍ നടക്കുന്ന ചരിത്ര പ്രസിദ്ധമായ ഇന്ത്യാ ഡേ പരേഡിനായുള്ള ന്യുയോര്‍ക്ക് മെട്രോ റീജിയന്റെയും എമ്പയര്‍ സ്റ്റേറ്റ് റീജിയണിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് ടി ഉമ്മന്‍ പറഞ്ഞു. ന്യുയോര്‍ക്ക് നഗരം കണ്ട ഏറ്റവും വലിയ പ്രകടനത്തിനാകും ഞായര്‍ സാക്ഷ്യം വഹിക്കുകയെന്നും അദേഹം പറഞ്ഞു. ഫോമയുടെ ഫ്‌ളോട്ടിനു കീഴില്‍ 500 പ്രവര്‍ത്തകരെ അണിനിരത്താന്‍ നേതൃത്വം തീരുമാനിച്ചുണ്ട്. പരേഡിനെ ഫോമയുടെ ദേശീയ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു നയിക്കും .അമേരിക്കയിലെ എല്ലാ റീജിയണുകളില്‍ നിന്നും ഇന്ത്യക്കാര്‍ കൂട്ടം കൂട്ടമായി ന്യുയോര്‍ക്ക് നഗരം വലംവയ്ക്കും. അമേരിക്കയിലെ ഇന്ത്യക്കാരായ പോലീസുകാര്‍ ബാന്‍ഡ് മേളത്തോടെ പരേഡിനു സ്വാഗതമരുളും.ഒരു വിദേശ രാജ്യത്ത് തങ്ങളുടെ സ്വാതന്ത്യദിനം ഇത്ര വിപുലമായ രീതിയില്‍ ആഘോഷിക്കപ്പെടുന്നത് ലോക ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതാണെന്ന് തുടങ്ങിയ കാലം മുതല്‍ പരേഡില്‍ മുടങ്ങാതെ പങ്കെടുക്കുന്ന തോമസ് ടി ഉമ്മന്‍ പറഞ്ഞു.ന്യുയോര്‍ക്ക് നഗരത്തില്‍ പരേഡിനായി ഞായറാഴ്ച ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തോമസ്.ടി.ഉമ്മനോടൊപ്പം സ്റ്റാന്‍ലി കളത്തില്‍.,എ.വി വര്‍ ഗ്ഗീസ്സ് എന്നിവര്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തി.ഫോമയുടെ മെട്രോ റീജിയനും എമ്പയര്‍ റീജിയനും സംയുക്തമായി നടത്തുന്ന പരേഡില്‍ എല്ലാ മലയാളികളും പങ്കെടുത്ത് രാജ്യത്തിന്റെ അഭിമാനം കാത്തുസൂഷിക്കണമെന്നു സംഘാടകര്‍ പറഞ്ഞു.
Comments