ഫോട്ടോയില്‍ : ഇടത്തുനിന്ന് ജെ. മാത്യൂസ്, ജനാര്‍ദ്ദനന്‍ ഗോവിന്ദന്‍, രാജന്‍ ടി. ജേക്കബ്, ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷണര്‍ തോമസ് കോശി, പ്രസിഡന്റ് ജോയി ഇട്ടന്‍, കൊച്ചുമ്മന്‍ ടി. ജേക്കബ്, ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, രാജ് തോമസ്. ന്യൂറോഷല്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 14-ന് മൗണ്ട് വെര്‍ണന്‍ ഹൈസ്കൂളില്‍ വച്ച് നടത്തപ്പെടുന്നു. പരിപാടികളുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം ആദ്യ ടിക്കട് ഹ്യൂമന്‍ റൈറ്റ് കമ്മീഷണര്‍ തോമസ് കോശിക്ക് നല്‍കിക്കൊണ്ട് പ്രസിഡന്റ് ജോയി ഇട്ടന്‍ നിര്‍വ്വഹിച്ചു. അമേരിക്കന്‍ മലയാളികളുടെ ഭൂതകാല സ്മരണ അയവിറക്കാനും, കലാസാംസ്കാരിക തനിമ നിലനിര്‍ത്താനും, മലയാളി സമൂഹത്തിന്റെ ഒത്തൊരുമയ്ക്കും ഓണാഘോഷം നിമിത്തമാകട്ടെയെന്ന് ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് ജോയി ഇട്ടന്‍ പറഞ്ഞു. പ്രവാസികളായ നമുക്ക് ഓണം എന്നും മധുരമായ ഒരു ഓര്‍മ്മയാണ്; ജന്മ നാടിന്റെയും നാട്ടിലെ ഉത്സവങ്ങളുടെയും മധുരമായ ഓര്‍മ്മകള്‍ അവിസ്മരണീയമാക്കാന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം കൊണ്ട് കഴിയട്ടെയെന്ന് സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും അഭിപ്രായപ്പെട്ടു. സെപ്തംബര്‍ 14-ന് ഉച്ചയ്ക്ക് 12:00 മണിക്ക് തുടങ്ങുന്ന വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ഓണാഘോഷപരിപാടികള്‍ ആരംഭിക്കും. ഒരു മണിക്ക് താലപ്പൊലിയേന്തിയ മംഗമാരുടെയും വാദ്യാഘോഷങ്ങളുടെയും അകമ്പടിയോടെ മാവേലിത്തമ്പുരാനെയും എഴുന്നള്ളിച്ചുകൊണ്ടുള്ള ഘോഷയാത്ര. തുടര്‍ന്ന് അമേരിക്കയിലും കേരളത്തില്‍ നിന്നുമുള്ള കലാ-സാംസ്കാരിക രാഷ്ടീയ നേതാക്കള്‍ പങ്കെടുക്കുന്ന യോഗം. സുപ്രസിദ്ധ സിനിമാ സംവിധായകന്‍ ബ്ലസ്സി മുഖ്യാതിഥിയായിരിക്കും. പിന്നീട് മലയാളി അസോസിയേഷന്റെ വിമന്‍സ് ഫോറത്തിന്റെ ലീഡര്‍ഷിപ്പില്‍ അരങ്ങേറുന്ന തിരുവാതിരയോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും. ന്യൂജേഴ്സിയില്‍ നിന്നുള്ള ബൃന്ദാ പ്രസാദിന്റെ നേതൃത്വത്തില്‍ മയൂര ടെമ്പിള്‍ ഓഫ് ആര്‍ട്സിലെ നര്‍ത്തകികളുടെ നൃത്തവും, കലാഭവന്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാരൂപവും 'ഓണനിലാവ്' ഉണ്ടായിരിക്കുന്നതാണ്. കലാഭവന്റെ ഇരുപതിലധികം കലാകാരന്മാര്‍ അണിനിരക്കുന്ന 'ഓണനിലാവ്' ഈ വര്‍ഷത്തെ സ്റ്റേജ് പ്രോഗ്രാമുകളില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള പ്രോഗ്രാമ്മുകളില്‍ ഒന്നാണ്. ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രസിഡന്റ് ജോയി ഇട്ടന്‍, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ കുരൂര്‍ രാജന്‍, വൈസ് പ്രസിഡന്റ് രാജന്‍ ടി. ജേക്കബ്, ജോ.സെ. വര്‍ഗീസ് തൈക്കൂട്ടത്തില്‍ എന്നിവര്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
Comments