ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ) യുടെ ആഭിമുഖ്യത്തില്‍ അസ്സോസിയേഷന്റെ ചരിത്രത്തില്‍ ഇദംപ്രഥമമായി സംഘടിപ്പിച്ച `സമ്മര്‍ ബീച്ച ബാഷ്' പിക്‌നിക് ഏകോപനം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും വമ്പിച്ച വിജയമായി എന്ന് പ്രസിഡന്റ് ജിബി തോമസ് മോളോപ്പറമ്പില്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. ആഗസ്റ്റ് 3 ശനിയാഴ്‌ച ഉച്ചയ്‌ക്ക് 2 മണിമുതല്‍ വൈകീട്ട് 7 മണി വരെ ഫോര്‍ട്ട് ഹാങ്കോക്കിലെ സാന്റി ഹുക്കിലായിരുന്നു പിക്‌നിക്. പ്രായഭേദമന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും പങ്കെടുക്കാനും ആസ്വദിക്കാനും വിവിധതരം കളികളും കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. പിക്‌നിക്കില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അവരവര്‍ക്ക് ഉചിതമായവ തിരഞ്ഞെടുക്കാനും പങ്കെടുക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വൈമുഖ്യതയില്ലാതെ എല്ലാവരും തന്നെ പങ്കെടുത്ത് ആസ്വദിച്ചു എന്ന് ജിബി പറഞ്ഞു. വോളിബോള്‍, ലൈവ് ഡി.ജെ., എന്നിവ കൂടാതെ, സൈക്കിള്‍ സവാരി, ഫിഷിംഗ് മുതലായവയും ഒരുക്കിയിരുന്നു. മത്സരങ്ങളില്‍ വിജയികളാവര്‍ക്കുള്ള സമ്മാനങ്ങള്‍ സെപ്‌തംബര്‍ 28-ന് ഓണാഘോഷവേളയില്‍ നല്‍കുന്നതായിരിക്കും. വെറും പിക്‌നിക് മാത്രമായിരുന്നില്ല ഇത്തവണ. അംഗങ്ങളില്‍ സൈക്കിള്‍ സവാരിയിലും ഫിഷിംഗിലും താത്‌പര്യമുള്ളവര്‍ അവ തിരഞ്ഞെടുത്തു. ജിബി തോമസ് മോളോപ്പറമ്പില്‍, ജോണ്‍ ജോര്‍ജ്, സ്വപ്‌ന രാജേഷ്, ജയിംസ് ജോര്‍ജ്, സണ്ണി വലിയംപ്ലാക്കല്‍, ഹരികുമാര്‍ രാജന്‍, സോബിന്‍ ചാക്കോ, ജോസഫ് ഇടിക്കുള, മാലിനി നായര്‍, ദിലീപ് വര്‍ഗീസ്, സജി പോള്‍, ഷീല ശ്രീകുമാര്‍, അമ്മു ഫിലിപ്പ്, രുഗ്മിണി പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന `സമ്മര്‍ ബീച്ച ബാഷ്' പിക്‌നിക് കോ-ഓര്‍ഡിനേറ്റു ചെയ്‌തത് നന്ദിനി മേനോന്‍, നീന ഫിലിപ്പ്, ജയന്‍ ജോസഫ് എന്നിവരായിരുന്നു. ഇതര സംഘടനകളുടെ ആവര്‍ത്തനവിരസതയുള്ള പരിപാടികളില്‍ നിന്ന് തുലോം വ്യത്യസ്ഥമായി ഇങ്ങനെ ഒരു പിക്‌നിക് സംഘടിപ്പിച്ചതില്‍ പങ്കെടുത്തവരെല്ലാം കെ.എ.എന്‍.ജെ. ഭാരവാഹികള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തി. ഇതൊരു പുതിയ അനുഭവമാണെന്നും, ഭാവിയിലും ഇത്തരം പരിപാടികള്‍ക്ക് പ്രോത്സാഹനം നല്‍കി കെ.എ.എന്‍.ജെ. യുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ ശ്രമിക്കുമെന്നും ജിബി പറഞ്ഞു.
Comments