ത്രിവര്‍ണങ്ങളണിഞ്ഞ് ന്യുയോര്‍ക്ക് നഗരം ജനസാഗരത്തിനു സ്വാഗതമരുളി. മാന്‍ഹാട്ടന്‍ തെരുവിലെ മാഡിസന്‍ അവന്യു ഭാരത് മാതാ കി ജയ് വിളികളില്‍ മുഴുകി. മേരാ ഭാരത് മഹാന്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു ജനസഞ്ചയം ത്രിവര്‍ണ പതാകയുമേന്തി നഗരം വലംവച്ചു. അഴിമതിവിരുദ്ധ പ്രവര്‍ത്തകനായ അണ്ണാ ഹസാരെയും ബോളിവുഡിലെ മലയാളി താരം ഗ്രാന്‍ഡ് മാര്‍ഷല്‍ വിദ്യാ ബാലനും നയിക്കുന്ന ഇന്ത്യാ ഡേ പരേഡ് കാണാന്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഒന്നടങ്കം തെരുവിന്റെ ഇരുഭാഗത്തും നിറഞ്ഞു. അമേരിക്കയിലെ ഇന്ത്യക്കാരായ പോലീസുകാരുടെ ബാന്‍ഡ് മേളം പരേഡിനു താളം പകര്‍ന്നു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സിന്റെ (എഫ്‌ഐഎ) ആഭിമുഖ്യത്തില്‍ നടന്ന മുപ്പത്തി മൂന്നാമത് ഇന്ത്യാ ഡേ പരേഡില്‍ ആയിരങ്ങള്‍ അഭിവാദ്യങ്ങള്‍ നേര്‍ന്നു പങ്കെടുത്തു. ഫോമയുടെ നേതൃത്വത്തില്‍ നിരവധി മലയാളികള്‍ പരേഡില്‍ അണിനിരന്നു. ന്യുയോര്‍ ക്ക് , ന്യുജേര്സി , പെന്‍സിലവാനിയ നിന്നും മലയാളികള്‍ എത്തിയിരുന്നു. നഗരം തിങ്ങിനിറഞ്ഞ പരേഡ് പലപ്പോഴും ഒരു പോയിന്റില്‍ നിന്ന് അടുത്തപോയിന്ടു കടക്കാന്‍ നന്നേ പണിപ്പെട്ടു. .ഒരു വിദേശ രാജ്യത്ത് തങ്ങളുടെ സ്വാതന്ത്യദിനം ഇത്ര വിപുലമായ രീതിയില്‍ ആഘോഷിക്കപ്പെടുന്നത് ലോക ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതാണെന്ന് തുടങ്ങിയ കാലം മുതല്‍ പരേഡില്‍ മുടങ്ങാതെ പങ്കെടുക്കുന്ന തോമസ് ടി ഉമ്മന്‍ പറഞ്ഞു. എമ്പയര്‍ റീജിയനും സംയുക്തമായി നടത്തിയ പരേഡില്‍ പങ്കെടുത്ത എല്ലാ മലയാളികള്‍ക്കും ഫോമ ഭാരവാഹികള്‍ നന്ദി പറഞ്ഞു.
Comments