You are Here : Home / USA News

കഥാപ്രസംഗത്തിന്‌ പുതിയ രൂപവും ഭാവവും നല്‍കി നിരണം രാജന്‍ അമേരിക്കയില്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, August 20, 2013 03:18 hrs UTC

ന്യൂയോര്‍ക്ക്‌: കാലങ്ങള്‍ക്കു മുന്‍പ്‌ ഉത്സവപ്പറമ്പുകളിലും പള്ളിയങ്കണങ്ങളിലും നിറഞ്ഞ സദസ്സില്‍ ജനങ്ങളുടെ കൈയ്യടി നേടിയിരുന്ന?കഥാപ്രസംഗം പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കാന്‍ പ്രസിദ്ധ കാഥികന്‍ നിരണം രാജന്‍ അമേരിക്കയില്‍ പര്യടനം നടത്തുന്നു. ഒരു കാലഘട്ടത്തില്‍ കഥാപ്രസംഗം ഒഴിവാക്കിക്കൊണ്ടുള്ള ഉത്സവങ്ങളോ പെരുന്നാളുകളോ ഉണ്ടായിണ്ടന്നില്ല. എന്നാല്‍ ഇടക്കാലത്ത്‌ കഥാപ്രസംഗം തഴയപ്പെടുകയോ ആസ്വാദകരില്ലാതെ വരികയോ ചെയ്‌തെങ്കിലും, വ്യത്യസ്ഥതയാര്‍ന്ന അവതരണ ശൈലിയിലൂടെ നിരണം രാജന്‍ അത്‌ മാറ്റിയെടുത്തു. ഇന്ന്‌ കഥാപ്രസംഗം വീണ്ടും സജീവമാകുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തുവരുന്നു. കാലം മാറുമ്പോള്‍ കഥാപ്രസംഗത്തിനും മാറ്റം വേണം എന്ന ആശയത്തില്‍ നിന്നാണ്‌ പുതിയ ശൈലി നിരണം രാജന്‍ ആവിഷ്‌കരിച്ചത്‌. ആദ്യമായി സൗണ്ട്‌ സിസ്റ്റത്തിന്റേയും ലൈറ്റ്‌ സിസ്റ്റത്തിന്റേയും അകമ്പടിയോടുകൂടി ഡ്രാമാറ്റിക്‌ കഥാപ്രസംഗവും, കുറച്ചുകൂടി മാറ്റം വരുത്തിക്കൊണ്ട്‌ നവീന കഥാപ്രസംഗവും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്‌. വിഷ്വല്‍ കഥാപ്രസംഗം കേരളത്തിലെ നൂറുകണക്കിനു വേദികളില്‍ അവതരിപ്പിച്ച്‌ ലക്ഷക്കണക്കിന്‌ ശ്രോദ്ധാക്കളുടെ കൈയ്യടി നേടിക്കഴിഞ്ഞു. കഥാപ്രസംഗവും സംഗീത മേളയും, നര്‍മ്മ പ്രഭാഷണവും സമ്മിശ്രമായി അമേരിക്കയില്‍ അവതരിപ്പിക്കുകയാണ്‌ അദ്ദെഹത്തിന്റെ ലക്ഷ്യം. 43 വര്‍ഷത്തെ കലാജീവിതത്തില്‍ അവിസ്‌മരണീയമാണ്‌ അമേരിക്കന്‍ പര്യടനം എന്ന്‌ അദ്ദേഹം അവകാശപ്പെടുന്നു. ഇതിനോടകം അമേരിക്കയിലെ മുപ്പതോളം സ്റ്റേജുകളില്‍ വമ്പിച്ച സ്വീകരണമാണ്‌ അദ്ദേഹത്തിന്‌ അമേരിക്കന്‍ മലയാളികള്‍ നല്‍കിയത്‌. തിരക്കേറിയ ജീവിതത്തിനിടയില്‍ അല്‌പം ചിന്തിക്കാനും, ചിരിക്കാനും മാനസികോല്ലാസത്തിനും ഈ ദൃശ്യശ്രാവ്യകല ഏറ്റവും ഉത്തമമാണെന്ന്‌ പലരും വിശ്വസിക്കുന്നു. ഓള്‍ ഇന്ത്യാ റേഡിയോയുടെ ബി ഹൈഡ്‌ ആര്‍ട്ടിസ്റ്റു കൂടിയായ അദ്ദേഹം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇതിനോടകം പതിമൂവായിരത്തില്‌പരം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്‌. `സമയം വൈകിപ്പോയി', `സംഗമതീരം' എന്നീ സാമൂഹ്യ കഥകളൂം, `കുരിശിന്റെ സന്ദേശം' എന്ന ബൈബിള്‍ കഥയും, `കര്‍ണ്ണന്‍' `ഭീഷ്‌മശപഥം' എന്നീ പുരാണ കഥകളുമാണ്‌ ഇപ്പോള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. സമൂഹത്തിന്റെ മൂല്യച്യുതിക്കെതിരെ ജനമന:സ്സാക്ഷിയെ ഉണര്‍ത്തുക എന്ന ഉദാത്തമായ ഒരു കര്‍ത്തവ്യം കൂടി തന്റെ കഥാപ്രസംഗത്തിലൂടെ രാജന്‍ നിര്‍വ്വഹിക്കുന്നു. ഭാര്യ: സിസിലി, മക്കള്‍: അരുണ്‍ രാജ്‌, അനു രാജ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 302 682 2197 (യു.എസ്‌.എ.), 9847031647 (കേരളം). ഇ-മെയില്‍: niranam.rajan@yahoo.com വെബ്‌സൈറ്റ്‌: www.niranamrajan.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.