ജോസഫ് പടന്നമാക്കല്‍
പ്രവചനങ്ങള്‍ ചിലപ്പോള്‍ ചില കാലങ്ങളില്‍ സത്യമാകുമെന്ന് കേട്ടിട്ടുണ്ട്. ഹഡ്സണ്‍ നദിയില്‍ 7-26-2013-ല്‍ ഉടനീളമുള്ള പത്തേമാരികളില്‍ ഒന്നില്‍ തട്ടിയുണ്ടായ ബോട്ടപകടം ഭയാനകവും ഭീതി നിറഞ്ഞതുമായിരുന്നു. രണ്ടു ജീവിതങ്ങളാണ് അപകടത്തില്‍ നഷ്ടപ്പെട്ടത്. നയാക്ക് നിവാസിയായ മൈക്കിള്‍ ഹൊര്‍ട്ടന്റെ (Michael Horten) ഭയംപോലെ സംഭവിക്കേണ്ടതായ അപകടം സംഭവിച്ചതും തികച്ചും ആകസ്മികവും അവിചാരിതവുമായിരുന്നു. ജെ.പി. മോര്‍ഗന്‍ വൈസ് പ്രസിഡന്റ് മിസ്റ്റര്‍ സ്കൂമര്‍ (Schumacher)പറഞ്ഞത് "പാലത്തിന് സമീപം ഉണര്‍വോടെ ഞങ്ങളുടെ കണ്ണുകള്‍ ഇമവെട്ടാതെ ഒരുപോലെ വെള്ളത്തിലേക്ക് തന്നെയുണ്ടായിരുന്നു. പെട്ടെന്നൊരിടിയും 'ബൂം' എന്ന ശബ്ദവും മാത്രം കേട്ടു." ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹിതയാവേണ്ടിയിരുന്ന വധുവും വിവാഹം കഴിക്കേണ്ടിയിരുന്ന വരന്റെ ഉറ്റമിത്രവും അപകടത്തില്‍ മരിച്ചതും മറ്റു നാലുപേര്‍ക്ക് പരുക്കേറ്റതും ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്നുവെന്ന് ഹോര്‍ട്ടന്‍ പറഞ്ഞു."സംഭവിക്കേണ്ടിയിരുന്ന ഈ അപകടം എന്നും അവിടെ പതിയിരിപ്പുണ്ടായിരുന്നു".ഒരു ബോട്ടുടമകൂടിയായ അദ്ദേഹം അപകടത്തിന് ഏതാനും നാളുകള്‍ക്ക് മുമ്പ് നയാക്ക് മേയര്‍ ജെന്‍ ലൈര്‍ഡ് വൈറ്റിന് (Nyack Mayor Jen Laird-White) പത്തേമാതിരിയുടെ സമീപപ്രദേശങ്ങള്‍ വേണ്ടത്ര പ്രകാശം ഇല്ലാതെ അപകടം പിടിച്ചതെന്ന് കാണിച്ച് ഒരു കത്ത് എഴുതിയിരുന്നു. വേനല്‍ക്കാലങ്ങളില്‍ ബോട്ടുയാത്ര ചെയ്യുന്ന വിനോദയാത്രക്കാരില്‍ അപകടം പതിയിരിക്കുന്നുവെന്നും മേയറെ ധരിപ്പിച്ചിരുന്നു. അവര്‍ ആ കത്തിന്റെ കോപ്പി റ്റാപ്പന്‍സി പാലത്തിന്റെ നിര്‍മാണത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കായി അയച്ചുകൊടുക്കുകയും ചെയ്തു. രണ്ടു മരണങ്ങള്‍ക്കും കുറ്റം ആരോപിച്ച് ബോട്ടോടിച്ചിരുന്ന ജോജോ ജോണിനെ പോലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹം മദ്യം കഴിച്ചിരുന്നുവെന്നും ആരോപണം ഉയര്‍ത്തി. ഇതില്‍ കുറ്റക്കാര്‍ പത്തെമാരികള്‍ സ്ഥാപിച്ചവരെന്ന് പറഞ്ഞ് നാനാഭാഗത്തുനിന്നും ശബ്ദം ഉയരുന്നുണ്ട്. എങ്കിലും കുറ്റം മുഴുവന്‍ ജോജോയില്‍ ചുമത്തിയിരിക്കുകയാണ്. കഴുത്തിലുള്ള കഠിനമായ വേദനകള്‍ അമര്‍ത്തിപിടിച്ചുകൊണ്ട് കഴിഞ്ഞ ബുധനാഴ്ച ഓറഞ്ച് ടൌണിലുള്ള കോടതിയില്‍ അദ്ദേഹം ഹാജരായിരുന്നു. ടോക്സിക്കോളൊജി റിപ്പോര്‍ട്ടും പത്തേമാരിയിലെ വെളിച്ചത്തിന്റെ പ്രശ്നവുമായിരിക്കും കേസിന്റെ അടിസ്ഥാനകാരണമായി കരുതുന്നത്. അടുത്ത സെപ്റ്റംബര്‍ ഇരുപത്തിയഞ്ചാംതിയതി ജോജോ ജോണിന് വീണ്ടും കോടതിയില്‍ ഹാജരാവണം. പത്തേമാരിയില്‍ ആവശ്യത്തിന് വെളിച്ചമില്ലായിരുന്നുവെന്നും അപകടസൂചകമായി യാതൊരു അടയാളങ്ങളും നദിയില്‍ ഉണ്ടായിരുന്നില്ലെന്നും ജോജോയുടെ സഹയാത്രക്കാരും നദിയിലെ മറ്റു യാത്രക്കാരും ഒരുപോലെ മൊഴി നല്കുന്നുണ്ട്. പാലം പണിയുന്ന മാഫിയാ മുതലാളിമാരുടെ ഉദാസീനതയില്‍ സംഭവിച്ച പിഴവുകള്‍ക്ക് ഇന്ന് കുറ്റം മുഴുവന്‍ ജോജോയില്‍ ആരോപിച്ചിരിക്കുകയാണ്. നഷ്ടപരിഹാരമായി വന്‍ തുകകള്‍ അപകടപ്പെട്ടവര്‍ക്ക് കൊടുക്കേണ്ടി വരുമെന്നും ഈ മുതലാളിമാര്‍ ഭയപ്പെടുന്നു. നാളിതുവരെയായും റ്റോക്സിക്കോളേജി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതിലും ദുരൂഹതയുണ്ട്. ജോജോ നിയമത്തിനുപരിയായി ഡ്രിങ്ക്സ് കഴിച്ചില്ലെന്ന് സഹയാത്രക്കാര്‍ ഒന്നുപോലെ സാക്ഷിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അമിതമായി ലഹരി ഉപയോഗിച്ചില്ലെന്ന് തെളിവായി ബാര്‍ ഉടമ ബില്ലും ഹാജരാക്കി. ബോട്ടപകടത്തില്‍ പരിപൂര്‍ണ്ണമായും ജോജോയെ പഴിചാരുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങളുംകൂടി കണക്കിലെടുക്കണം.
1. നയാക്ക് മേയര്‍ പാലം പണിയുന്നവരോടും സ്റ്റേറ്റ് സര്‍ക്കാരിനോടും പാലത്തില്‍ ലൈറ്റില്ലെന്ന് ഔദ്യോഗികമായി പ്രതികരിച്ചിട്ടും ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നും വേണ്ട നടപടികള്‍ ഉണ്ടായില്ല. അങ്ങനെയെങ്കില്‍ അപകടകാരണം പത്തേമാരിയിലെ ലൈറ്റിന്റെ പ്രശ്നമല്ലേ?
2. അപകടത്തിന്റെ പിറ്റേദിവസം പത്തേമാരിയില്‍ ലൈറ്റിടുവാന്‍ ഗവര്‍ണ്ണര്‍ കോമോ ഉത്തരവിറക്കിയതും അപകടത്തിനുമുമ്പ് പത്തേമാരിയില്‍ ആവശ്യത്തിന് ലൈറ്റില്ലായിരുന്നുവെന്ന കുറ്റബോധംകൊണ്ടല്ലേ?
3. പത്തെമാരികളുടെ സമീപം അപകടം പിടിച്ചതെന്നും, പത്തേമാരികളില്‍ ലൈറ്റില്ലെന്നും മുമ്പും യാത്രക്കാരില്‍ നിന്ന് പരാതികള്‍ ഉണ്ടായിരുന്നു. എങ്കില്‍ അപകടം വന്നപ്പോള്‍ എന്തുകൊണ്ട് ജോജോയില്‍മാത്രം കുറ്റം ആരോപിക്കുന്നു?
4. ജോജോയുടെ ബോട്ടില്‍ ഉണ്ടായിരുന്ന ആറുപേരും യാത്രാസമയം വെള്ളത്തില്‍ മാത്രം നോക്കികൊണ്ട് യാത്ര ചെയ്തിരുന്നുവെന്ന് സഹയാത്രക്കാരുടെ പ്രസ്താവനകളില്‍ കാണുന്നു. ആരും അപകടം ഉണ്ടാകുംവരെ പത്തേമാരി കണ്ടില്ല. എങ്കില്‍ അപകടകാരണം ജോജോയില്‍ ആരോപിക്കുവാന്‍ സാധിക്കുമോ?
5. നിയമത്തിനുപരിയായി ജോജോ മദ്യം കഴിച്ചില്ലെന്ന് ബാര്‍ഉടമ തെളിവുകള്‍ നല്കിയിട്ടും എന്തുകൊണ്ട് അങ്ങനെ ഒരു ആരോപണം ജോജോയുടെ മേല്‍ ചുമത്തി?
6. അപകടകാരണം നിലാവത്തുള്ള റ്റാപ്പന്‍സി പാലത്തിന്റെ നിഴലും, പാലത്തിലെ ലൈറ്റുകളുടെ പ്രതിഫലനവും പത്തെമാരികളുടെയും ക്രെയിനുകളുടെയും പാലം പണിയാനുള്ള അസംസ്കൃത പദാര്‍ഥങ്ങളുടെയും വെള്ളത്തിലുള്ള നിഴലുകകളുമായിരുന്നു. ഇത്തരം യാത്രാ തടസങ്ങള്‍ എന്തുകൊണ്ട് വേണ്ടപ്പെട്ടവര്‍ നിരസിക്കുന്നു?
7. രാത്രിയിലെ മങ്ങിയ വെളിച്ചത്തില്‍ പത്തേമാരി ആര്‍ക്കും കാണാന്‍ സാധിക്കില്ലെന്ന് റോക്ക്‌ലാന്ഡ് കൗണ്ടി പോലീസും വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ജോജോയെ അറസ്റ്റ് ചെയ്തതില്‍ നീതികരണം എന്ത്?
8. അപകടംമൂലം അവശനായ ജോജോയെ ഹോസ്പിറ്റലില്‍ ചങ്ങലയിലിട്ടു ബന്ധിച്ചതും അപകടത്തില്‍ ഗുരുതരമായ പരുക്കുകള്‍ ഉണ്ടായിട്ട് എം.ആര്‍ എ എടുക്കാഞ്ഞതും മനുഷ്യാവകാശ ലംഘനമല്ലേ?
9. ഇത്രമാത്രം ഗുരുതരമായ അപകടം ഉണ്ടായിട്ടും ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടും എന്തുകൊണ്ട് അധികൃതര്‍ യഥാസമയങ്ങളില്‍ അടുത്ത ബന്ധുക്കളെ അറിയിച്ചില്ല?
10. ഹോസ്പിറ്റലില്‍ ചങ്ങലയിട്ടു ബന്ധിതനായി ഇട്ടിരിക്കുന്ന മകനെ കാണാന്‍ മാതാപിതാക്കള്‍ വന്നപ്പോള്‍ അവരുടെ അവകാശത്തെ നിഷേധിച്ചതെന്തിന്?
11. തന്റെതല്ലാത്ത കുറ്റംകൊണ്ട് അപകടം സംഭവിച്ചതില്‍ 'man slaughter' കുറ്റവാളിയായി കേസ് രജിസ്റ്റര്‍ ചെയ്തതും അനീതിയാണ്. ഇതെല്ലാം ജോജോയെ കുറ്റവാളിയാക്കാൻ ചില സ്ഥാപിതതാല്പര്യക്കാരുടെ മുന്‍കൂട്ടിയുണ്ടായിരുന്ന ആസൂത്രണ പദ്ധതികള്‍ ആയിരുന്നില്ലേ?
250,000 ഡോളര്‍ തുകയാണ് ജോജോയുടെ ജാമ്യത്തിനായി നിശ്ചയിച്ചിരുന്നത്. ഒരു ദിവസം 3400 ഡോളര്‍ വേതനം കൊടുത്ത് കുറ്റവാളിയെപ്പോലെ വീക്ഷിക്കുവാന്‍ രണ്ട് പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെയും റോക്കലാന്റ്കൌണ്ടി അധികൃതര്‍ നിയമിച്ചിരുന്നു. ജസ്റ്റീസ് ഫോര്‍ ഓള്‍ (Justice for all) എന്ന സംഘടനയുടെ ചെയര്‍മാന്‍ ശ്രീ തോമസ് കൂവള്ളൂരും ജോര്‍ജ് ജോസഫും (മെറ്റ് ലൈഫ്) ഞാനുമൊത്ത് സംഭവം നടന്ന ദിവസങ്ങളില്‍ ജോജോയെ ഹോസ്പിറ്റലില്‍ കാണാന്‍ ഒരു ശ്രമം നടത്തിയിരുന്നു. അദ്ദേഹത്തെ കാണാന്‍ റോക്കലാന്‍ഡ് കൌണ്ടിയിലെ ഷെരീഫിന്റെ അനുവാദം ലഭിച്ചെങ്കിലും അന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സന്ദര്‍ശകരായി ഉണ്ടായിരുന്നതുകൊണ്ട് കാണുവാന്‍ സാധിച്ചില്ല. അന്നേദിവസം കൌണ്ടിയിലെ പ്രമുഖ പത്രമായ ജേര്‍ണല്‍ ന്യൂസ് വാര്‍ത്താ ലേഖകന്‍ സംഭവത്തിന്റെ നിജസ്ഥിതിയറിയുവാന്‍ എന്നെയും ശ്രീ കൂവള്ളൂരിനെയും ടെലിഫോണില്‍ വിളിച്ച് സംഭാഷണം നടത്തിയിരുന്നു. ഇത്രയും വലിയ തുക ജോജോയ്ക്ക് ജാമ്യമായി വിധിച്ചതില്‍ ശ്രീ കൂവള്ളൂര്‍ ശക്തിയായി പ്രതികരിച്ചതും ഒരു നിരപരാധിയെ കേസില്‍ കുടുക്കിയതും പ്രതികരിച്ചത് അമേരിക്കയിലെ അനേക ഇംഗ്ലീഷ് പത്രങ്ങളും ചാനലുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്റെ മുന്‍ ലേഖനത്തിലും ഞാന്‍ ഈ വാര്‍ത്ത സൂചിപ്പിച്ചിട്ടുണ്ട്. സമൂഹം ഈ അനീതിക്കെതിരെ ഒറ്റകെട്ടായി നില്‍ക്കുമെന്നുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പും പത്രങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തു. ജോജോ രാജ്യം കടക്കുന്ന സാഹസത്തിന് മുതിരുകയില്ലെന്ന് പറഞ്ഞ് മുഴുവന്‍ ജാമ്യത്തുക ഇളവ് നല്കികൊണ്ട് പിറ്റേദിവസം ആശുപത്രി കട്ടിലില്‍ കൈകളിലും കാലുകളിലും ബന്ധിച്ചിരുന്ന ചങ്ങലകള്‍ അഴിക്കുകയും ചെയ്തു. ഇത് യാദൃശ്ചികമായി സംഭവിക്കാന്‍ സാധ്യതയില്ല. ഒരു സമൂഹത്തിന്റെ മുന്നേറ്റത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത്. ജെ.എഫ്.എ അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. ഇത് മനസിലാക്കാന്‍ സാധിക്കാതെ ചിലര്‍ ഈ സംഘടനക്കെതിരെയും ജോജോയ്ക്കെതിരെയും വിമര്‍ശനങ്ങള്‍ തൊടുത്തുവിടുന്നതും ചില പത്രങ്ങളില്‍ വായിച്ചു. ഒരു കുടുംബത്തിന്റെ വിധിനിര്‍ണ്ണായകമായ ആപത്ഘട്ടത്തില്‍ സമൂഹം ഒന്നിക്കുകയാണ് വേണ്ടത്. ഇതിനായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുകയല്ല വേണ്ടത്. മനുഷ്യമനസാക്ഷിയെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയിലെ പ്രവര്‍ത്തകര്‍ ആരും പ്രതിഫലം മോഹിച്ചുകൊണ്ടല്ല മുമ്പോട്ട് വന്നിരിക്കുന്നതെന്നും ഓര്‍ക്കണം. ഈ അപകടംമൂലം ഒരു ചെറുപ്പക്കാരന്റെ ഭാവിയാണ് നശിച്ചത്. മാനേജരായി ചേസ് ബാങ്കില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ജോലി രാജിവെയ്ക്കേണ്ടി വന്നു.
സമൂഹം അറിയപ്പെടുന്ന പ്രമുഖമായ ഒരു കുടുംബം ഇതുമൂലം മാനസികമായി ബുദ്ധിമുട്ടുകളും അനുഭവിക്കുകയാണ്. അപകടസമയം ജോജോ അബോധാവസ്ഥയിലായിരുന്നു. നീണ്ട മണിക്കൂറുകള്‍ കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ താന്‍ ഹോസ്പിറ്റല്‍ ബെഡില്‍ തിരിയാനും മറിയാനും നിവൃത്തിയില്ലാതെ മൃഗീയമായ രീതിയില്‍ ചങ്ങലയില്‍ ബന്ധിപ്പിച്ചിരുന്നതായിരുന്നു കണ്ടത്. ഒരേ കിടപ്പില്‍ ഒരാഴ്ചയോളം ബന്ധനസ്ഥനായി ഒരേ കിടപ്പ്. ദേഹത്ത് അങ്ങിങ്ങ് മുറിപ്പാടുകളുമുണ്ട്. ചുറ്റും കാവല്‍ക്കാരെ കണ്ടപ്പോഴാണ് അപകട കാര്യംപോലും ഓര്‍മ്മയില്‍ വന്നത്. കഴുത്തിനും നട്ടെല്ലിനുമെല്ലാം ഗുരുതരമായ പരുക്കുകളും ഉണ്ടായിരുന്നു. ആഗസ്റ്റ് 18 ഞായറാഴ്ച ഞാനും ശ്രീ കൂവള്ളൂരുംകൂടി ജോജോയുടെ വീട്ടില്‍ പോയി മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവ് യോഹന്നാന്‍ ജോണും സഹോദരി അറ്റോര്‍ണി ജയയും മാതാവ് എലിയാമ്മയും സംഭാഷണത്തില്‍ ഉണ്ടായിരുന്നു. ജോജോയുടെ കൂടെ ജോലി ചെയ്തിരുന്ന മറ്റൊരു ബാങ്ക്മാനേജരും അവിടെയുണ്ടായിരുന്നു. കഴുത്തില്‍ കോളര്‍ ബാന്റേജ് കെട്ടിയിരുന്ന ജോജോ അന്ന് അവശനായിരുന്നു. ചങ്ങലക്കിട്ട് ഒരാഴ്ച പീഡിപ്പിച്ച കഥ പറയുമ്പോഴും അദ്ദേഹത്തില്‍ ഒരു നിരപരാധിയുടെ കണ്ണിലെ പ്രകാശമായിരുന്നു ഞാന്‍ ശ്രദ്ധിച്ചത്. തിരിയാനും മറിയാനും അവസരം കൊടുക്കാതെ അവശനായ ഒരു നിരപരാധിയെ ചങ്ങലയില്‍ ബന്ധിപ്പിച്ച കഥ കേട്ടപ്പോള്‍ മൂന്നാംലോകത്തിലെ ഒരു രാജ്യത്ത് നടന്ന സംഭവംപോലെയും തോന്നി. പറയാനുള്ള അവസരങ്ങള്‍ നിഷേധിച്ച് ഹോസ്പിറ്റലില്‍ അധികൃതര്‍ പീഡിപ്പിച്ചത് അമേരിക്കയില്‍ നടന്ന സംഭവമാണിതെന്നും ഓര്‍ക്കണം. നമ്മുടെ സമൂഹത്തിന് യാതൊരു വിലയും കല്‍പ്പിക്കാത്തതുകൊണ്ടാണ് മനുഷ്യത്വരഹിതമായി, നിന്ദിതമായി ഉത്തരവാദിത്വപ്പെട്ട അധികാരികള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചത്. ഇത് സംഭവിക്കുന്നത് നാളെ നിങ്ങളുടെ മക്കള്‍ക്കാണെങ്കില്‍ ഇന്ന് പ്രതികരിച്ചേ മതിയാവൂ. അതിനായി സമൂഹം ഉണരണം. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യപുലരിയില്‍ എന്നും നമ്മുടെ മക്കളും മക്കളുടെ മക്കളും ജീവിക്കണം. മാനുഷികാവകാശങ്ങളെ വാതോരാതെ സംസാരിക്കുന്ന ഈ രാജ്യത്തിനുള്ളിലെ ആധുനിക സംസ്ക്കാരകേന്ദ്രമായ ന്യൂയോര്‍ക്കെന്ന മഹാനഗരത്തില്‍ നടന്ന മനുഷ്യധ്വംസനത്തിന്റെ കഥയാണിതെന്നും ഓര്‍ക്കണം. മൃഗതുല്യമായി ജോജോയെ പീഡിപ്പിച്ച് ഒരു കുടുംബത്തെ മുഴുവന്‍ നിരാശയിലാക്കിയവര്‍ക്കെതിരെ നിയമത്തിന്റെ പഴുതുകള്‍ തേടിയേ തീരൂ. സമൂഹത്തിലെ മാന്യനായ ഒരു വ്യക്തിയാണ് ജോജോയുടെ പിതാവായ യോഹന്നാന്‍ ജോണ്‍ . മക്കള്‍ മൂന്നുപേരെയും നല്ല സ്വഭാവഗുണങ്ങളോടെ അന്തസ്സായി വളര്‍ത്തി എല്ലാവരും ഉന്നതമായ പ്രൊഫഷണല്‍ ജോലിയിലെന്നതിലും അദ്ദേഹം അഭിമാനിയായിരുന്നു. മൂത്തമകന്‍ റേഡിയോളജി സ്പെഷ്യലിസ്റ്റായ ഡോക്ടര്‍, രണ്ടാമത്തെ മകന്‍ ജോജോ എം.ബി.എ കഴിഞ്ഞ് പ്രമുഖമായ ഒരു ബാങ്കിലെ മാനേജര്‍, ഇളയ മകള്‍ അറ്റോര്‍ണി എന്നിങ്ങനെ മക്കളുടെ നല്ല ഭാവികണ്ട് അഭിമാനിച്ചിരുന്ന മാതാപിതാക്കള്‍ അടങ്ങിയ സന്തുഷ്ടകുടുംബമായിരുന്നു. അപ്പോഴാണ് കാര്‍മേഘങ്ങള്‍ വിതച്ചുകൊണ്ട് ഈ കുടുംബത്തിലേക്ക് ദുരന്തം വന്നുകയറിയത് .
അടിസ്ഥാനമില്ലാത്ത വാര്‍ത്തകളുടെ അപവാദ ശൃഖല മൂലം വിവാഹിതനാകാന്‍ തയ്യാറായിരുന്ന ജോജോയുടെ ഭാവിജീവിതത്തിലും മുമ്പോട്ടുള്ള കരീയറിലും മാതാപിതാക്കള്‍ വ്യാകുലരാണ്. മാതാപിതാക്കളെ എന്നും അനുസരിച്ച് ജീവിക്കുന്ന ജോജോ എപ്പോഴും സാഹസികതയില്‍ ചിന്തിക്കുന്ന വ്യക്തിയായിരുന്നു. അദ്ദേഹം രണ്ട് വീലുള്ള മോട്ടോര്‍ സൈക്കിള്‍ വാങ്ങാന്‍ ഒരുങ്ങിയപ്പോള്‍ അപകടമുണ്ടാകുമെന്ന് ഭയന്ന് മാതാപിതാക്കള്‍ എതിര്‍ത്തു. അപ്പോഴാണ് ബോട്ട് വാങ്ങണമെന്ന ആഗ്രഹം ഉണ്ടായത്. ജോജോയുടെ ആഗ്രഹത്തിന് മാതാപിതാക്കള്‍ വഴങ്ങി ബോട്ട് വാങ്ങാന്‍ സമ്മതിച്ചു. പക്ഷെ, അത് ഇങ്ങനെയൊരു ദുരന്തത്തില്‍ കലാശിക്കുമെന്ന് ആരും സ്വപ്നേമി വിചാരിച്ചില്ല. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി ഒരേ വീട്ടില്‍ താമസിക്കുന്ന മാന്യമായി ജീവിച്ചിരുന്ന ഈ കുടുബത്തിനെതിരെ സ്വന്തം സമൂഹത്തില്‍ ചിലരും പത്രമാധ്യമങ്ങളും അപവാദങ്ങള്‍ ചൊരിഞ്ഞപ്പോള്‍ ഇവര്‍ക്ക് ആത്മധൈര്യം നല്‍കിയത് ചുറ്റുമുള്ള നൂറുകണക്കിനായ അമേരിക്കന്‍ അയല്‍വാസികളായിരുന്നു. ജോജോ ജനിച്ചു കളിച്ചു വളര്‍ന്ന ആ പരിസരത്ത് അയല്‍ക്കാരെല്ലാം ജോജോയെ സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് കരുതുന്നതും. ഇങ്ങനെ ഒരു അപകടം സംഭവിച്ചപ്പോള്‍ അവരെല്ലാം തുല്യ ദു:ഖിതരായിരുന്നു. അപകടശേഷം ടെലിവിഷന്‍ ചാനലുകാരും വാര്‍ത്താലേഖകരും ക്യാമറാ ക്രൂവും കുറ്റവാളികളുടെ വീടുവളയുമ്പോലെ എന്നും ഇവരുടെ ഭവനത്തിന് ചുറ്റും ഉണ്ടായിരുന്നു. വീടിന്റെ ഫോട്ടോയും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. സഹികെട്ട ജോജോയുടെ മാതാപിതാക്കള്‍ ഇവരെ അഭിമുഖികരിക്കാന്‍ പ്രയാസമായതുകൊണ്ട് വീടുവിട്ട് മറ്റു താവളങ്ങളില്‍ ആരും കാണാതെ താമസിക്കേണ്ടി വന്നു. എന്നും ഒച്ചയും ബഹളവും വീടിനിട്ട് കൊട്ടലുമായി വാര്‍ത്താലേഖകര്‍ ശല്ല്യം ചെയ്തിരുന്നു. ഇവരെ പല ദിവസങ്ങളും ഈ കുടുംബത്തോട് സ്നേഹമുള്ള കുപിതരായ അയല്‍വാസികള്‍ ഓടിക്കേണ്ടിയും വന്നിട്ടുണ്ട്. ഓര്‍ത്തഡോക്സ് സഭയില്‍പ്പെട്ട ജോജോയുടെ മാതാപിതാക്കളും കുടുംബവും മതപരമായുള്ള ആചാരാനുഷ്ഠാനങ്ങളില്‍ വളരെ നിഷ്ഠയുള്ളവരാണ്. പള്ളിപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ പിതാവ് യോഹന്നാന്‍ സജീവമായുണ്ട്. കൂടാതെ സാംസ്ക്കാരിക സംഘടനകളില്‍ നേതൃത്വവും പള്ളി സംഘടനകളുടെ ഔദ്യോഗിക പദവികളും ഇദ്ദേഹം വഹിച്ചിരുന്നു. അതുകൊണ്ട് ഇവരെ സഹായിക്കാന്‍ പള്ളിയിലെ അംഗങ്ങള്‍ അവരുടെ പാസ്റ്ററുടെ നേതൃത്വത്തില്‍ തയ്യാറാണ്.
ഈ കുടുംബത്തിന് മനോവീര്യം നല്കാനും വേണ്ടിവന്നാല്‍ അനീതിക്കെതിരെ പ്രവര്‍ത്തിക്കാനും സംഘിടതമായി മുമ്പില്‍ത്തന്നെയുണ്ട്. അമേരിക്കന്‍ ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഇങ്ങനെ ഒരു സംഭവമുണ്ടായാല്‍ രക്ഷിക്കാന്‍ ഓടിയെത്തുന്നതും ആ പള്ളിയിലെ പാസ്റ്ററും പള്ളിയിലെ അംഗങ്ങളുമായിരിക്കും. ജോജോയുടെ കാര്യത്തിലും അങ്ങനെ പിന്തുണയുണ്ടെന്ന് ഈ കുടുംബം തറപ്പിച്ചുപറയുന്നു. പള്ളിയിലെ ഓരോ അംഗത്തിനും ജോജോ പ്രിയങ്കരനെന്ന് അപവാദങ്ങള്‍ പരത്തുന്ന പത്രങ്ങളും സമൂഹവും ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ജോജൊയുടെ വ്യക്തിത്വ മാഹാത്മ്യം അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിലും കാണുവാന്‍ സാധിക്കും. ഹൈസ്കൂളില്‍ പഠിപ്പിച്ച അദ്ധ്യാപികയും വാര്‍ത്തകളില്‍ പറഞ്ഞത് പഠിക്കുന്ന കാലങ്ങളില്‍ അങ്ങേയറ്റം അച്ചടക്കമുള്ള കുട്ടിയായിരുന്നുവെന്നായിരുന്നു. ബാങ്കിലെ കസ്റ്റമറെന്ന നിലയില്‍ ജോജോയുടെ നല്ല പെരുമാറ്റരീതിയും അവര്‍ വിവരിച്ചിരുന്നു. ഇങ്ങനെയെല്ലാം സ്വഭാവഗുണങ്ങളുള്ള ഒരു യുവാവിനെതിരെയായിരുന്നു ചില മലയാളപത്രങ്ങള്‍ ഉള്‍പ്പടെ മാദ്ധ്യമലോകം മുഴുവന്‍ അപവാദങ്ങള്‍ പ്രചരിപ്പിച്ചത്. ജോജോയെ തേജോവധം ചെയ്ത പത്രങ്ങളുടെ ഒരു ശേഖരംതന്നെ അദ്ദേഹത്തിന്റെ പിതാവ് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. വേണ്ടിവന്നാല്‍ മകന്റെ നിരപരാധിത്വം തെളിയിച്ചുകൊണ്ട് ഒരു നിയമയുദ്ധത്തിനിറങ്ങാനും അദ്ദേഹം തയ്യാറാണ്. സമൂഹത്തില്‍ ആരെങ്കിലും കുറ്റവാളിയായാല്‍ കുറെയെങ്കിലും വാസ്തവം കാണും. എന്നാല്‍ ജോജോയുടെ പേരില്‍ അര്‍ദ്ധരാത്രിയില്‍ ബോട്ട് ഡ്രൈവ് ചെയ്തതൊഴികെ യാതൊരു കുറ്റവും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. ഒരു മനുഷ്യനോട് ഇങ്ങനെ പെരുമാറാമോയെന്ന് സമൂഹമനസാക്ഷി ഉണര്‍ന്നു ചിന്തിക്കണം. സദാ ചിരിച്ചുകൊണ്ടിരുന്ന ആ യുവാവിന്റെ മുഖം ഇന്ന് ദുഖമയമാണ്. സംഭവം നടന്ന ദിവസങ്ങളില്‍ അദ്ദേഹമെവിടെയെന്ന് സ്വന്തം മാതാപിതാക്കളെപ്പോലും അധികൃതര്‍ അറിയിച്ചില്ല. വിവരമറിഞ്ഞെത്തിയ മാതാപിതാക്കളെപ്പോലും ഹോസ്പ്പിറ്റലില്‍ കിടക്കുന്ന മകനെ കാണാന്‍ സമ്മതിച്ചില്ല. ഇത്രമാത്രം മുറിവുകള്‍ ഉണ്ടായിട്ടും എം.ആര്‍ . എ. എടുക്കാന്‍ അധികൃതര്‍ സമ്മതിച്ചില്ല. ഒരു ഡോക്ടര്‍ കൂടിയായ ജോജോയുടെ സഹോദരന്റെ സമ്മര്‍ദ്ദത്തിലാണ് എം.ആര്‍ . എ എടുക്കുവാന്‍ അവര്‍ തയ്യാറായറ്റത്. ഉത്തരവാദിത്വപ്പെട്ടവരുടെ അനാസ്ഥയില്‍ വന്നു ഭവിച്ച പിഴവുകള്‍ക്ക് ഒരു നിരപരാധിയെ ക്രൂശിക്കുന്നത് തികച്ചും പൗരാവകാശ ലംഘനം കൂടിയാണ്.
നമ്മുടെ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഇന്ന് ജോജോയാണെങ്കില്‍ നാളെ നമ്മളിലാരെങ്കിലുമോ നമ്മുടെ മക്കളോ ആകാം. നമ്മുടെ സമൂഹം ജാഗരൂകരായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം എന്ത്? എല്ലാവര്‍ക്കും തുല്യതയും സാഹോദര്യവും കല്‍പ്പിച്ചുകൊണ്ടുള്ള സ്വതന്ത്രമായ ഒരു ഭരണഘടനയാണ് ഈ രാജ്യത്തിനുള്ളത്. മലയാളിസമൂഹവും വാഗ്ദാനം ചെയ്തിരിക്കുന്ന അവകാശങ്ങള്‍ക്കായി ഒറ്റകെട്ടായി നിലകൊള്ളണമെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. ജോജോക്കെതിരായ ഇത്തരം നീചപ്രവര്‍ത്തനങ്ങള്‍ ചെറുതായി കാണാന്‍ സാധിക്കുകയില്ല. അമേരിക്കയുടെ മടിത്തട്ടില്‍, ഈ നാടിന്റെ മണ്ണില്‍ തലമുറകളായി വളര്‍ന്ന മക്കളോട് ഇങ്ങനെയുള്ള ക്രൂരപ്രവര്‍ത്തികള്‍ ചെയ്‌താല്‍ ആ സമൂഹം അടങ്ങിയിരിക്കുകയില്ല. ഐക്യമത്യം മഹാബലമെന്നാണ് ഇത് വ്യക്തമാക്കുന്നത്. നിരപരാധിയെ ഇങ്ങനെ അധികൃതര്‍ വ്യക്തിഹത്യ ചെയ്തത് നമ്മുടെ സമൂഹത്തിനും അപമാനമാണ്. ഇന്ന് നിങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ നാളെ നമ്മുടെ കുഞ്ഞുങ്ങളോട് നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും. ഞാനുള്‍പ്പെട്ട ആദ്യത്തെ തലമുറകള്‍ കടന്നുപോവുന്നു. നമ്മുടെ സമൂഹത്തിലെ നിസഹായനായ ഒരു വ്യക്തിയെ കരുവാക്കി കല്‍ത്തുറുങ്കില്‍ അടക്കത്തക്കവണ്ണം കുറ്റാരോപണം നടത്തുന്ന പ്രവണതകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ നാളത്തെ തലമുറകള്‍ ഈ തലമുറകള്‍ക്ക് മാപ്പ് നല്കുകയില്ല. ഇത് മനുഷ്യാവകാശ ലംഘനമാണ്. നിര്‍ദ്ദയമായി കൊടുത്ത ഈ പീഡനം മലയാളി സമൂഹത്തെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു ചെറുപ്പക്കാരന്റെ ജീവിതം വെച്ചുള്ള പന്തുകളിയായിരുന്നു. മഹാനായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പറഞ്ഞതുപോലെ "നാം എല്ലാം ദൈവത്തിന്റെ മക്കളാണ്. ഓരോ ജീവിതവും തുല്യമായി വിലപ്പെട്ടതായിരിക്കണം." ശബ്ദം ഇല്ലാത്തവര്‍ക്കുവേണ്ടിയും ശബ്ദം ഉയര്‍ത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരെ സമൂഹത്തിലെ മാന്യനായ ഒരു വ്യക്തിയെ നിര്‍ദ്ദയമായി പീഡിപ്പിച്ച ചരിത്രം നിങ്ങളുടെ മുമ്പില്‍ ഉള്ളപ്പോള്‍ അത് കണ്ടില്ലന്നു നടിച്ചാല്‍ നാളത്തെ തലമുറ മാപ്പ് നല്കുകയില്ല. നാം എല്ലാം ഒരുപോലെ സ്വതന്ത്രരല്ലെങ്കില്‍ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥമെന്ത്? അങ്ങനെയെങ്കില്‍ നാം വസിക്കുന്ന മഹത്തായ ഈ ഭൂഖണ്ഡവും എത്യോപ്പിയായും സൊമാലിയായും തമ്മിലുള്ള വിത്യാസമെന്ത്? നമ്മുടെ സമൂഹവും ഫാക്ട്റ്ററികളിലും തൊഴില്‍ശാലകളിലും ആതുരസ്ഥാപനങ്ങളിലും ജോലിചെയ്ത് രാജ്യത്തിന്റെ വളര്‍ച്ചക്കൊപ്പം ഉണ്ടായിരുന്നു. അഭിപ്രായവിത്യാസങ്ങള്‍ പാടെ മറന്ന് ഇനി ഒരിക്കലും നമ്മുടെ കുഞ്ഞുങ്ങളെ പീഡിപ്പിക്കാതെ ഒരേ ശബ്ദത്തില്‍ നാം ഗര്‍ജിക്കണം. അതിനായി ജെ.എഫ്. എ. പ്രവര്‍ത്തകര്‍ സംഘടനാ തലത്തില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു.
Comments