മനു നായര്‍
ഫീനിക്‌സ്: നന്മയുടേയും ഐശ്വര്യത്തിന്റേയും സന്ദേശവുമായി ഒരു ഓണം കൂടി വന്നെത്തി. സെപ്‌റ്റംബര്‍ എട്ടിന് ഞായറാഴ്‌ച ഇന്തോ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് അരിസോണയിലെ മലയാളികള്‍ ഓണം ആഘോഷിക്കുന്നു.കേരളാ ഹിന്ദൂസ് ഓഫ് അരിസോണയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി ഉത്സവ കമ്മിറ്റിക്കുവേണ്ടി സുരേഷ് നായര്‍ (ബാബു തിരുവല്ല), ശ്യാം രാജ്, ജിജു അപ്പുക്കുട്ടന്‍ എന്നിവര്‍ അറിയിച്ചു. ആഘോഷപരിപാടികള്‍ രാവിലെ 10 മണിക്ക് ആരംഭിക്കും. അരിസോണയിലെ മലയാളി സമൂഹത്തിന് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഉതകുന്ന വിധത്തിലാണ് ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ അണിയിച്ചൊരുക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി ഓണപ്പാട്ടുകള്‍, ലഘു നാടകം, നൃത്തനൃത്യങ്ങള്‍, മഹാബലിക്ക് വരവേല്‍പ്, തിരുവാതിര, പ്രസിദ്ധമായ ആറന്മുള വഞ്ചിപ്പാട്ട് തുടങ്ങി കലാകേരളത്തിന്റെ പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. കലാ-സാംസ്‌കാരിക പരിപാടികള്‍ക്ക് വിജേഷ് വേണുഗോപാല്‍, ശ്രീകുമാര്‍ കൈതവന എന്നിവര്‍ നേതൃത്വം നല്‍കും. മഹാബലിയുടെ വരവേല്‍പിനോടനുബന്ധിച്ച് കേരളത്തിന്റെ തനതായ കലാരൂപങ്ങളായ കഥകളി, മയിലാട്ടം, കാവടിയാട്ടം, അമ്മന്‍കുടം, കളരിപ്പയറ്റ്, വള്ളംകളി, പുലിക്കളി, മലയാളി മങ്ക എന്നിവ ആഘോഷത്തെ കൂടുതല്‍ വര്‍ണ്ണാഭമാക്കും. വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്ക് നേതൃത്വം നല്‍കുന്നത് സുരേഷ് കുമാര്‍, ഗിരീഷ് ചന്ദ്രന്‍, വേണുഗോപാല്‍ എന്നിവരാണ്. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് അരിസോണയിലെ എല്ലാ മലയാളികളുടേയും സാന്നിധ്യവും സഹായ സഹകരണവും പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Comments