ഷിക്കാഗോ: ഷിക്കാഗോ മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ (മീന) വാര്‍ഷിക പിക്‌നിക്ക് ഓഗസ്റ്റ് 17-ന് ശനിയാഴ്‌ച വാമെന്‍ഹില്ലിലുള്ള ബ്ലാക്ക്‌വെല്‍ ഫോറസ്റ്റ് പ്രിസേര്‍വിലെ ഈസ്റ്റ് ഷെല്‍റ്ററില്‍ വെച്ച് നടത്തപ്പെട്ടു. ഏതാണ്ട് 20 വര്‍ഷത്തോളമായി മുടങ്ങാതെ നടന്നുകൊണ്ടിരിക്കുന്ന വാര്‍ഷിക പരിപാടിയാണ് പിക്‌നിക്ക്. ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള മലയാളി എന്‍ജിനീയേഴ്‌സ് കുടുംബമായി ഒന്നിച്ചുകൂടുന്ന ഈ പിക്‌നിക്ക് പരസ്‌പരം ഒന്നിച്ചുകൂടുവാനും, കുട്ടികള്‍ക്കും കുടുംബത്തിനും മറ്റുള്ളവരുമായി പരിചയപ്പെടാനുമൊക്കെയുള്ള അവസരം നല്‍കുന്നു. വിവിധതരം വിനോദ പരിപാടികളും, പാട്ടും മറ്റുമൊക്കെയായി ഉല്ലസിക്കുന്നതിനിടയില്‍ തങ്ങളുടെ പ്രൊഫഷണല്‍ തലങ്ങളില്‍ ലഭിക്കുന്ന അവസരങ്ങളും പ്രതിസന്ധികളും പങ്കുവെയ്‌ക്കുവാനും ചര്‍ച്ച ചെയ്യുവാനും ഒക്കെ സാധിക്കുന്നു എന്നുള്ളത് ഇത്തരം കൂടിച്ചേരലുകളുടെ പ്രത്യേകതയാണ്. കൂടാതെ കാലങ്ങള്‍ക്കു മുമ്പ് ഒന്നിച്ചു പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌ത സഹപാഠികളെ കാണുവാനും പരിചയം പുതുക്കാനും ലഭിച്ച അവസരമായിരുന്നു. അടുത്തകാലത്ത് ഷിക്കാഗോയില്‍ എത്തിയ എന്‍ജിനീയര്‍മാര്‍ മുതല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ എത്തുകയും പല കമ്പനികളില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിയശേഷം വിശ്രമജീവിതം നയിക്കുന്നവര്‍ വരെ മീനയുടെ അംഗങ്ങളായി ഈ പ്രസ്ഥാനത്തെ സഹായിക്കുന്നു. പുതുതായി ഇമിഗ്രേറ്റ് ചെയ്യുന്ന എന്‍ജിനീയര്‍മാര്‍ക്ക് പ്രൊഫഷണല്‍ തലങ്ങളില്‍ ഉപരിപഠനത്തിനും ജോലിക്കുമൊക്കെ എങ്ങനെ പരിശ്രമിക്കണം, തയാറെടുക്കണം എന്നൊക്കെ പറഞ്ഞുകൊടുക്കാനും പഴയ തലമുറയ്‌ക്ക് മീനയിലൂടെ സാധിക്കുന്നു. ഒരു നാടിന്റേയും മനുഷ്യ സമൂഹത്തിന്റേയും ഉന്നതിക്കു എന്‍ജിനീയര്‍മാരും, ടെക്‌നോളജിയും ഏറ്റവും അടിസ്ഥാനപരമായ ഒരു മുതല്‍ക്കൂട്ടാണ്. അതിന് എന്‍ജിനീയര്‍മാര്‍ വഹിക്കുന്ന ഉത്തരവാദിത്വവും പങ്കും വളരെ വലുതാണെന്ന് 2013- 14 വര്‍ഷത്തെ മീനയുടെ സെക്രട്ടറി ഏബ്രഹാം ജോസഫ് (ആബുജി) ഓര്‍മ്മിപ്പിച്ചു. പുതിയ തലമുറയില്‍ നിന്ന് കൂടുതല്‍ എന്‍ജിനീയര്‍മാരെ വാര്‍ത്തെടുക്കാനും മലയാളി കുട്ടികളെ പ്രോത്സാഹിപ്പിക്കാനും ഉതകുന്ന പരിപാടികളുടെ ഭാഗമായി ഒരു `എന്‍ജിനീയറിംഗ് ആന്‍ഡ് സയന്‍സ് ഫെയര്‍' ആണ്ടുതോറും നടത്തുവാനുള്ള ക്രമീകരണങ്ങളെപ്പറ്റിയും അദ്ദേഹം വിവരിക്കുകയുണ്ടായി. ഇതിനായി ജോസ് തോമസിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അമേരിക്കയിലുള്ള എന്‍ജിനീയറിംഗ് കോഴ്‌സുകളും, കോളജുകളും എങ്ങനെ തെരഞ്ഞെടുക്കാം എന്നു പറഞ്ഞുകൊടുക്കുവാനും സാധിക്കും. ഇത് ഇവിടെയുള്ള മലയാളി കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഏറെ സഹായകരമായിരിക്കും. കേരളത്തിലെ എന്‍ജിനീയറിംഗ് കോളജുകളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങളായി സ്‌കോളര്‍ഷിപ്പ് മുതലായ പദ്ധതികള്‍ മീനയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു. ഈവര്‍ഷത്തെ പിക്‌നിക്ക് വളരെ ഭംഗിയായി നടത്തുവാന്‍ നേതൃത്വം നല്‍കിയ സാബു തോമസിനു പ്രത്യേക അനുമോദനവും ജയിംസ് മണിമല, ജോസഫ് പതിയില്‍, സ്റ്റെബി തോട്ടം, ഏബ്രഹാം പണിക്കര്‍, ഫിലിപ്പ് മാത്യൂസ് തുടങ്ങിയവര്‍ക്കും പ്രസിഡന്റ് നാരായണന്‍ നായര്‍ നന്ദി പ്രകടിപ്പിച്ചു. മലബാര്‍ കേറ്ററിംഗ് പിക്‌നിക്ക് സ്ഥലത്തുവെച്ചുതന്നെ ഭക്ഷണം തയാറാക്കിയത് ഈ പിക്‌നിക്കിന്റെ പ്രത്യേകതയായിരുന്നു. പ്രിയാ ജസ്റ്റിന്‍ (വൈസ് പ്രസിഡന്റ്), ബോബി ജേക്കബ് (ട്രഷറര്‍), ജേക്കബ് നൈനാന്‍ (പി.ആര്‍.ഒ), ഏബ്രഹാം ജോസഫ് (ആബുജി) സെക്രട്ടറി എന്നിവര്‍ ഭാരവാഹികളായി നാരായണന്‍ നായരുടെ (പ്രസിഡന്റ്) നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. വരും വര്‍ഷങ്ങളില്‍ ഷിക്കാഗോയിലുള്ള മലയാളി എന്‍ജിനീയര്‍മാര്‍ എല്ലാവരുടേയും ആത്മാര്‍ത്ഥമായ സഹകരണം ഇനിയും ഉണ്ടാകണമെന്ന് പ്രസിഡന്റ് നാരായണന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.
Comments