ജീമോന്‍ റാന്നി ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ പെയര്‍ലാന്‍ഡ് മന്‍വേല്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 3-മത് കര്‍ഷകശ്രീ മത്സരത്തിന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പെയര്‍ലാന്‍ഡ് മന്‍വേല്‍ ഏരിയായിലെ പ്രമുഖ കര്‍ഷകരിലൊരാളായ ലൂക്കോസ് മുട്ടത്തിനാണ് ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് ലഭിച്ചത്. നിരവധി വര്‍ഷങ്ങളായി വീടിനോടു ചേര്‍ന്ന് അടുക്കളത്തോട്ടം ഉണ്ടാക്കി നിരവധി പച്ചക്കറി ഇനങ്ങള്‍ ഉദ്പാദിപ്പിച്ച് ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികളില്‍ ലൂക്കോസ് മുട്ടത്തിന് ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ ബേബി യോഹന്നാന്‍ രണ്ടാം സ്ഥാനവും എ.എസ്.വര്‍ഗീസിന് മൂന്നാം സ്ഥാനവും ലഭിച്ചു. 70ല്‍പരം കുടുംബങ്ങള്‍ ഉള്ള ഈ പ്രാര്‍ത്ഥനാഗ്രൂപ്പില്‍ മിക്കവാറും എല്ലാ ഭവനങ്ങളോടുചേര്‍ന്നും പച്ചക്കറി തോട്ടങ്ങള്‍ ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. പാവയ്ക്ക, പയര്‍, വെണ്ടയ്ക്കാ, വഴുതനങ്ങാ, വെള്ളരിക്ക, പടവലങ്ങ, മുരിങ്ങയ്ക്കാ, കപ്പ, ചേന, വാഴ, കറിവേപ്പ്, കോവയ്ക്കാ, ചീര, തുടങ്ങി നിരവധി സസ്യ ഫലങ്ങള്‍ കൊണ്ട് സമൃദ്ധമാണ് പെയര്‍ലാന്‍ഡിലെ മലയാളി ഭവനങ്ങളുടെ പരിസരങ്ങള്‍. അടുക്കള തോട്ടങ്ങളുടെ സൗന്ദ്ര്യം, ക്രമീകരണം, എത്രതരം ഫലങ്ങള്‍, ഫലങ്ങളുടെ വിളവ് തുടങ്ങിയ മാനദണ്ഡങ്ങളാണ് വിജയികളെ തിരഞ്ഞെടുക്കുന്നതിന് ഉപയോഗിച്ചതെന്ന് ജഡ്ജിംഗ് പാനല്‍ അംഗങ്ങളും. ഹൂസ്റ്റനിലെ പ്രമുഖ കൃഷിക്കാരുമായ റോബിന്‍ ജോസ്, മാത്യൂ ജോര്‍ജ്ജ്, തോമസ് ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു. ഇടവക കമ്മറ്റി പെയര്‍ലാന്‍ഡ് മന്‍വേല്‍ പ്രതിനിധ സാബു ഫിലിപ്പ് മത്സരത്തിന് നേതൃത്വം നല്‍കി. മത്സരത്തില്‍ പങ്കെടുത്തവരെയും, വിജയികളെയും ഇടവക വികാരി റവ. കൊച്ചുകോശി ഏബ്രഹാം അഭിനന്ദിച്ചു.
Comments