ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയിലുണ്ടായ ബോട്ട് അപകടത്തില്‍ ഗുരുതരമായി പരിക്കുകള്‍ പറ്റി ബോധരഹിതനായിരുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയില്‍പ്പെട്ട ജോജോ ജോണ്‍ എന്ന ചെറുപ്പക്കാരനെ യാതൊരു അന്വേഷണവും നടത്താതെ പോലീസ് അറസ്റ്റ് ചെയ്‌ത് റോക്ക്‌ലാന്റിലെ നയാക് ആശുപത്രിയില്‍ കൊണ്ടുപോയി ബഡ്ഡിനോട് ചേര്‍ത്ത് ചങ്ങലയില്‍ ബന്ധിച്ച് ഒരാഴ്‌ചയോളം കിടത്തിയതിനാല്‍ ശരീരമാസകലം വൃണമുണ്ടാകാന്‍ ഇടവന്ന സംഭവത്തില്‍ പ്രതിക്ഷേധിക്കുന്നതിനും, മൈനോരിറ്റിയില്‍പ്പെട്ട ഒരു ഇന്ത്യന്‍ അമേരിക്കന്‍ പൗരനായതുകൊണ്ടു മാത്രം ജോജോ ജോണിന്റെ പേരില്‍ നടപടി എടുക്കാന്‍ തുനിഞ്ഞ റോക്ക്‌ലാന്റ് ഡിസ്‌ട്രിക്‌ട് അറ്റോര്‍ണി ഉള്‍പ്പടെയുള്ള അധികാരികളുടെ മനുഷ്യത്വരഹിതമായ നടപടികളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനും തീരുമാനം എടുക്കുന്നതിനും വേണ്ടി ഈവരുന്ന ഞായറാഴ്‌ച (ഓഗസ്റ്റ് 25) വൈകുന്നേരം 5 മണിക്ക് റോക്ക്‌ലാന്റിലെ കാരാവല്ലി റെസ്റ്റോറന്റില്‍ വെച്ച് ഫോമാ, ഫൊക്കാന, മറ്റ് സംഘടനകളുടെ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ആലോചനാ യോഗം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 20-ന് ചൊവ്വാഴ്‌ച വൈകിട്ട് നടത്തിയ ടെലി കോണ്‍ഫറന്‍സ് യോഗത്തിലാണ് ജോജോ ജോണിന്റെ കാര്യം ചര്‍ച്ച ചെയ്‌തതും തീരുമാനമെടുത്തതും. ജോജോ ജോണിനെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ ഇതിനോടകം പത്ര മാധ്യമങ്ങളിലൂടെ പലപ്പോഴായി വന്നു കഴിഞ്ഞു. അപകടമുണ്ടായ സാഹചര്യത്തെപ്പറ്റി അന്വേഷിക്കുക പോലും ചെയ്യാതെ ഇന്ത്യക്കാരന്‍ ആയതുകൊണ്ടു മാത്രമാണ് ജോജോ ജോണിനെ അറസ്റ്റ് ചെയ്‌തതും 250,000 ഡോളര്‍ ജാമ്യത്തുക കെട്ടിവെയ്‌ക്കണമെന്ന് റോക്ക്‌ലാന്റ് കൗണ്ടി അധികാരികള്‍ ആവശ്യപ്പെടുകയും ചെയ്‌തതെന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ ആശങ്ക പ്രകടിപ്പിച്ചു. ഈ സംഭവത്തിനു മുമ്പ് റോക്ക്‌ലാന്റില്‍ തന്നെ ഹൈവെയിലൂടെ എതിര്‍ സൈഡിലൂടെ കാര്‍ ഓടിച്ച് അപകടമുണ്ടാക്കി രണ്ടു പേരുടെ മരണത്തിനിടയാക്കിയിട്ടുകൂടി അതിനു ഉത്തരവാദിയായ ആളെ അറസ്റ്റ് ചെയ്‌തില്ല. വലിയ കൊലപാതക കേസിലെ പ്രതികള്‍ക്കു 5000 ഡോളര്‍ മാത്രമാണ് ജാമ്യത്തുക. എന്നാല്‍ ജോജോ ജോണിന് ഇത്രയും വലിയ തുകയ്‌ക്കുള്ള ജാമ്യമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പിന്നീട് പൊതുജന ശബ്‌ദം ഉയര്‍ന്നതിനാല്‍ അധികാരികള്‍ ജാമ്യത്തുക വേണ്ടെന്നുവെച്ച് ജോജോയെ വീട്ടില്‍ പൊയ്‌ക്കൊള്ളാന്‍ അനുവദിച്ചു. ഇപ്പോള്‍ ഒരു ഗ്രാന്റ് ജൂറിയെ കേസ് എല്‍പ്പിക്കാനുള്ള തത്രപ്പാടിലാണ് അധികാരികള്‍. ഉന്നതന്മാരായ പലരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതുകൊണ്ട് അവരെ രക്ഷിക്കാനുള്ള ഉപാധിയായാണ് ഗ്രാന്റ് ജൂറിയെ വെയ്‌ക്കുന്നത് എന്നുള്ള രീതിയില്‍ ജെ.എഫ്.എയില്‍ പങ്കെടുത്തവര്‍ ഇതിനെ വിലയിരുത്തുകയുണ്ടായി. ജെ.എഫ്.എയുടെ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍, പ്രസിഡന്റ് പ്രേമ ആന്റണി, വൈസ് ചെയര്‍മാന്‍ ജോജോ തോമസ്, ട്രഷറര്‍ തോമസ് എം. തോമസ്, ഡയറക്‌ടര്‍മാരായ എ.സി ജോര്‍ജ്, അലക്‌സ് കോശി വിളനിലം, തോമസ് ടി. ഉമ്മന്‍, എലിസബത്ത് ഫിലിപ്പ്, ഫിലിപ്പ് തോമസ്, രവീന്ദ്രന്‍ നാരായണന്‍, ജോയിച്ചന്‍ പുതുക്കുളം മറ്റ് സാമൂഹ്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ജോര്‍ജ് ജേക്കബ്, ഇന്നസെന്റ് ഉലഹന്നാന്‍, സിസിലി കൂവള്ളൂര്‍, റജീസ് നെടുങ്ങാടപ്പള്ളി തുടങ്ങി നിരവധി പേര്‍ പ്രസ്‌തുത ടെലികോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയുണ്ടായി. ജോജോ ജോണിന്റെ മാതാപിതാക്കള്‍ തങ്ങളുടെ മകനുണ്ടായ ദുരന്തത്തെപ്പറ്റി വിശദീകരിക്കുകയും ഇത്തരത്തിലുള്ള ഹീനമായ അനുഭവം ഇന്ത്യന്‍ കമ്യൂണിറ്റിയില്‍പ്പെട്ട മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. കാരാവള്ളി റെസ്റ്റോറന്റിന്റെ അഡ്രസ്: 416 നാനുവറ്റ് മാള്‍, സൗത്ത് നാനുവറ്റ്, ന്യൂയോര്‍ക്ക്, എന്‍.വൈ 10954. ന്യൂയോര്‍ക്കിലും ട്രൈസ്റ്റേറ്റിലുമുള്ള എല്ലാ സംഘടനാ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും ഇതൊരു അറിയിപ്പായി കരുതി പ്രസ്‌തുത ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗത്തില്‍ പങ്കെടുക്കുകയും ജോജോ ജോണിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേലില്‍ നമ്മുടെ സമൂഹത്തില്‍പ്പെട്ടവര്‍ക്ക് ഇത്തരമൊരു അനുഭവമുണ്ടാകുമ്പോള്‍ അവയെ സധൈര്യം നേരിടാന്‍ നമുക്ക് എങ്ങനെ കഴിയും എന്നുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: തോമസ് കൂവള്ളൂര്‍ (914 409 5772), ഇന്നസെന്റ് ഉലഹന്നാന്‍ (646 542 4070), റോയി മാത്യു (845 649 9732). തോമസ് കൂവള്ളൂര്‍ അറിയിച്ചതാണിത്.
Comments