ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവയുടെ പ്രധാന തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ഇടവക മധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുനാളില്‍ വിശ്വാസികള്‍ ഭക്തിപുരസരം പങ്കെടുത്തു. ഓഗസ്റ്റ് 10,11 (ശനി, ഞായര്‍) തീയതികളിലായാണ് തിരുനാള്‍ ആഘോഷിച്ചത്. പത്താം തീയതി ശനിയാഴ്‌ച വൈകുന്നേരം ഇടവക വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് കൊടി ഉയര്‍ത്തിയതോടുകൂടി തിരുനാളിന് തുടക്കമായി. തുടര്‍ന്ന് ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഫാ. ജോര്‍ജ് എളമ്പാശേരില്‍, ഫാ. ജോയി ചക്കിയാന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ജപമാലയും മെഴുകുതിരി ദീപങ്ങളും കൈയ്യിലേന്തി ഇടവകാംഗങ്ങള്‍ വിശ്വാസപൂര്‍വ്വം ജപമാലയും ചൊല്ലി ദേവാലയത്തിനു ചുറ്റും നടത്തിയ ഭക്തിസാന്ദ്രമായ പ്രദക്ഷിണം എല്ലാവര്‍ക്കും നവ്യമായ ഒരു അനുഭവമായിരുന്നു. തുടര്‍ന്ന് നടന്ന കരിമരുന്ന് കലാപ്രകടനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആകര്‍ഷണമായിരുന്നു. 12-ന് ഞായറാഴ്‌ച രാവിലെ 10 മണിക്ക് ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്‌ടര്‍ ഫാ. റെനി കട്ടേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയും, സെന്റ് മേരീസ് ഗായക സംഘത്തിന്റെ ഇമ്പമേറിയ ഗാനങ്ങളും ഇടവകാംഗങ്ങള്‍ക്കും വിശ്വാസികള്‍ക്കും വേറിട്ട അനുഭവമായി. വിശുദ്ധബലി മധ്യേ ഫാ. ജോയി ചക്ക്യാന്‍ തിരുനാള്‍ സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം നടന്ന ആഘോഷമായ തിരുനാള്‍ പ്രദക്ഷിണത്തില്‍ തിരുസ്വരൂപങ്ങള്‍, കുരിശ്, കുട എന്നിവയും വഹിച്ചുകൊണ്ട് കുട്ടികളും മുതിര്‍ന്നവരും, ഇടവകാംഗങ്ങളും, മറ്റ് ഇടവകാംഗങ്ങളും, സ്ഥലവാസികളും ഭക്തിപുരസരം പങ്കെടുത്തു. സെന്റ് മേരീസ് ചെണ്ടമേള സംഘം അവതരിപ്പിച്ച ഇമ്പമേറിയ ചെണ്ടമേളം പ്രദക്ഷിണത്തിന് മാറ്റുകൂട്ടി. പരേതയായ തോട്ടത്തില്‍ മറിയാമ്മയുടെ പാവനസ്‌മരണാര്‍ത്ഥം തോട്ടത്തില്‍ കുടുംബാംഗങ്ങളാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. പ്രദക്ഷിണത്തിനുശേഷം ജിന്‍സ് താനത്ത് മാതാവിന് സമര്‍പ്പിച്ച ഏലയ്‌ക്കാ മാലയുടെ ലേലവും, ഇടവകാംഗങ്ങള്‍ സമര്‍പ്പിച്ച ആദ്യഫലങ്ങളും ലേലം ചെയ്യപ്പെട്ടു. വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട്, കൈക്കാരന്മാര്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ലീജിയന്‍ ഓഫ് മേരി അംഗങ്ങള്‍ എന്നിവരും വിവിധ കമ്മിറ്റികളും തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജോസ് ചാഴികാട്ട് അറിയിച്ചതാണിത്.
Comments