You are Here : Home / USA News

സര്‍ഗ്ഗവേദി ഇടശേരിയുടെ വരമൊഴികള്‍ തേടുന്നു

Text Size  

Story Dated: Saturday, August 24, 2013 02:06 hrs UTC

മനോഹര്‍ തോമസ്‌

 

യാത്ര പറഞ്ഞിട്ട്‌ 39 വര്‍ഷം കഴിഞ്ഞിട്ടും ഒരു കവിയെ ഓര്‍മ്മിക്കുകയും വീണ്ടും വിലയിരുത്തുവാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുമ്പോള്‍, അദ്ദേഹം മലയാള ഭാഷയ്‌ക്ക്‌ നല്‍കിയ സംഭാവന സ്‌തുത്യര്‍ഹമായിരിക്കും എന്നു തന്നെ വേണം കരുതാന്‍. മാത്രമല്ല ഇടശേരി പുനര്‍വായന ആവശ്യപ്പെടുന്ന സൃഷ്‌ടികളാണ്‌ മലയാള ഭാഷയില്‍ അവശേഷിപ്പിച്ചത്‌. മലയാള കവിതയുടെ ചരിത്രം എഴുതുമ്പോള്‍ ഇടശേരിയെ ഒഴിവാക്കിയാല്‍ അത്‌ പൂര്‍ണ്ണമാകാതെ വരും. പ്രബന്ധം അവതരിപ്പിച്ചും പൂതപ്പാട്ട്‌ ഈണസാന്ദ്രമായി ചൊല്ലിയതും കെ.കെ. ജോണ്‍സന്‍ ആണ്‌. ഇടശേരി ഗോവിന്ദന്‍ നായര്‍ ചങ്ങമ്പുഴയുടെ സമകാലികനായിരുന്നു. മുന്നൂറോളം കവിതകള്‍ എഴുതിയ ഇടശേരി ആഴത്തിലുള്ള അര്‍ത്ഥതലങ്ങള്‍ കവിതയിലേക്ക്‌ ആവാഹിച്ച്‌, താളനിബിഡമാക്കി അവതരിപ്പിക്കുകയാല്‍, സഹൃദയന്റെ മനസില്‍ അതെന്നും നിറഞ്ഞുനിന്നു. വളരെ വര്‍ഷങ്ങളോളം വക്കീല്‍ ഗുമസ്‌തനായി ജോലി ചെയ്‌തു. ഒരുപാട്‌ കഷ്‌ടപ്പാടുകളും പ്രാരാബ്‌ദങ്ങളും പേറേണ്ടിവന്ന ജീവിതമായതുകൊണ്ട്‌ അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നാണ്‌ അദ്ദേഹത്തിന്റെ സൃഷ്‌ടികള്‍ മിക്കവയും ഉണ്ടായത്‌. `അഹല്യ' എന്ന ആദ്യ കവിത പുറത്തുവന്നത്‌ 1935-ല്‍ ആണ്‌. കവിതയുടെ പുറമെ നാടകങ്ങളും ചെറുകഥകളും ഇടശേരി എഴുതിയിട്ടുണ്ട്‌. കേരളം മുഴുവന്‍ ഒരുകാലത്ത്‌ പ്രശസ്‌തി നേടിയ `കൂട്ടുകൃഷി' എന്ന നാടകം അദ്ദേഹത്തിന്റേതാണ്‌. ഉറൂബിന്റെ സഹയാത്രികനായ കവി എന്നും ഗാന്ധിയനായി ജീവിക്കാനും ഖദര്‍ ധരിക്കാനും ആഗ്രഹിച്ചിരുന്നു. ഭാര്യ ജാനാകിയമ്മയും ഒരു കവയിത്രി ആയിരുന്നു. `കരുത്തിന്റെ കവി' എന്ന്‌ എന്‍.വി വിശേഷിപ്പിച്ച ഇടശേരിയുടെ പ്രധാന കൃതികള്‍ അളകാപുരി, തത്വശാസ്‌ത്രങ്ങള്‍ ഉറങ്ങുമ്പോള്‍, ഒരുപിടി നെല്ലിക്ക, കറുത്ത ചെട്ടിച്ചികള്‍, പൂതപ്പാട്ട്‌, ഫുക്കന്‍ കലവും അരിവാളും, അമ്പാടിയിലേക്ക്‌ വീണ്ടും, കുറ്റുപ്പുഴ പാലം എന്നിവയാണ്‌. കാല്‌പനിക സ്വപ്‌നങ്ങളില്‍ മുഴുകാതെ കാലഘട്ടത്തിന്റെ ശരികളേയും തെറ്റുകളേയും തേടി ഒരു യാത്ര ചെയ്യാനാണ്‌ കവി എന്നും ആഗ്രഹിച്ചിരുന്നത്‌. അതുകൊണ്ടാണ്‌ `അധികാരം കൊയ്യണമാദ്യം; അതിന്മേലാകട്ടെ പൊന്നാര്യന്‍' എന്ന്‌ കവി പാടിയത്‌. ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു പൂതപ്പാട്ട്‌, കറുത്ത ചെട്ടിച്ചികള്‍, തത്വശാസ്‌ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ എന്നീ കവിതകള്‍ വിലയിരുത്തിയാണ്‌ സംസാരിച്ചത്‌. നങ്ങേലി എന്ന സ്‌ത്രീയുടെ കഥാപാത്രം `മാതൃത്വത്തിന്റെ ശക്തി' നമുക്ക്‌ കാണിച്ചുതരുകയാണ്‌. ഭൂതം രത്‌നങ്ങള്‍ വാരി വിതറുമ്പോള്‍ മകനെയല്ലാതെ മറ്റൊന്നും കാണണ്ട എന്നു പറഞ്ഞ്‌.

 

 

Photo: KK Johnson

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.