You are Here : Home / USA News

സര്‍ഗവേദിയില്‍ പ്രൊഫ. മധുസൂതനന്‍ നായര്‍ നയിക്കുന്ന ശില്പശാലയും കവിയരങ്ങും

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Wednesday, August 28, 2013 10:21 hrs UTC

മലയാളത്തിന്റെ പ്രിയ കവി പ്രൊഫ: മധുസൂതനന്‍നായര്‍ സെപ്റ്റംബര്‍ എട്ടിന് ഞായറാഴ്ച ഒരുമണിക്ക് എല്‍മോണ്ടിലുള്ള കേരള സെന്ററില്‍ അമേരിക്കയിലെ ഭാഷാസ്‌നേഹികള്‍ക്കായി തന്റെ കാവ്യ ഹൃദയം തുറക്കാന്‍ എത്തുന്നു. രണ്ടു മണിക്ക് ആരംഭിക്കുന്ന ശില്പശാലയുടെ തുടര്‍ച്ചയായി കവിത ചര്‍ച്ചയും അമേരിക്കയിലെ മലയാളകവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ ദശാബ്ദങ്ങളില്‍ മലയാള കവിതയ്ക്കുണ്ടായ ഉപലബ്ധികളില്‍ ഏറ്റവും ശ്രദ്ധേയമെന്നു ശ്രീ. ഓ.എന്‍.വി. കുറുപ്പ് വിശേഷിപ്പിച്ച മധുസൂതനന്‍ നായര്‍ മലയാള കാവ്യ സദസ്സുകളിലെ നിറസാന്നിധ്യമാണ്. ശക്തവും മധുരവുമായ കാവ്യാവതരണ രീതി കൊണ്ട് കൊണ്ട് കവിതാ സ്‌നേഹികളുടെ മാത്രമല്ല സാധാരണക്കാരുടെയും ഹൃദയം കവര്‍ന്ന മധുസൂതന്‍ നായര്‍ നാറാണത്ത് ഭ്രാന്തന്‍, ഗാന്ധര്‍വം തുടങ്ങി ഏഴു കൃതികളുടെയും അനേകം ഭാഷാ ഗവേഷണ പ്രബന്ധങ്ങളുടെയും കര്‍ത്താവാണ്. മൂന്ന് ചലച്ചിത്രങ്ങള്‍ക്കും തരംഗിണി, മനോരമ മ്യൂസിക് എന്നിവയ്ക്കുവേണ്ടി അനേകം ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. സ്വന്തം കവിതകള്‍ മാത്രമല്ല മലയാളത്തിലെ പ്രമുഖരായ പല കവികളുടെയും കവിതകളും അദ്ദേഹത്തിന്റെ സ്വരമാധുരിയില്‍ കാസറ്റ് രൂപത്തില്‍ പുറത്തുവന്നിട്ടുണ്ട്. വിദ്യാഭ്യാസത്തിനുശേഷം കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം കുങ്കുമം, കേരളദേശം വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തശേഷം തന്റെ പ്രിയപ്പെട്ട അധ്യാപക വൃത്തിയിലേക്ക് പ്രവേശിക്കുകയുണ്ടായി. മൂന്ന് പതിറ്റാണ്ടോളം തിരുവനന്തപരും സെന്‌റ് സേവിയേര്‍സ് കോളേജില്‍ അധ്യാപകനായിരുന്നു. അതില്‍ ഏറിയ പങ്കും ഒന്നാം ഗ്രേഡ് പ്രൊഫസറും ഏറെക്കാലം വകുപ്പ് മേധാവിയുമായി പ്രവര്‍ത്തിച്ച ശേഷമാണു ഔദ്യോഗികജീവിതം അവസാനിപ്പിച്ചത്. കേരള സാഹിത്യ അവാര്‍ഡ്, ആശാന്‍ പ്രൈസ്, കെ. ബാലകൃഷ്ണന്‍ അവാര്‍ഡ് തുടങ്ങിയ അനവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മധുസൂതന്‍ നായര്‍ നിലവില്‍ കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക് സമിതി അംഗമാണ്. അഞ്ചോളം ഭാഷകളില്‍ പ്രാവീണ്യമുള്ള മധുസൂതനന്‍ നായര്‍ വിവിധ യൂണിവേഴ്‌സിറ്റികളില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.