ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സാധുജന സേവനത്തിനായി ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി ഒക്‌ടോബര്‍ അഞ്ചിന് (ശനി) വൈകുന്നേരം നടക്കുന്ന ചാരിറ്റി ഡിന്നറിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ഓഗസ്റ്റ് 18ന് (ഞായര്‍) നടന്നു. വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയില്‍നിന്നും ഡോ. ആനി മണ്ണച്ചേരില്‍, സണ്ണി മാത്യു ഇലവുങ്കല്‍, ഇട്ടൂപ്പ് കണ്ടംകുളം, ജോസ് ഞാറകുന്നേല്‍, ജോസഫ് തോട്ടുവാലില്‍ എന്നിവര്‍ ആദ്യടിക്കറ്റുകള്‍ ഏറ്റുവാങ്ങി. ഫാ. ജോസഫ് പുതുപ്പള്ളി ചടങ്ങില്‍ സംബന്ധിച്ചു. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് ജോസഫ് പടിഞ്ഞാറേക്കുളം സെക്രട്ടറി ഡോ. ബിജി പുളിമൂട്ടില്‍, കോ-ഓര്‍ഡിനേറ്റര്‍ ജോഷി തെള്ളിയാങ്കല്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കേളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്ക് ചികിത്സാ സഹായം, കുട്ടികള്‍ക്ക് പഠന സഹായം, വീട് ഇല്ലാത്തവര്‍ക്ക് വീട്, സാധു പെണ്‍കുട്ടികളുടെ വിവാഹം തുടങ്ങി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഈവര്‍ഷം 80ഓളം കുടുംബങ്ങള്‍ക്ക് ചെറുതും വലുതുമായ സഹായം എത്തിക്കുവാന്‍ ബ്രോങ്ക്‌സ് ചാപ്റ്ററിനു സാധിച്ചു. സാമ്പത്തിക സഹായത്തോടൊപ്പം അവരുടെ കുടുംബത്തിനുവേണ്ടിയും നിയോഗങ്ങള്‍ക്കുവേണ്ടിയും പ്രത്യേക പ്രാര്‍ഥനകളും സംഘടന നടത്തിവരുന്നു. എല്ലാ വര്‍ഷവും ഒക്‌ടോബറില്‍ നടത്തുന്ന ചാരിറ്റി ഡിന്നറിലൂടെ സമാഹരിക്കുന്ന തുകയോടൊപ്പം അംഗങ്ങളുടെ ഇടയില്‍ നടത്തുന്ന രഹസ്യ പിരിവ് വീടുകളില്‍ കുടുക്കയിലൂടെ സംഭരിക്കുന്ന പണവും ഞായറാഴ്ചകളില്‍ ഉത്പന്നങ്ങള്‍ ലേലത്തില്‍ വിറ്റു സംഭരിക്കുന്ന തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഒക്‌ടോബര്‍ അഞ്ചിന് (ശനി) വൈകുന്നേരം ആറിന് പാരിഷ് ഹാളില്‍ നടക്കുന്ന ചാരിറ്റി ഡിന്നറില്‍ അമേരിക്കയിലെ സീറോ മലങ്കര എക്‌സാര്‍ക്കേറ്റ് ബിഷപ് തോമസ് മാര്‍ യൗസേബിയോസ് മുഖ്യാതിഥിയായിരിക്കും. ഡിന്നറിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
Comments