You are Here : Home / USA News

അറ്റ്‌ലാന്റയില്‍ നവ്യാനുഭവമായി ക്യാമ്പിംഗ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 29, 2013 11:13 hrs UTC

അറ്റ്‌ലാന്റാ: ക്‌നാനായ കത്തോലിക്കാ സംഘടന (കെ.സി.എ.ജി)യുടെ ആഭിമുഖ്യത്തില്‍ സാമുദായിക ഐക്യവും, കുടുംബ ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനായി മൂന്നു ദിവസത്തെ ക്യാമ്പിംഗ്‌ ഓഗസ്റ്റ്‌ രണ്ടു മുതല്‍ നാലുവരെ നടത്തപ്പെട്ടു. നോര്‍ത്ത്‌ കരോളിന- ജോര്‍ജിയ സംസ്ഥാനാതിര്‍ത്തിയിലെ സുവാനീ നദീ തീരത്തുള്ള എറെലജാം ക്ലാര്‍ക്ക്‌ സ്റ്റേറ്റ്‌ പാര്‍ക്കില്‍ വെച്ചായിരുന്നു ക്യാമ്പിംഗ്‌. മുപ്പതോളം കുടുംബങ്ങളില്‍ നിന്നും 160-ല്‍പ്പരം അംഗങ്ങള്‍ പങ്കെടുത്ത ക്യാമ്പിംഗ്‌ മുന്‍ വര്‍ഷങ്ങളേക്കാള്‍ വളരെ ആകര്‍ഷണവും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നതുമായിരുന്നു. ഓഗസ്റ്റ്‌ രണ്ടാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 7 മണിയോടെ മുന്‍ കെ.സി.എ.ജി പ്രസിഡന്റ്‌ ഫിലിപ്പ്‌ ചാക്കച്ചേരിയുടെ പ്രാര്‍ത്ഥനയോടെ ക്യാമ്പിംഗിന്‌ തുടക്കമായി. കുട്ടികളേവരും ദൈവീക പരിപാലനയ്‌ക്കായി പ്രാര്‍ത്ഥിച്ചത്‌ ശ്രദ്ധേയമായി. പ്രസിഡന്റ്‌ സന്തോഷ്‌ ഉപ്പൂട്ടില്‍ ഏവര്‍ക്കും സ്വാഗതം അരുളുകയും സുരക്ഷിതരായി ക്യാമ്പിംഗ്‌ ആസ്വദിക്കാന്‍ ഏവരേയും ഓര്‍മ്മപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ പ്രായഭേദമെന്യേ കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വാദ്യകരമായ വിവിധയിനം പരിപാടികള്‍ക്ക്‌ അരങ്ങൊരുങ്ങി. ഡിന്നറിനുശേഷം പാര്‍ക്ക്‌ അധികൃതരൊക്കിയ ക്യമ്പ്‌ ഫയറും, കഥകളും, ഗെയിമുകളുമെല്ലാം കുട്ടികളേയും യുവജനങ്ങളേയും ആവേശംകൊള്ളിച്ചു. അക്ഷരശ്ശോകം, തമാശകള്‍, ചീട്ടുകളി എന്നിവയില്‍ ലയിച്ച്‌ മുതിര്‍ന്നവര്‍ ആസ്വാദ്യതയില്‍ അമേരിക്കന്‍ ജീവിത തിരക്കില്‍ നിന്നും മുക്തരായി. പ്രത്യേകം തയാറാക്കിയ ക്യമ്പിംഗ്‌ ടീ ഷര്‍ട്ടുകള്‍ അണിഞ്ഞെത്തി അംഗങ്ങളെല്ലാം ഒരുമയോടെ സഹകരിച്ച്‌ ക്യാമ്പിംഗില്‍ പങ്കെടുക്കുന്ന കാഴ്‌ച രണ്ടാം ദിനം കൗതുകമുണര്‍ത്തി. ബീച്ച്‌ ഹൗസിലും ചുറ്റുമായി ബാര്‍ബിക്യൂ,പിക്‌നിക്ക്‌ സെറ്റിംഗുകളെല്ലാം തയാറാക്കിയിരുന്നു. മന്നാകുളം കുടുംബം ഒരുക്കിയ പാഡ്‌ലിംഗ്‌ ബോട്ട്‌ യുവജനങ്ങളുടെ ഹരമായി മാറി. തടാകത്തിന്റെ ഭംഗിയും പ്രകൃതിരമണീയതയ്‌ക്കുമൊപ്പം ടോജി തയ്യില്‍, വിനോമോന്‍ വേലിയാത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ബോട്ടിംഗ്‌ ഏവരും മതിവരുവോളം ആസ്വദിച്ചു. ബാസ്‌കറ്റ്‌ ബോള്‍, ബീച്ച്‌ വോളിബോള്‍ എന്നീ ഗെയിമുകള്‍ യുവജനങ്ങള്‍ക്ക്‌ ആവേശമായി. വൈകിട്ട്‌ കിഡ്‌സ്‌ ക്ലബ്‌ ഡയറക്‌ടര്‍ സുനി ചാക്കോനാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധങ്ങളായ ഗെയിമുകള്‍ ഒരുക്കി. സ്‌നേഹക്കൂട്ടായ്‌മയുടെ നിറവില്‍ ക്രിസ്റ്റല്‍ മന്നാകുളത്തിന്റെ പിറന്നാള്‍ കേക്കും മുറിച്ചു. പ്രത്യേകം തയാറാക്കിയ കോക്‌ടെയില്‍ വിഭവങ്ങള്‍, മത്തി വറുത്തത്‌, തടാകത്തില്‍ നിന്നും വലവീശി പിടിച്ച്‌ ഒരുക്കി പാകംചെയ്‌ത മത്സ്യാദികളൊക്കെ ക്യാമ്പിംഗിലെ പ്രത്യേക വിഭവങ്ങളായി മാറി. മൂന്നാം ദിവസം പ്രാതല്‍ മുതല്‍ ക്യാമ്പിംഗ്‌ അവസാനിക്കാറാവുന്നുവെന്ന ചിന്തയെ സ്വീകരിക്കാനുള്ള വൈഷമ്യം ഏവരിലും ദൃശ്യമായി. മദ്ധ്യാഹ്നത്തോടെ 2013-ലെ ക്യാമ്പിംഗ്‌ നിത്യവിസ്‌മൃതിയാക്കി മനസില്ലാ മനസോടെ എല്ലാവരും എലൈജാ പാര്‍ക്കിനോട്‌ വിടചൊല്ലി. ദൈവീകപരിപാലന നിറഞ്ഞുനിന്ന പരിപാടിയില്‍ സംഘടനയുടെ എക്‌സിക്യൂട്ടീവിനൊപ്പം വിനോമോന്‍ വേലിയാത്ത്‌, ആന്‍സി ചെമ്മലക്കുഴി, ഡൊമിനിക്‌ ചാക്കോനാല്‍ എന്നിവര്‍ അടങ്ങിയ ക്യാമ്പിംഗ്‌ ഓര്‍ഗനൈസിംഗ്‌ കമ്മിറ്റിയും മോടിയായി നടത്തപ്പെട്ട പിതൃദിനത്തെപ്പോലെ തന്നെ ജോളി വേലിയാത്ത്‌, ലിസ്സി പാറാനിക്കല്‍, ലൈല കളത്തില്‍, ആന്‍സി ഇല്ലിക്കാട്ടില്‍, റെനി തുരുത്തുമാലില്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിമന്‍സ്‌ ഫോറവും ശ്ശാഘനീയമായ നേതൃപാടവം ക്യാമ്പിംഗില്‍ കാഴ്‌ചവെച്ചു. യുവജനങ്ങളുടെ നല്ല പെരുമാറ്റവും സഹകരണവും പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. പ്രയത്‌നിച്ച എല്ലാവരേയും നന്ദിയോടെ സ്‌മരിക്കുന്നു. മാത്യു അബ്രഹാം അറിയിച്ചതാണിത്‌. ഫോട്ടോ കടപ്പാട്‌: തമ്പു പുളിമൂട്ടില്‍, ഷയാന്‍ കല്ലിഡാന്തിയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.