You are Here : Home / USA News

ഗ്ലോബല്‍ കേരളീയന്‍ അവാര്‍ഡ്‌ ബോബി ചെമ്മണ്ണൂരിന്‌ സമ്മാനിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 04, 2013 10:38 hrs UTC

അസോസിയേഷന്‍ ഓഫ്‌ കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സി (AKMG)ന്റെ പ്രഥമ ഗ്ലോബല്‍ കേരളീയന്‍ അവാര്‍ഡ്‌ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിന്‌ സമ്മാനിച്ചു. സംഘടനയുടെ വാര്‍ഷിക കണ്‍വെന്‍ഷന്റെ സമാപനത്തോടനുബന്ധിച്ച്‌ ഹില്‍ട്ടണ്‍ ഓഫ്‌ അമേരിക്കാസില്‍ നടന്ന ചടങ്ങിലാണ്‌ അവാര്‍ഡ്‌ നല്‍കിയത്‌. AKMG കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ. ജോര്‍ജ്ജ്‌ മാമ്മന്‍ ബോബിക്ക്‌ അവാര്‍ഡ്‌ നല്‍കി. AKMG പ്രസിഡന്റ്‌ ഡോക്‌ടര്‍ ഫ്രീമു വര്‍ഗീസ്‌ പൊന്നാട അണിയിച്ചു. സമൂഹിക പ്രതിബദ്ധതയോടെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഈ അവാര്‍ഡ്‌ തനിക്ക്‌ പ്രചോദനമായിരിക്കുമെന്ന്‌ അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ടുള്ള മറുപടി പ്രസംഗത്തില്‍ ബോബി പറഞ്ഞു. സന്നദ്ധ സേവന മേഖലയില്‍ താന്‍ നടത്തിവരുന്ന എളിയ ശ്രമങ്ങള്‍ക്ക്‌ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പിന്തുണയുണ്ടാകണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. AKMG കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഡോ. സഖറിയ തോമസ്‌ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. സമാപനയോഗത്തിനു ശേഷം മലയാളത്തിന്റെ പ്രിയഗായകരായ കെ.എസ്‌. ചിത്രയും എം.ജി. ശ്രീകുമാറും നേതൃത്വം നല്‍കിയ ഗാനമേള അരങ്ങേറി. ചലച്ചിത്ര പിന്നണി ഗാനരംഗത്ത്‌ മുപ്പത്‌ വര്‍ഷം തികച്ച ഇരുവരെയും ചടങ്ങില്‍ ആദരിച്ചു. ലാലു ജോസഫ്‌ അറിയിച്ചതാണിത്‌.

 

ബോബി ചെമ്മണ്ണൂര്‍ വ്യവസായിയും മനുഷ്യസ്‌നേഹിയും

ലാലുജോസഫ്‌

മൂവായിരം കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ള സ്വര്‍ണ്ണവ്യാപാരി എന്നതിനപ്പുറം ഹൃദയ വിശുദ്ധിയുടെയും മനുഷ്യസ്‌നേഹത്തിന്റേയും മുഖമാണ്‌ ബോബി ചെമ്മണ്ണൂരിന് . തൊട്ടതെല്ലാം പൊന്നാക്കുന്ന വ്യവസായിയില്‍ നിന്ന്‌ കാല്‍പ്പന്തുകളിയുടെ തോഴനും അശരണര്‍ക്കും ആലംബഹീനര്‍ക്കും താങ്ങും തണലുമാകുന്ന സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിത്വം. ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവലറിയുടെ അമരക്കാരനായ ബോബിക്ക്‌ വിശേഷണങ്ങളേറെ. അര്‍പ്പണബോധത്തോടെയും ചിട്ടയോടെയും നടത്തുന്ന സമര്‍പ്പിത കര്‍മ്മപരിപാടികളിലൂടെ ബോബി, ലക്ഷക്കണക്കിന്‌ മലയാളികളുടെ ഹൃദയംകവര്‍ന്ന ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ മനസില്‍ കയറിപ്പറ്റി. തുടര്‍ന്ന്‌ ബോബി എന്‍ മറഡോണ ജുവലറി ശൃംഘല നാടാകെ പടരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി 29 ബ്രാഞ്ചുകള്‍ . ആഗസ്റ്റ്‌ 29 ന്‌ അങ്കമാലിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ശാഖയാണ്‌ ഏറ്റവും പുതിയത്. സാമൂഹിക സേവനം പ്രത്യേകിച്ച്‌ സഹജീവിയോടുള്ള അനുകമ്പയും കരുണയും ബോബിയെ മറ്റള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തനും മാതൃകയുമാക്കുന്നു. മദര്‍ തെരേസയുടെ പേരിലുള്‍പ്പടെയുള്ള നിരവധി അവാര്‍ഡുകള്‍ ബോബിയുടെ ഷോകേസിന്‌ മഹിമയേകുന്നു. അസോസിയേഷന്‍ ഓഫ്‌ കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ്‌ AKMG യുടെ 2013 ലെ ഗ്ലോബല്‍ കേരളീയന്‍ അവാര്‍ഡാണ്‌ ഏറ്റവും ഒടുവില്‍ ലഭിച്ചത്‌. സ്വര്‍ണ്ണവ്യാപാരത്തിനോടൊപ്പം ഫുഡ്‌ബോള്‍ അടക്കമുള്ള കായിക വിനോദളോടൊക്കെ ബോബിക്ക്‌ പ്രത്യേക താത്‌പര്യമാണ് . ചെമ്മണ്ണൂര്‍ ഫുട്‌ബോള്‍ ടീം ബോബിയുടെ കായികപ്രേമത്തിന്റെ മകുടോദാഹരണമാണ് . കുംങ്‌ഫൂ, കരാട്ടേ തുടങ്ങിയ ആയോധനകലകളില്‍ പ്രാവീണ്യമുള്ള ബോബി, കാല്‍പ്പന്തുകളിയുടെ രാജാവ്‌ മറഡോണയുടെ പ്രശംസാപത്രനിരയായത്‌, ഡ്രിബിളിംഗിലെ മികവു പുറത്തുകാട്ടിയതിലൂടെയാണ് . പുതുതലമുറയിലെ പൊന്നും വിലയുള്ള താരം ലയണല്‍ മെസി ബോബിക്കും മറഡോണക്കും ഒപ്പം ചേര്‍ന്നത്‌ സ്വാഭാവികം മാത്രം. വൈവിധ്യവത്‌കരണത്തിന്റെ ഭാഗമായി ജൂവലറിക്കൊപ്പം മണി ട്രാന്‍സ്‌ഫര്‍ സംവിധാനത്തോടെ എക്‌സ്‌ചേഞ്ചുകള്‍ എന്നതാണ്‌ ബോബിയുടെ പുതിയ സംരംഭം. ബ്രിട്ടണ്‍, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളില്‍ പ്രവാസജീവിതം നയിക്കുന്ന ലക്ഷക്കണക്കിന്‌ ഇന്ത്യക്കാര്‍ക്ക്‌ നാട്ടിലേക്ക്‌ പണമയയ്‌ക്കാനുള്ള സംവിധാനത്തിന്‌ ഒരു പുതിയ പാത അതാണ്‌ ബോബി ലക്ഷ്യമിടുന്നത്‌. ഒപ്പം ചെമ്മണ്ണൂര്‍ ജൂവലറിക്ക്‌ ലോകത്താകെ ഫ്രൈഞ്ചൈസികള്‍. വ്യാവസായിക രംഗത്തെ മികവിനൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കാട്ടിയ അര്‍പ്പണ മനോഭാവം കൂടി കണക്കിലെടുത്താണ്‌ ബോബിക്ക്‌ ഗ്ലോബല്‍ കേരളീയന്‍ അവാര്‍ഡ്‌ നല്‍കിയത്‌. വ്യവസായിയും മനുഷ്യസ്‌നേഹിയുമായ ബോബിയുടെ പ്രവര്‍ത്തനങ്ങള്‍ `നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കൂ’ എന്ന ബൈബിള്‍ വചനവും, `സ്‌നേഹിക്കയില്ല ഞാന്‍ നോവും ആത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്‌ത്രത്തേയും എന്ന കവി വചനവും മനുഷ്യമനസുകളില്‍ ആഴ്‌ന്നിറങ്ങാന്‍ സഹായിക്കുന്നവയാണ്‌. ശുഭ്രവസ്‌ത്രധാരിയായി നമ്മുടെ മുന്നിലെത്തുന്ന ബോബി ചെമ്മണ്ണൂര്‍ വിശ്വമലയാളി പൗരനായി നന്മയുടെ സന്ദേശം ലോകമെങ്ങും പരത്താന്‍ നമുക്കിടയില്‍ തന്നെയുണ്ടാകട്ടെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.