You are Here : Home / USA News

വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അസംബ്ലി : ഇന്ത്യന്‍ സഭകളുടെ ആലോചനായോഗം ബാംഗ്ലൂരില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, September 04, 2013 01:32 hrs UTC

ന്യൂയോര്‍ക്ക്: ദക്ഷിണകൊറിയയിലെ ബുസാനില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (ഡബ്ല്യുസി.സി) അസംബ്ലിക്ക് മുന്നോടിയായുള്ള ഇന്ത്യന്‍ സഭകളുടെ ആലോചനായോഗം ബാംഗ്ലൂരില്‍ നടന്നു. മത,ജാതി, കളര്‍, ക്ലാസ്, ലിംഗ, വംശ ചിന്തകള്‍ക്കതീതമായി, ജീവിതത്തെ അതിന്റെ പൂര്‍ണതയിലും ചലനാത്മകതയിലും തീക്ഷ്ണതയിലും ആഘോഷിക്കേണ്ടതിന്റെ പ്രാധാന്യത്തിലൂന്നിയായിരുന്നു പ്രധാനമായും ചര്‍ച്ചകള്‍, നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ (എന്‍.സി.സി.ഐ)യുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എഴുപതോളം, വിവിധ സഭാനേതാക്കള്‍ പങ്കെടുത്തു. ""ജീവന്റെ നാഥാ, ഞങ്ങളെ നീതിയിലേക്കും സമാധാനത്തിലേക്കും നയിക്കുക'' എന്നതാണ് ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ എട്ടുവരെ നടക്കുന്ന പത്താമത് ഡബ്ല്യു.സി.സി അസംബ്ലിയുടെ പ്രതിപാദ്യ വിഷയം. അസംബ്ലി തീം അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ബാംഗ്ലൂര്‍ സമ്മേളനം ഇന്ത്യന്‍ സഭകള്‍ നേരിടുന്ന പ്രശ്‌നങ്ങളും എക്യുമെനിക്കല്‍ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്തു.

യോഗത്തില്‍ പ്രസംഗിച്ച സാമൂഹിക പ്രവര്‍ത്തകര്‍, നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പോരാട്ടത്തില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെകുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിച്ചു. ആശ്വാസകരമായ ജീവിതത്തിനും അഭിവൃദ്ധിക്കും വേണ്ടി മാത്രമല്ല ദൈവത്തിന്റെ മുഴുവന്‍ സൃഷ്ടികളുടെയും പൂര്‍ണതയ്ക്കുവേണ്ടിയാണ് സമാധാനവും നീതിയും നടപ്പാക്കേണ്ടതെന്ന് എന്‍.സി.സി.ഐ പ്രസിഡന്റ് ബിഷപ്പ് ഡോ. താരാനാഥ് സാഗര്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. വിവിധ പ്രതിസന്ധികളില്‍ ലോകം നട്ടം തിരിയുന്നതിനിടെ ലോകത്തിന് പുതുമാതൃകകള്‍ പകര്‍ന്നു കൊടുക്കാന്‍ വിളിക്കപ്പെട്ടവരാണ് നാമോരോരുത്തരുമെന്ന് കൊല്‍ക്കത്താ ബിഷപ്പ്‌സ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. സുനില്‍ എം. കാലെബ് പറഞ്ഞു. അടിയുറച്ച ആധ്യാത്മികത കൊണ്ടും ജീവന്റെ നാഥനായ ദൈവത്തിലുള്ള ആശ്രയത്വം കൊണ്ടും മാത്രമേ തിന്മയുടെ ശക്തികളെ എതിര്‍ക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

ഒഡീഷയില്‍ കോടിക്കണക്കിന് ഡോളറിന്റെ സ്റ്റീല്‍, പോര്‍ട്ട് പ്രോജക്ട് പ്ലാനിടുന്ന ദക്ഷിണ കൊറിയയില്‍നിന്നുള്ള "പോഹ്ംഗ് അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി(Posco) യോട് പദ്ധതിയില്‍ നിന്ന് പിന്‍മാറാനാവശ്യപ്പെടാന്‍ ഡബ്‌ള്യു സി.സിയും എന്‍.സി.സി.ഐയും മുന്‍കൈയെടുക്കണമെന്ന് ഒഡീസയിലെ സാമൂഹിക പ്രവര്‍ത്തകനായ ധീരേന്ദ്ര പാണ്ഡ ആവശ്യപ്പെട്ടു. അന്തര്‍ദേശീയ കാര്യങ്ങളെ കുറിച്ചുള്ള ഡബ്ല്യു സി.സിയുടെ സഭാ കമ്മിഷന്‍ ഡയറക്ടര്‍ ഡോ. മാത്യൂസ് ജോര്‍ജ് ചുനക്കര, ബുസാന്‍ അസംബ്ലിയെകുറിച്ച് പുതുചിന്തകള്‍ പങ്കുവച്ചു. എന്‍.സി.സി.ഐ ജനറല്‍ സെക്രട്ടറി റവ. ഡോ. റോജര്‍ ഗെയ്ക് വാദ് അസംബ്ലിയില്‍ ഇന്ത്യന്‍ പ്രതിനിധികളുടെ ചുമതലകളെക്കുറിച്ചു പറഞ്ഞു. ഫാ. ജേക്കബ് ജോസഫ് -മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സെമിനാരി ഉദയഗിരി, ഡോ. ആവാലാ ലോംഗ് കുമര്‍ -വനിതാ തിയോളജിയന്‍, റവ. ചന്ദ്രമാണി ഖന്ന -നോര്‍ത്ത് ഇന്ത്യാ ജമ്മു കാഷ്മീര്‍ ചര്‍ച്ച് പാസ്റ്റര്‍, തമിഴ്‌നാട് ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് വിരുദ്ധ പ്രചാരണ പ്രവര്‍ത്തകരായ സുന്ദരി, മല്‍ററ്റ്, റവ. ക്രിസ്റ്റഫര്‍ രാജ്കുമാര്‍ - എന്‍.സി.സിഐ എക്‌സിക്യൂട്ടീവ് സെക്രട്ടറി, ഡബ്ല്യു,.സി.സി പ്രോഗ്രാം എക്‌സിക്യൂട്ടീവ് -റവ. ഡോ. പീനിയല്‍ രാജ്കുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.