ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള സ്റ്റേജ്‌ഷോ `ബലിപുരാണ'ത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്‌റ്റംബര്‍ 14-ന് ശനിയാഴ്‌ച നവി മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് പ്രോഗ്രാമുകള്‍ക്ക് തുടക്കംകുറിക്കുക. ഓണസദ്യയെ തുടര്‍ന്ന് വൈകിട്ട് 6 മണിക്ക് `ബലിപുരാണം' അവതരിപ്പിക്കപ്പെടും. സുപ്രസിദ്ധ പിന്നണിഗായകനും, കവിയുമായ കാവാലം ശ്രീകുമാര്‍ ബലിപുരാണത്തിന്റെ ഭാഗമായി വേദിയിലെത്തുന്നു. പ്രജാതത്‌പരനും ധര്‍മ്മിഷ്‌ഠനുമായ അസുരചക്രവര്‍ത്തി മഹാബലി, ദേവലോകവും കൈയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ത്ഥന പ്രകാരം ഭഗവാന്‍ മഹാവിഷ്‌ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്തുകൊണ്ട് മൂന്നടി മണ്ണ് ചോദിച്ച് മഹാബലിയെ വഞ്ചിച്ച് പാതാളത്തിലേക്ക് ചവുട്ടി താഴ്‌ത്തിയെന്നും, മഹാബലി കേരളത്തിലെ തന്റെ പ്രജകളെ കാണുവാനായി എല്ലാവര്‍ഷവും തിരുവോണ നാളില്‍ നമ്മുടെ കേരളത്തിലെത്തുമെന്നുമാണല്ലോ ഐതീഹ്യം. ഈ ഐതീഹ്യത്തെ ആസ്‌പദമാക്കി ദേവിക രാജേഷ് തിരക്കഥ എഴുതിയ `ബലിപുരാണം' രാജേഷ് നായര്‍ സംവിധാനം ചെയ്യുന്നു. സ്റ്റേജ് സെറ്റിംഗ്‌സിന് ഏറെ പ്രാധാന്യമുള്ള ഈ നൃത്തനാടക ശില്‍പ്പത്തിന്റെ രംഗ സജ്ജീകരണം സുദര്‍ശന കുറുപ്പിന്റെ നേതൃത്വത്തിലും കലാ സംവിധാനം ഗിരീഷ് നായരുടെ നേതൃത്വത്തിലും പൂര്‍ത്തിയായിവരുന്നു. എല്ലാവര്‍ഷവും മിഷിഗണ്‍ മലയാളികള്‍ക്ക് പുതുമകള്‍ കാഴ്‌ചവെയ്‌ക്കുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ ഈവര്‍ഷവും മലയാളികള്‍ക്ക് കേട്ടുകേഴ്‌വി മാത്രമുള്ള `അസാല്‍ ഊഞ്ഞാല്‍' വേദിയിലെത്തിക്കുന്നു. അമ്പതില്‍പ്പരം കഴിവുറ്റ കലാകാരന്മാരെ അണിനിരത്തുന്ന ബലിപുരാണം മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ദൃശ്യവിരുന്നായിരിക്കുമെന്നും, മുത്തശ്ശിക്കഥകളും പുരാണങ്ങളും കേട്ടുകേഴ്‌വി മാത്രമായ നമ്മുടെ പുതിയ തലമുറയ്‌ക്ക് മലയാളത്തനിമ പകര്‍ന്നു നല്‍കുന്ന ഒന്നായിരിക്കുമെന്നും പ്രസിഡന്റ് മാത്യു ചെരുവില്‍, സെക്രട്ടറി മനോജ് ജെയ്‌ജി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ രാജ് കുട്ടി എന്നിവര്‍ അവകാശപ്പെട്ടു. സൈജന്‍ കണിയോടിക്കല്‍ അറിയിച്ചതാണിത്.
Comments