ലോസ് ആഞ്ചലസ്: ലോസ്‌ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു. ഓഗസ്റ്റ് 15 മുതല്‍ 26 വരെയായിരുന്നു തിരുനാള്‍ ആഘോഷങ്ങള്‍. 24-നും 25-നും ആയിരുന്നു പ്രധാന തിരുനാള്‍. 24-ന് ശനിയാഴ്‌ച വൈകുന്നേരം ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും നടത്തി. തുടര്‍ന്ന് നടത്തിയ കലാസന്ധ്യയില്‍ നൃത്ത-സംഗീത-ഹാസ്യ വിരുന്നൊരുക്കിയത് കലാഭവന്‍ റെഞ്ചിയും ടീമംഗങ്ങളും ആയിരുന്നു. തിരുനാളിന്റെ പ്രധാന ദിനമായ 25-ന് ലോസ് ആഞ്ചലസ് മുന്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ മഹോണി പങ്കെടുക്കുകയുണ്ടായി. ദൈവത്തില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തുന്ന ലൗകീക കാര്യങ്ങള്‍ ഒഴിവാക്കുകയും മറ്റുള്ളവരെ സേവിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം തന്റെ ആശംസാ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. റവ. സിബി നെല്ലൂര്‍ ആണ് തിരുനാള്‍ പാട്ടുകുര്‍ബാനയ്‌ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്. തിരക്കേറിയ നമ്മുടെ ജീവിതയാത്രയ്‌ക്കിടയില്‍ മറന്നുപോകാതെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് നമ്മുടെ വിശ്വാസമെന്നും ആ വിശ്വാസം അതിന്റെ പാരമ്പര്യത്തോടുകൂടി തന്നെ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുത്ത് അവരെ ദൈവമക്കളായി വളര്‍ത്തുകയും ചെയ്യണമെന്ന് അദ്ദേഹം തന്റെ തിരുനാള്‍ സന്ദേശത്തില്‍ ജനങ്ങളോട് ആഹ്വാനം ചെയ്‌തു. തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് ലദീഞ്ഞും പ്രദക്ഷിണവും ഉണ്ടായിരുന്നു. ഓഗസ്റ്റ് 26-ന് ഇടവകയിലെ മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാനയ്‌ക്കും അടുത്തവര്‍ഷത്തെ പ്രസിദേന്തി വാഴ്‌ചയ്‌ക്കുംശേഷം തിരുനാളിന് കൊടിയിറങ്ങി.
Comments