You are Here : Home / USA News

കാക്കിക്കുള്ളിലെ കാട്ടാള വര്‍ഗത്തെ കല്‍ത്തുറുങ്കിലടക്കണം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Sunday, September 08, 2013 03:11 hrs UTC

ജനാധിപത്യ ഭരണം നിലനില്‍ക്കുന്ന ഭാരത്തിന്റെ തേക്കേ കോണിലുള്ള ദൈവത്തിന്റെ സ്വന്തം നാടെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തില്‍ പോലീസിന്റെ അതിരുവിട്ട ക്രൂരതകള്‍ ആവര്‍ത്തിക്കുകയാണോ എന്നു തോന്നിപ്പിക്കുമാറ്, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ പോലീസ് സംഹാരതാണ്ഡവമാടിയത് മനുഷ്യമന:സ്സാക്ഷിയെ മുറിപ്പെടുത്തുന്നതാണ്. കേരള പോലീസിലെ ക്രിമിനലുകളുടെ ക്രൂരവിനോദത്തിന്റെ കഥകള്‍ കേരളീയര്‍ക്ക് മറക്കാവുന്നതല്ല. ചരിത്രത്തിന്റെ ഏടുകളില്‍ അവ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. പക്ഷേ, ആധുനിക യുഗത്തിലും കാടത്തം വിട്ടുമാറാത്ത പോലീസുകാരുണ്ടെന്നാണ് ഇപ്പോഴത്തെ സംഭവം തെളിയിക്കുന്നത്. തലസ്ഥാന നഗരിയിലെ മന്ത്രിമാരുടേയും ഉന്നത പോലീസ് അധികാരികളുടേയും മൂക്കിനു താഴെ മനുഷ്യത്വം മരവിച്ച ഒരു പോലിസുകാരന്റെ ചെയ്തികള്‍ മുഖ്യമന്ത്രി കണ്ടില്ല എന്നു നടിക്കുന്നത് അപഹാസ്യമാണ്. സര്‍ക്കാരിനെതിരെയും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളേയും ഭരണകൂടങ്ങളേയും, എന്തിനേറെ കോടതികളെയും വരെ ചോദ്യം ചെയ്യാനും എതിര്‍ക്കാനും പ്രതിഷേധിക്കാനും എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ടെന്നിരിക്കെ, മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചെന്ന കാരണം പറഞ്ഞ് പൗരന്മാരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന പോലീസുകാരെ യാതൊരു കാരണവശാലും സര്‍‌വീസില്‍ തുടരാന്‍ അനുവദിക്കരുത്. ഭരണകര്‍ത്താക്കള്‍ക്ക് സം‌രക്ഷണം നല്‍കേണ്ടത് പോലീസിന്റെ കടമയാണ്. പക്ഷേ, അത് പൗരന്മാരെ നിഷ്ക്കാസനം ചെയ്തുകൊണ്ടാകരുത് എന്നു മാത്രം. സോളാര്‍ കേസിന്‍റെ പേരില്‍ ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷം കേരളം സ്തംഭിപ്പിക്കുന്ന രീതിയില്‍‌വരെ കാര്യങ്ങള്‍ എത്തി. ആ സമരം അവസാനിപ്പിച്ചു എങ്കിലും, സംസ്ഥാനമൊട്ടാകെ പലവിധത്തില്‍ സമരമുറകള്‍ തുടര്‍ന്നുകൊണ്ടിരിക്കും എന്ന് പ്രതിപക്ഷം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അങ്ങനെയുള്ള ഒരു സമരവേദിയില്‍ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധിച്ചപ്പോള്‍ പ്രകോപനമുണ്ടാകുമെന്ന് മുന്‍‌കൂട്ടി കണ്ട് മുഖ്യമന്ത്രിയും കൂട്ടരും സം‌യമനം പാലിക്കുകയോ പോലീസിന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ ചെയ്യണമായിരുന്നു. തിരുവനന്തപുരത്ത് ആനയറയില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോള്‍ സമീപത്തുണ്ടായിരുന്ന പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരേ മുദ്രാവാക്യം മുഴക്കി കരിങ്കൊടി കാണിക്കുകയും അതു തടയാന്‍ ശ്രമിച്ച പോലീസിന്റെ കണ്ണുവെട്ടിച്ച് ഏതാനും പേര്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിക്കരികിലേക്ക് കടന്നതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. തുമ്പ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്പെക്റ്റര്‍ വിജയ ദാസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതു തടയാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ കൈയില്‍ അകപ്പെട്ട ജയപ്രസാദ് എന്ന യുവാവിനെയാണ് പോലീസ് വളഞ്ഞിട്ടു പിടിച്ച് മര്‍ദ്ദനമുറകള്‍ ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്രയും വരെ മാത്രമാണു സംഭവിച്ചിരുന്നതെങ്കില്‍ ഈ സംഭവത്തിന് ഇത്രയും വാര്‍ത്താ പ്രാധാന്യം ലഭിക്കുമായിരുന്നില്ല. എന്നാല്‍, ജയപ്രസാദിനെ വളഞ്ഞിട്ടു മര്‍ദ്ദിക്കുന്നതിനിടെ അയാളുടെ പാന്‍റ്സിന്‍റെ സിപ് തുറന്ന് ജനനേന്ദ്രിയത്തില്‍ ലാത്തി കൊണ്ട് കുത്തുകയും അടിയവയറും സ്വകാര്യ ഭാഗങ്ങളും ലാത്തികൊണ്ട് തല്ലിച്ചതക്കുകയും ചെയ്തത്രേ. തീര്‍ന്നില്ല, അവശനായി നിലത്തു വീണ ആ യുവാവ് വെള്ളത്തിനായി നിലവിളിച്ചപ്പോള്‍ അയാളെ ബൂട്സിട്ടു ചവിട്ടുകയായിരുന്നു പോലീസ് എന്നു പറയുന്നു. നിരായുധനായ ഒരു സാധാരണ മനുഷ്യന്‍റെ മേല്‍ ഈ ക്രൂരവിനോദം നടത്താന്‍ തക്ക കാടത്തമുള്ളവര്‍ ഉള്‍പ്പെട്ടതാണു കേരള പോലീസ് എന്ന് ഇതോടെ തെളിയുകയാണ്. ഇതാണ് കേരളത്തിലെ പോലീസ് സേനയെങ്കില്‍ അവരുടെ തലപ്പത്തിരിക്കുന്നവരുടെ സ്വഭാവമെന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. അടിയന്തിരാവസ്ഥക്കാലത്തുണ്ടായിരുന്ന പോലീസ് സേനയാണോ കേരളത്തില്‍ എന്ന് ഓര്‍ത്തുപോകുന്ന അവസ്ഥയാണിപ്പോള്‍ . അനേകം നിരപരാധികളെ നിര്‍ദ്ദാക്ഷിണ്യം കൊന്നൊടുക്കിയിട്ടുള്ള ആ കാലഘട്ടത്തിലേക്കാണോ ഉമ്മന്‍‌ചാണ്ടിയും തിരുവഞ്ചൂരും കേരളത്തെ കൊണ്ടുപോകുന്നതെന്ന് സംശയിച്ചുപോകുന്നു. അനേകരെ കള്ളക്കേസില്‍ കുടുക്കിയും അല്ലാതെയും പിടിച്ചുകൊണ്ടുപോയി അംഗവൈകല്യം വരുത്തുകയോ തല്ലിക്കൊല്ലുകയോ ഒക്കെ ചെയ്ത ആ നാളുകളില്‍ പോലീസിനെതിരെയും ഭരണകര്‍ത്താക്കള്‍ക്കെതിരെയും സമരം നയിച്ച് പൊതുജനശ്രദ്ധ നേടി എം.എല്‍ .എ.യും. മന്ത്രിയുമൊക്കെയായി ഇപ്പോള്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി തന്നെയാണ് ഈ പോലീസുകാര്‍ക്ക് ചൊല്ലും ചേലും കൊടുത്ത് വളര്‍ത്തുന്നതെന്നോര്‍ക്കണം. അദ്ദേഹം ഉള്‍പ്പെടെയുള്ള നേതാക്കള്‍ കാലങ്ങളായി പൊലീസ് സേനയില്‍ എത്രയെത്ര പരിഷ്കാരങ്ങള്‍ നടപ്പാക്കി. അരച്ചട്ടയിട്ട പൊലീസിനു മുഴുച്ചട്ട നല്‍കി നാണം മറച്ച ആഭ്യന്തര മന്ത്രി കൂടിയാണ് ഉമ്മന്‍ ചാണ്ടി. അതേ ഉമ്മന്‍ ചാണ്ടിയുടെ സുരക്ഷയുടെ പേരു പറഞ്ഞാണ് ഒരു സാധു യുവാവിനെ ചവിട്ടിയരച്ചത്. അതും പട്ടാപ്പകല്‍ നടുറോഡില്‍ !! അപ്പോള്‍ ജയിലിലും പോലീസ് സ്റ്റേഷനിലും എന്തായിരിക്കും അവസ്ഥ ? ജയപ്രസാദ് എന്ന യുവാവ് ആള്‍‌ക്കൂട്ടത്തിലൊരാള്‍ എന്നപോലെയാണ് സമരത്തില്‍ പങ്കെടുക്കാനെത്തിയത്. മാരകായുധങ്ങളോ ബോംബുകളോ ഒന്നും ഉണ്ടായിരുന്നില്ല. മുദ്രാവാക്യം വിളിച്ച് ആവേശം കയറിയപ്പോള്‍ ഇട്ടിരുന്ന കറുത്ത ഷര്‍ട്ട് ഊരി വീശി അത് പ്രകടിപ്പിക്കുകയും ചെയ്തു. ആ കറുത്ത ഷര്‍ട്ടുകൊണ്ട് ആരെയും ആക്രമിക്കാന്‍ അയാള്‍ക്കാവില്ല എന്ന സാമാന്യ ബുദ്ധി പോലീസിനില്ലാതെ പോയി. പോലീസിന്റെ വലയം ഭേദിച്ചാല്‍ തന്നെ അയാളെ കീഴ്‌പ്പെടുത്തി പിടിച്ചു പുറത്താക്കാന്‍ പോലീസിനു കഴിയുമായിരുന്നു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു, നിയന്ത്രിത മേഖലയില്‍ അതിക്രമിച്ചു കയറി, പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നിത്യാദി കുറ്റങ്ങള്‍ ചുമത്താനും, വേണ്ടിവന്നാല്‍ ഒരു തീവ്രവാദിയായി മുദ്യകുത്തി അയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും പൊലീസിന് വകുപ്പുകള്‍ എത്ര വേണമെങ്കിലുമുണ്ട്. കേരളത്തില്‍ പലയിടങ്ങളിലും ജനകീയ പോലീസ് സേവനം വ്യാപിപ്പിച്ചതുകൊണ്ട് പ്രയോജനം ആര്‍ക്കാണ്? അക്രമാസക്തരായ ജനങ്ങളോടു പോലും സൗമ്യമായി പെരുമാറുന്നതും അവരെ സമാധാനത്തിന്‍റെ മാര്‍ഗത്തിലെത്തിക്കുന്നതുമാണ് ജനകീയ പൊലീസിന്‍റെ ദൗത്യം. ജനമൈത്രി പൊലീസ് സ്റ്റേഷന്‍ എന്നു പേരെഴുതി വച്ച് കാട്ടാളന്മാരെ നിയമിച്ചതു കൊണ്ട് പൊലീസ് ഒരിക്കലും ജനകീയരാകില്ല. ക്വട്ടേഷന്‍ സംഘങ്ങളുടെ പോലും കൂട്ടാളികളായിരുന്ന് കുറ്റകൃത്യങ്ങള്‍ക്കു കൂട്ടു നില്‍ക്കുന്ന ക്രിമിനലുകള്‍ നിറഞ്ഞ പോലീസിനെ പിരിച്ചുവിടുകയും അവരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യാതെ അവരെ സേനയില്‍ വെച്ചുകൊണ്ടിരിക്കുന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് ആനയറയിലുണ്ടായ നരനായാട്ട്. ഇങ്ങനെയുള്ള ക്രിമിനല്‍ പോലീസുകാരെ സര്‍‌വീസില്‍ തുടരാന്‍ അനുവദിക്കാതിരിക്കുകയും, മനുഷ്യാവകാശ കമ്മീഷന്‍ പോലുള്ള ഏജന്‍സികള്‍ ശക്തമായി ഇടപെട്ട് പോലീസിന്റെ ഈ അതിരുകടന്ന ക്രൂരവിനോദങ്ങള്‍ക്ക് തടയിടുവാന്‍ ശ്രമിക്കുകയും വേണം. അതോടൊപ്പം, ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും ജയപ്രസാദ് എന്ന യുവാവിന്റെ കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുകയും വേണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.