ഡാലസ്: മലയാള ഭാഷ ഏറ്റവും നല്ല ഭാഷയാണെന്നും, ആശയങ്ങള്‍ ലളിതമായും വിശദമായും അവതരിപ്പിക്കുവാന്‍ ഇംഗ്ലീഷിനെക്കാള്‍ മികച്ചതാണെന്നും മലയാളത്തിന്റെ കാവ്യാചാര്യന്‍ പ്രൊഫ. മധുസൂദനന്‍ നായര്‍ പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ലു പ്രൊവിന്‍സ് സംഘടിപ്പിച്ച കാവ്യ സന്ധ്യയെ കാവ്യമയമാക്കിക്കൊണ്ടും ഓണത്തെപ്പറ്റിയുള്ള തന്റെ കവിത ചൊല്ലിക്കൊണ്ടുമാണ് അദ്ദേഹം ഇത് പറഞ്ഞത്. അഡ്വസൈറി ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ ഏലിക്കുട്ടി ഫ്രാന്‍സിസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ലാനാ മുന്‍ പ്രസിഡന്റും ഡാലസ് ലിറ്റററി സൊസൈറ്റിയുടെ നിലവിലുള്ള പ്രസിഡന്റും കൂടിയായ ഏബ്രഹാം തെക്കേമുറി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡാലസ്സിലെ സാഹിത്യ നായകന്മാര്‍ പങ്കെടുത്ത കാവ്യ പാരായണ പരമ്പര കവിയും ലാന ട്രഷററും കൂടിയായ ജോര്‍ജ് ഓച്ചാലില്‍ തന്റെ കവിത അവതരിപ്പിച്ച് തുടക്കം കുറിച്ചു. തുടര്‍ന്ന് ജോസഫ് നമ്പിമഠം, സി.വി ജോര്‍ജ്, മീനു എലിസബത്ത്, ജോസന്‍ ജോര്‍ജ്, പ്രീയാ ഉണ്ണികൃഷ്ണന്‍, പി.സി. മാത്യു, സിജോ മുതലായവര്‍ തങ്ങളുടെ കവിതകള്‍ അവതരിപ്പിച്ചു. ഡോ. മാണി സ്കറിയ അദ്ദേഹത്തിന്റെ തന്നെ 'ചണ്ഡി സംസ്കാരം' എന്ന കവിത അവതരിപ്പിച്ചത് ശ്രദ്ധേയമായി. ചപ്പുചവറുകളും, പ്ലാസ്റ്റിക് കൂമ്പാരങ്ങളും മലിനമ്മാക്കിക്കൊണ്ടിരിക്കുന്ന കേരളത്തിലെ പ്രകൃതിയുടെ വേദന ഉള്‍ക്കൊണ്ട് എഴുതിയതാണ് ഈ കവിതയെന്ന് മധുസൂദനന്‍ നായരുടെ സുഹൃത്തുകൂടിയായ ഡോ. മാണി പറഞ്ഞു. മാവേലിയുടെ സാന്നിധ്യവും അസ്സാന്നിധ്യവും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഓച്ചാലിന്റെയും നമ്പിമഠത്തിന്റെയും കവിതകള്‍ . വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റ് ഏലിയാസ് കുട്ടി പത്രോസ്, ഡാലസ് പ്രൊവിന്‍സ് വൈസ് ചെയര്‍ പേഴ്സണ്‍ ഷൈലാ പത്രോസ് എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു. ഏലിയാസ് നെടുവേലില്‍ പ്രസംഗിച്ചു. ഷാജി രാമപുരം പ്രൊഫ. മധുസൂദനന്‍ നായര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. ചെയര്‍മാന്‍ സുജിന്‍ കാക്കനാട്ട് സ്വാഗതവും, സെക്രട്ടറി സുജിത്ത് തങ്കപ്പന്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു. --
Comments