ഡിട്രോയിറ്റ്: ഡിട്രോയിറ്റ് കേരളാ ക്ലബിന്റെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 24-ന് ശനിയാഴ്‌ച വൈകിട്ട് 5 മണിക്ക് സീഹോം ഹൈസ്‌കൂളില്‍ വെച്ച് കൊണ്ടാടി. വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചു. കരവിരുതോടുകൂടി അണിയിച്ചൊരുക്കിയ അത്തപ്പൂക്കളം എല്ലാവരുടേയും അഭിനന്ദനം ഏറ്റുവാങ്ങി. കേരളാ ക്ലബ് പ്രസിഡന്റ് അരുണ്‍ ദാസിന്റെ സ്വാഗത പ്രസംഗത്തോടുകൂടി ഓണാഘോഷത്തനോടനു ബന്ധിച്ചുള്ള സമ്മേളനത്തിന് തുടക്കം കുറിച്ചു. മുഖ്യാതിഥിയായ ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. എം. ഗോപാലകൃഷ്‌ണന്‍ ഓണാശംസ നല്‍കി. ഷിബു മാത്യൂസ് എം.സിയായിരുന്നു. തിരുവാതിരകളി, മോഹിനിയാട്ടം, ഓണം ടാബ്ലോ, ചെണ്ടമേളം, ഓണപ്പാട്ടുകള്‍ എന്നിങ്ങനെയുള്ള നാടന്‍ കലകളോടൊപ്പം സംഗീതവും നൃത്തവുമായി ഡിട്രോയിറ്റിലെ അനേകം കലാകാരന്മാരും കലാകാരികളും രംഗത്തെത്തി. ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് 2014 ജൂലൈ മാസത്തില്‍ ഷിക്കാഗോയില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ കണ്‍വെന്‍ഷന്റെ കിക്ക്‌ഓഫ് മറിയാമ്മ പിള്ളയും, ഫൊക്കാനാ ട്രഷറര്‍ വര്‍ഗീസ് പാലമലയിലും ചേര്‍ന്ന് നടത്തി. ഫൊക്കാനാ ജോയിന്റ് സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ് (രാജന്‍), ഫൊക്കാനാ കിക്ക്‌ഓഫ് എം.സിയായിരുന്നു. കേരളാ ക്ലബ് പ്രസിഡന്റ് ബീന ചക്കുങ്കലിന്റെ നന്ദി പ്രകാശനത്തോടുകൂടി അതിമനോഹരമായ ഓണാഘോഷത്തിന് തിരശീല വീണു. അരുണ്‍ ദാസ്, ബാബു കുര്യന്‍, ബീന ചക്കുങ്കല്‍, സുബാഷ് രാമചന്ദ്രന്‍, ജെയ്‌സണ്‍ ജോസ് എന്നിവര്‍ ഓണാഘോഷത്തിന് നേതൃത്വം നല്‍കി.
Comments