ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍ : "അറ്റത്തോളം നിങ്ങള്‍ എന്റെ സാക്ഷികള്‍ ആകുവില്‍" എന്ന കര്‍ത്തൃനിയോഗം ഏറ്റെടുത്ത മാര്‍ത്തോമ്മാ വിശ്വാസികള്‍ ഗ്രവാസികളായി വന്നെത്തിയ ദേശത്തും നിയോഗം അന്വര്‍ത്ഥമാക്കി. മലങ്കര മാര്‍ത്തോമ്മാ സുറിയാനിസഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി മെക്‌സിക്കോയില്‍ ആദ്യത്തെ ആരാധനാലയം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഭദ്രാസന രൂപീകരണത്തിന്റെ രജതജൂബിലി ആഘോഷിയ്ക്കുന്ന ഈ വര്‍ഷത്തെ അതിര്‍ത്തിക്കപ്പുറത്ത് പുതിയ ആലയവും, ആരാധനാ സംവിധാനങ്ങളും ആരംഭിക്കത്തക്കവിധം പുതിയ വിശ്വാസ സമൂഹം രൂപപ്പെടുട എന്നത് സാക്ഷ്യത്തെ കൂടുതല്‍ മികവുറ്റതാക്കുന്നു. 1970 കളില്‍ ആരംഭിച്ച കുടിയേറ്റത്തില്‍ നോര്‍ത്ത് അമേരിക്കയില്‍ വന്നുചേര്‍ന്ന മാര്‍ത്തോമ്മായുടെ മക്കള്‍ ചെന്നുചേര്‍ന്ന ഇടങ്ങളില്‍ വിശ്വാസപാരമ്പര്യം കൈമോശം വരാതെ കാത്തുസൂക്ഷിച്ചതിലൂടെ ഇടവകകളും കോണ്‍ഗ്രഗേഷനുകളും രൂപപ്പെട്ടു. 1988 ല്‍ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് എന്ന പേരില്‍ മാര്‍ത്തോമ്മാ സഭയ്ക്ക് ഒരു ഭദ്രാസനം ഉണ്ടായി. ഇപ്പോള്‍ 65 ഇടവകകളും 9 കോണ്‍ഗ്രിഗേഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മെക്‌സിക്കോ മിഷന്‍. 2003 ല്‍ ആരംഭിച്ച ഈ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മെക്‌സിക്കോയിലുള്ള മാത്തമോറസ് കേന്ദ്രീകരിച്ചാണ് നടത്തപ്പെടുന്നത്.
കോളോണിയ മാര്‍ത്തോമ്മാ എന്ന പേരിലുള്ള വികസന പ്രോജക്ടിലൂടെ തദ്ദേശീയരായ 45 കുടുംബങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗഭാക്കായി തീര്‍ന്നു. കുടുംബ പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍ പദ്ധതി, ആത്മീയ പരിപോഷണം എന്നിവയാണ് മെക്‌സിക്കോ മിഷനിലൂടെ ലക്ഷ്യമിടുന്നത്. ഓരോ കുടുംബത്തിനും വാസയോഗ്യമായ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കി. കൊളോണിയാ മാര്‍ത്തോമ്മായില്‍ ഒരു പ്രൈമറി സ്‌ക്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിയ്ക്കുന്നു. ഹൂസ്റ്റണില്‍ നിന്നുള്ള യുവജനങ്ങളുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും വി.ബി.എസ്, ക്രിസ്തുമസ് എന്നിവയും നടത്തിവരുന്നു. കൊളേണിയ മാര്‍ത്തോമ്മായിലുള്ള വിശ്വാസികളുടെ ക്രമമായ ആരാധനയ്ക്കും കൂടിവരവിനുമായി 2012 ല്‍ നിര്‍മ്മാണം ആരംഭിച്ച ദേവാലയം കൂദാശയ്ക്ക് സജ്ജമായിരിയ്ക്കുന്നു. ജൂബിലി ചാപ്പല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ദേവാലയം 2013 2013 ഒക്‌ടോബര്‍ 12ന് ശനിയാഴ്ച ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ ആശിര്‍വദിയ്ക്കുന്നതാണ്.
ജൂബിലി ചാപ്പല്‍ കൂദാശയോടനുബന്ധിച്ച് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ. സജു മാത്യൂ ജനറല്‍ കണ്‍വീനറായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നുവെന്നും ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്നും പബ്ലിസിറ്റി കമ്മറ്റി അംഗങ്ങളായ റവ. റോയി. എ. തോമസ്, സഖറിയാ കോശി എന്നിവര്‍ അറിയിച്ചു. അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് കടന്നുചെല്ലുന്ന ദൈവസ്‌നേഹത്തിന്റെ നിദര്‍ശനമാണ് ഈ ദേവാലയം. ഭാരതത്തിന് പുറത്ത് മാര്‍ത്തോമ്മാ സഭയുടെ മിഷനറി ദൗത്യത്തിന്റെ ഫലമായി രൂപം കൊള്ളുന്ന ആദ്യത്തെ വിശ്വാസസമൂഹവും ദേവാലയവുമാണ് മെക്‌സിക്കോയിലെ മാത്തമോറസിലുള്ള ജൂബിലി ചാപ്പല്‍.
Comments